Veena C
നമ്മുടെ അകന്ന ബന്ധുക്കൾ മിക്കവാറും എല്ലാവരും തന്നെ വെജിറ്റെറിയൻസാണ് എന്ന് അറിയാമോ. എന്നാൽ ചിലർ ഇടക്കൊക്കെ മാംസം കഴിക്കും. ഗോറില്ലകൾ, ചിമ്പാൻസികൾ ഒക്കെ ഇടക്ക് നോൺ-വെജ് കഴിക്കാറുണ്ട്. മിക്കവാറും പ്രാണികളും, ഉറുമ്പുകളുമൊക്കെയാണ് അവരുടെ നോൺവെജ് വിഭവങ്ങൾ! കൂടാതെ, ചിമ്പാൻസികൾ വല്ലപ്പോഴും വേട്ടയാടി ഒരൽപ്പം വലിയ ജീവികളെ, ഉദാഹരണത്തിന് ചെറുകുരങ്ങന്മാരെ ഒക്കെ കഴിക്കാറുണ്ട്. ആൾക്കുരങ്ങ് വർഗ്ഗത്തിൽ കൂടുതൽ മാംസം കഴിക്കുന്നത് നമ്മൾ മനുഷ്യരാണ് (നിങ്ങൾ ആൾക്കുരങ്ങല്ല എന്നൊന്നും പറഞ്ഞു ഒഴിഞ്ഞുമാറാൻ നോക്കണ്ട!). എന്തുകൊണ്ടായിരിക്കും നാം ഇത്രയും മാംസം കഴിക്കുന്നവരായി തീർന്നത്…നമ്മുടെ പൂർവ്വികർ സ്ഥിരമായി മാംസം കഴിച്ചുരുന്നു എന്നതു തന്നെ കാര്യം. സത്യത്തിൽ നമ്മുടെ ശരീരം സസ്യാഹാരം മാത്രമല്ല, മാംസം കൂടി കഴിക്കുന്ന വിധത്തിൽ പരിണമിച്ചതാണ്. നമ്മുടെ പൂർവ്വികർ മാംസം കഴിച്ചിരുന്നു എന്നതിനും, ഇന്നത്തെ മനുഷ്യർ അടിസ്ഥാനപരമായി മാംസാഹാരം കഴിക്കാൻ കഴിയുന്ന രീതിയിൽ പരിണമിച്ചുവന്നവരാണ് എന്നതിനും ചില തെളിവുകൾ നിരത്തുകയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നമ്മുടെ വല്യ, വല്യ, വല്യ, വല്യ…അപ്പൂപ്പനമ്മൂമ്മമാർ ആയിരുന്ന ആസ്ട്രാലോപിത്തിക്കാസ് വിഭാഗങ്ങൾ മുതൽ തുടങ്ങാം. ഇവർ ഏതാണ്ട് ഇന്നത്തെ ചിമ്പാൻസികളെ പോലെയായിരുന്നു ആകൃതിയിൽ. എങ്കിലും ഇവർക്ക് നിവർന്നു നടക്കാൻ സാധിച്ചിരുന്നു. കായ്കനികൾ തന്നെയായിരുന്നു ഭക്ഷണം. അതുകൂടാതെ, ആസ്ട്രാലോപിത്തക്കസ് (Australopithecus) വിഭാഗം എല്ലുകൾ പൊട്ടിച്ചു മജ്ജ കഴിച്ചിരുന്നു എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കല്ലുകൾ കൊണ്ട് അടിച്ച പാടുകളും പൊട്ടലുകളും ഉള്ള മൃഗങ്ങളുടെ എല്ലുകളുടെ ഫോസ്സിൽ നമുക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും പഴയതിന് ഇരുപതു ലക്ഷം വർഷമെങ്കിലും പഴക്കമുണ്ട് മറ്റു ജീവികൾ ഉപേക്ഷിച്ചുപോയ എല്ലുകൾ അവർക്ക് ധാരാളം ലഭിച്ചിരുന്നു. മജ്ജ കൂടാതെ അക്കാലത്ത് അവർ പ്രധാനമായും കഴിച്ചിരുന്ന മാംസാഹാരം മറ്റു ജീവികൾ ഉപേക്ഷിച്ചു ബാക്കിവന്ന മാംസം ആയിരുന്നിരിക്കണം. ചീഞ്ഞതും, ചീയാറായതും തുടങ്ങി, പുഴുക്കളെയും എല്ലാം അവർ ആസ്വദിച്ചിരുന്നിരിക്കണം. സ്വന്തമായി വേട്ടയാടൽ ഇവർക്ക് അന്യമായിരുന്നു. വേട്ടയാടൽ അത്ര എളുപ്പമല്ല. കാരണം, നല്ല ആയുധങ്ങൾ വേണം. അത്ര കാര്യമായ ആയുധങ്ങൾ ഒന്നുംതന്നെ അവരുടെ പക്കൽ ഇല്ലായിരുന്നു. കൂടിവന്നാൽ കല്ലുകൾ. അതുകൊണ്ട് എന്ത് കിട്ടാൻ. പരമാവധി കിട്ടിയിരുന്നത് എല്ലുകൾ പൊട്ടിച്ചാൽ അവക്കുള്ളിലെ മജ്ജ തന്നെ. ഇതുകൂടാതെ ഗോറില്ലകളെയും, ചിമ്പാൻസികളെയും പോലെ പ്രാണികളെയും, ഉറുമ്പുകളെയും ഒക്കെ അവർ ഭക്ഷിച്ചിക്കാൻ സാധ്യതയുണ്ട്. പിന്നീട് ഉരുത്തിരിഞ്ഞു വന്ന ഹോമോ വിഭാഗങ്ങൾ തീർച്ചയായും മജ്ജയും മാംസവും കഴിക്കൽ തുടർന്നിരിക്കണം. കാരണം അറിവുകളും ജീനുകളെ പോലെ തലമുറകളായി പടരുമല്ലോ. പ്രത്യേകിച്ചും അത്യാവശ്യമായിരുന്ന ഭക്ഷണം കണ്ടെത്താനുള്ള അറിവുകൾ. ആദ്യത്തെ ഹോമോ വിഭാഗമായ ഹോമോ ഇറക്ടസ് (Homo erectus) ധാരാളം മാംസം കഴിച്ചിരുന്നു. അവരുടെ ശരീരപ്രകൃതിയും മാംസം കഴിക്കുന്നവരുടെ പോലെ ആയിരുന്നു. കുറഞ്ഞത് ഒരു 16 ലക്ഷം വർഷങ്ങൾ മുൻപ് തുടങ്ങി ഈ വിഭാഗം ഉണ്ടായിരുന്നു. ഏതാണ്ട് ഒന്നര ലക്ഷം വർഷം മുമ്പുവരെ അവർ ജീവിച്ചിരുന്നു. ഭൂമിയിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന മനുഷ്യരും ഇവരായിരുന്നു. ആദ്യകാലത്തെ ഹോമോ ഇറക്ടസിനു വേട്ടയാടൽ അത്ര വശമില്ലായിരുന്നു. കാലം കഴിഞ്ഞതോടെ അവർ കൂടുതൽ മികച്ച ആയുധങ്ങൾ ഉണ്ടാക്കിത്തുടങ്ങി. ഉദാഹരണത്തിന് കല്ലുകൾ കൂർപ്പിച്ചു. പക്ഷെ ഇതൊന്നും വേട്ടയാടലിനെ കാര്യമായി സഹായിച്ചിരിക്കാൻ സാധ്യതയില്ല. കാരണം നന്നായി വേട്ടയാടണമെങ്കിൽ ദൂരെ നിന്ന് ആക്രമിക്കാൻ കഴിയുന്ന ആയുധം വേണം. ഹോമോ ഇറക്ടസ് തീ നിയന്ത്രിച്ച് ഉപയോഗിച്ചിരുന്നു എന്നാണു കരുതപ്പെടുന്നത്. ഇത് നാലുലക്ഷം വർഷം മുൻപ് സംഭവിച്ച കാര്യമാണ്. ചില ശാസ്ത്രജ്ഞർ പറയുന്നത് തീ നിയന്ത്രിച്ചു ഉപയോഗിക്കാൻ കഴിഞ്ഞത് വീണ്ടും കുറെ കഴിഞ്ഞാണ് എന്നാണ്. എന്തായാലും തീ ഉപയോഗിക്കാൻ പഠിച്ചതോടെ ചീഞ്ഞതും ബാക്കിവന്നതുമായ മാംസം അവർ ചുട്ടു തിന്നിരിക്കാം. ഇതോടെ പച്ചമാംസം കഴിക്കുന്ന സമ്പ്രദായം മെല്ലെ മെല്ലെ കുറഞ്ഞുവന്നു. വെന്ത മാംസം കഴിക്കാൻ തുടങ്ങിയതോടെ കൂടുതൽ മാംസം കഴിക്കാൻ കഴിയുന്ന സ്ഥിതിയായി. ഇത് മനുഷ്യന്റെ പരിണാമത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ കാര്യം നിങ്ങൾ വഴിയെ കാണും. കാലം കുറെ കഴിഞ്ഞു, വേറെയും പല മനുഷ്യവിഭാഗങ്ങൾ ഉരുത്തിരിഞ്ഞു. ഹോമോ നിയാണ്ടർത്താൽ, ഹോമോ സാപ്പിയൻസ് (ആധുനിക മനുഷ്യർ) എന്നിവ ഉദാഹരണങ്ങൾ. നിയാണ്ടർത്താലുകളും ഹോമോ സാപ്പിയൻസും ധാരാളം മാംസം ഭക്ഷിച്ചിരുന്നു. അവരെല്ലാം നായാടി മനുഷ്യരായിരുന്നു. സാപ്പിയൻസ് നിയാണ്ടാർത്താലുകളെ അപേക്ഷിച്ച് കൂടുതൽ നല്ല വേട്ടക്കാരായിരുന്നു. കാലം ചെല്ലും തോറും മനുഷ്യർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും പരിഷ്കൃതമായി വന്നു എന്നുകാണാം. കല്ലുകളിൽ നിന്നും എല്ലുകളിലേക്കും, കുന്തങ്ങളിലേക്കും അവർ മാറി. കുന്തങ്ങൾ ഉപയോഗിച്ച് ദൂരെ നിന്ന് മൃഗങ്ങളെ ആക്രമിക്കാൻ സാധിച്ചത് വലിയ മൃഗങ്ങളെ വേട്ടയാടാൻ സഹായിച്ചു. ഏകദേശം 70,000 വർഷം മുൻപ് തന്നെ കുന്തങ്ങൾ ഉണ്ടാക്കിയിരുന്നു. വലിയ മൃഗങ്ങളെ വേട്ടയാടാൻ ആയുധം മാത്രം പോര; കൂട്ടമായ പ്ലാനിങ്ങും ആവശ്യമാണ്. സംസാരഭാഷ ഉണ്ടായിരുന്നത് അവരെ വേട്ടയാടൽ പ്ലാൻ ചെയ്യാനും, തെറ്റുകൾ തിരുത്താനും, പുതിയ ആശയങ്ങൾ പങ്കുവക്കുവാനും സഹായിച്ചിട്ടുണ്ടാകും. സംസാരഭാഷ ഉണ്ടായിരുന്നോ എന്നത് ഫോസിലുകളിൽ കാണുവാൻ സാധിക്കില്ല. എങ്കിലും, പതിനായിരം വർഷങ്ങൾ മുൻപ് മനുഷ്യർ കൃഷി തുടങ്ങുകയും കൂട്ടങ്ങളായി ജീവിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. അങ്ങനെ കൂട്ടമായി കാര്യങ്ങൾ ചെയ്യണമെങ്കിൽ അവിടെ ആശയങ്ങൾ പങ്കുവെക്കാൻ സംസാരഭാഷ ഉണ്ടായേ തീരൂ. എന്നുവച്ചാൽ സംസാരഭാഷ വളരെ മുൻപേ ഉണ്ടായിരുന്നു എന്നർഥം. കൃഷി തുടങ്ങിയപ്പോഴും അവർ മാംസം ഭക്ഷിക്കുന്നത് നിർത്തിയില്ല. എന്നു മാത്രമല്ല, മാംസാഹാരത്തിനു വലിയ പ്രാധാന്യവും ഉണ്ടായിരുന്നു. ദൈവങ്ങൾക്ക് ബലിയർപ്പിച്ചിരുന്നത് അവർക്ക് ഏറെ വിലപ്പെട്ട മാംസം ആയിരുന്നു എന്നത് നാം പുരാണഗ്രന്ഥങ്ങളിൽ വായിക്കുന്നതാണല്ലോ. ചുരുക്കത്തിൽ നമ്മുടെ അപ്പൂപ്പനമൂമ്മമാർ നന്നായി വേട്ടയാടിയിരുന്നു. മാംസം അവരുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെ ആയിരുന്നു. മനുഷ്യർ മാംസാഹാരം കഴിച്ചിരുന്നു എന്നതിന് വ്യത്യസ്തമായ പല തെളിവുകൾ നമുക്ക് മുന്നിലുണ്ട് അവയിൽ പ്രധാനമായത് ഫോസ്സിലുകളിൽ നിന്ന് വരുന്നതാണ്. മറ്റൊന്ന് ഇന്നത്തെ മനുഷ്യരുടെ ശരീരത്തിന്റെ (ദഹനവ്യവസ്ഥയുടെ) പ്രത്യേകതകളാണ്. ഇവ വിശദമായി നമുക്ക് പരിശോധിക്കാm ഫോസ്സിലുകളിൽ കാർബൺ-13/കാർബൺ-12 അനുപാതം പരിശോധിച്ചാൽ ഒരു ജീവി എന്ത് ആഹാരമാണ് കഴിച്ചിരുന്നതെന്ന് മനസിലാക്കാം. ഇതെങ്ങനെയെന്നു നോക്കാം. സസ്യങ്ങൾ കാർബൺ ഡയോക്സൈഡ് (CO2) മൂന്നുതരത്തിലാണ് ഉപയോഗിക്കുക. ഇതിനു C3, C4, CAM പ്രക്രിയകൾ എന്ന് വിളിക്കുന്നു. ഇത് പ്രകാശസംശ്ലേഷണ പ്രക്രിയയിലെ വിശദാംശങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന കാര്യമാണ്. പൊതുവേ ഈ പ്രക്രിയകളിൽ കാർബണിന്റെ ഭാരം കുറഞ്ഞ ഐസോട്ടോപ്പ് ആയ കാർബൺ-12 ആയിരിക്കും ഉപയോഗിക്കപ്പെടുക. കാർബണിന്റെ ഏറ്റവും കൂടുതലുള്ള ഐസോടോപ്പും ഇതു തന്നെ. എന്നാൽ ഉഷ്ണമേഖലയിലെ പുൽവർഗ്ഗങ്ങൾ ഉപയോഗിക്കുന്ന C4 പ്രക്രിയയിൽ കാർബൺ-13 എന്ന ഐസോട്ടോപ്പും ഉപയോഗിക്കും. അതിനാൽ പുല്ല് തിന്നുന്ന ജീവികളിൽ കാർബൺ-13 ഐസോട്ടോപ്പിന്റെ അളവ് ഒരൽപ്പം കൂടുതലായിരിക്കും. ഹോമോവർഗ്ഗങ്ങളുടെ ഫോസ്സിലുകൾ കാണിക്കുന്നത് അവരിൽ കാർബൺ-13 ന്റെ അളവ് സധാരണയിൽനിന്നും കൂടുതലായി ഉണ്ടായിരുന്നു എന്നാണ്. ഇതിനർത്ഥം അവർ പുല്ലുതിന്നു ജീവിച്ചു എന്നല്ല. കാരണം അവരുടെ ശരീരപ്രകൃതി പുല്ലുതിന്നുന്ന ജീവികളുടേത് പോലെയല്ല. (ഇതെന്താണെന്ന് വഴിയെ കാണും). ഇതിൽനിന്ന് മനസിലാക്കേണ്ടത് അവർ പുല്ലുതിന്നുന്ന ജീവികളെ വേട്ടയാടി ഭക്ഷിച്ചിരുന്നു എന്നാണ്. ഫോസിലുകളിലെ സ്ട്രോൺഷ്യം/കാത്സ്യം അനുപാതം പരിശോധിച്ചാലും ഒരു ജീവി മാംസാഹാരമാണോ അതോ സസ്യാഹാരമാണോ കഴിച്ചിരുന്നതെന്ന് മനസിലാകും. മാംസാഹാരം കൂടുതൽ കഴിക്കുന്ന ജീവികളിൽ താരതമ്യേന സ്ട്രോൺഷ്യം/കാത്സ്യം അനുപാതം കുറവായിരിക്കും. എന്നുവച്ചാൽ മാംസഭുക്കുകളെ, ഉദാഹരണത്തിന് പുലിയെയോ സിംഹത്തെയോ എടുത്തു പരിശോധിച്ചാൽ ഈ അനുപാതം താരതമ്യേന കുറവായിരിക്കും. എന്നാൽ സസ്യഭുക്കുകളെ, ഉദാഹരണത്തിന് പശുവിനെ പരിശോധിച്ചാൽ ഈ അനുപാതം കൂടുതലായിരിക്കും. ഹോമോ വിഭാഗങ്ങളുടെ ഫോസ്സിലുകളിൽ ഈ അനുപാതം കാണിക്കുന്നത് അവർ മിശ്രഭുക്കുകൾ ആയിരുന്നു എന്നതാണ്. ഉപാപചയ പ്രവർത്തനത്തിന്റെ വിശദാംശങ്ങൾ സസ്യഭുക്കുകൾക്കും മാംസഭുക്കുകൾക്കും ശരീരത്തിൽ ഉപാപചയ പ്രവർത്തനങ്ങളും, അതിനുള്ള അവയവങ്ങളും ജീവികളുടെ ആഹാരരീതിക്കനുസരിച്ച് പരിണമിച്ചു വന്നവയാണ്. ഇക്കാര്യത്തിൽ ഇന്നത്തെ മനുഷ്യർ, ചിമ്പാൻസികൾക്കും മാംസഭുക്കുകൾക്കും ഇടയിൽ വരുന്നവരാണ്. പൂർണ്ണമായും സസ്യഭുക്കുകൾ ആയ ജീവികൾക്ക് ധാരാളം അറകളുള്ള കുടലും, അതുപോലെ വലിയ വൻകുടലും ഉണ്ടായിരിക്കും. എന്നുവച്ചാൽ അവയുടെ വയറിന്റെ വലിപ്പം മൊത്തം ശരീരവലിപ്പത്തെ അപേക്ഷിച്ച് അത്ര ചെറുതായിരിക്കില്ല. ഇക്കാര്യം നിങ്ങൾക്ക് പശു, ആട് എന്നിങ്ങനെ നിങ്ങൾക്ക് ചുറ്റിലുമുള്ള ധാരാളം ജീവികളിൽ കാണാവുന്നതാണ്. കൂടുതൽ നാരുകൾ അടങ്ങിയ സസ്യാഹാരം കഴിക്കുന്ന ജീവികളിൽ ഈ പ്രത്യേകത കൂടുതലായിരിക്കും. വിവിധ ജീവികളുടെ ശരീരവലിപ്പവും കുടൽവ്യവസ്ഥയുടെ നീളവും തമ്മിലുള്ള താരതമ്യം പട്ടിക ഒന്നിൽ കാണുക. ഇതിൽ മനുഷ്യന്റെ സ്ഥാനം പൂർണ്ണ സസ്യഭുക്കുകളിൽ നിന്നും അകലെയാണെന്ന് കാണാം. മനുഷ്യന്റെ മൊത്തം കുടൽ വ്യവസ്ഥയുടെ നീളം പൂച്ച, നായ എന്നിവയുടേതിന് സമാനമാണ്. സമ്പൂർണ്ണ മാംസഭുക്കുകൾ ആയ ജീവികളിൽ കൂടുതൽ ശക്തമായ ആസിഡ് ഉള്ള കുടലും നീളമുള്ള ചെറുകുടലും ഉണ്ടാകും. മനുഷ്യന്റെ കുടൽ വ്യവസ്ഥ പൂർണ്ണമായും മാംസഭുക്കുകളുടെ പോലെയോ, അതുപോലെ സസ്യഭുക്കുകളുടെത് പോലെയോ അല്ല. എന്നാൽ നമുക്ക് അത്യാവശ്യം നീളമുള്ള ചെറുകുടലും അത്യാവശ്യം ശക്തമായ ആസിഡുകൾ ഉള്ള ആമാശയവുമുണ്ട്. അതായത് മാംസഭുക്കുകളോട് ഒരല്പം അടുത്താണ് നമ്മുടെ സ്ഥാനം. മാംസം ദഹിപ്പിക്കാൻ അത്യാവശ്യം വേണ്ട കാര്യങ്ങൾ നമുക്കുണ്ട്. വേവിച്ച മാംസം കഴിക്കാൻ ശീലിച്ചതായിരിക്കണം നമ്മുടെ ആമാശയം മാംസഭുക്കുകളെ പോലെ ആകാത്തത്. കാരണം വെന്ത മാംസം പെട്ടന്ന് ദഹിക്കും. അതിനു അത്ര ശക്തമായ ആസിഡുകൾ ഒന്നുംതന്നെ ആവശ്യമില്ല. ഇന്ന് വന്യമൃഗങ്ങൾ കഴിക്കുന്നത് പോലെ പച്ച മാംസം കഴിച്ചാൽ ദഹിക്കാൻ ബുദ്ധിമുട്ടാണ്. ഏതാണ്ട് നാലു ലക്ഷം വർഷം മുൻപ് തുടങ്ങി ഹോമോ ഇറക്ടസ് തീ നിയന്ത്രിക്കാൻ പഠിച്ചിരുന്നു എന്ന് പറഞ്ഞത് ഓർമ്മിക്കുമല്ലോ. മിക്കവാറും അക്കാലം മുതൽ തന്നെ വെന്ത മാംസവും മനുഷ്യർ ഭക്ഷിച്ചു തുടങ്ങിയിരിക്കും. അതിനെ തുടർന്ന് നമ്മുടെ ദാഹനവ്യവസ്ഥയിലും മാറ്റങ്ങൾ ഉണ്ടായി. ഒരുകാലത്ത് കാട്ടിൽ വേട്ടയാടി നടന്നിരുന്ന നമ്മുടെ പിതാമഹന്മാർക്ക് അത്ര വലിയ മസ്തിഷ്കം ഇല്ലായിരുന്നു. എങ്കിലും പൊതുവേ ആൾക്കുരങ്ങുകൾക്ക് അവയുടെ ശരീര വലിപ്പവുമായി തട്ടിച്ചു നോക്കിയാൽ മസ്തിഷ്കവലിപ്പം മറ്റുള്ള ജീവികളെ അപേക്ഷിച്ച് കൂടുതലാണ്. പൂർവ്വികരിൽ നിന്നും നമ്മളിലേക്ക് എത്തുമ്പോൾ മസ്തിഷ്കത്തിന്റെ വലിപ്പം കൂടിവന്നു. ചിമ്പാൻസിയുമായുള്ള പൊതുപൂർവ്വികനിൽ നിന്നും തിരിഞ്ഞത് തുടങ്ങി ഇന്ന് ആധുനിക മനുഷ്യൻ വരെ എത്തുമ്പോൾ, മസ്തിഷ്ക വലിപ്പം മൂന്നിരട്ടി കൂടിയിട്ടുണ്ട്. ഇങ്ങനെ മസ്തിഷ്കവലിപ്പം കൂടണമെങ്കിൽ പ്രധാനമായും രണ്ടുകാര്യങ്ങളാണ് വേണ്ടത്. 1. ധാരാളം അപൂരിത കൊഴുപ്പുകൾ (poly-unsaturated fatty acids) അടങ്ങിയ ഭക്ഷണം. നമ്മുടെ പൂർവ്വികർക്ക് ഇത് ധാരാളമായി ലഭിക്കണമെങ്കിൽ മാംസാഹാരം വേണ്ടിയിരുന്നു. സസ്യാഹാരത്തിൽ നിന്ന് ഇവ കാര്യമായി ലഭിക്കില്ല. കാട്ടുമൃഗങ്ങളുടെ മാംസം അത്ര കൊഴുപ്പ് ഇല്ലാത്തതാണ്. എന്നാൽ അത്യാവശ്യം അപൂരിത കൊഴുപ്പുകൾ ലഭിക്കുന്നവയുമാണ്.
- രണ്ടാമതായി വലിയ മസ്തിഷ്കത്തിന് ധാരാളം ഊർജ്ജം ആവശ്യമാണ്. ഇത്രയും ഊർജ്ജം ലഭ്യമാക്കാൻ ശരീരത്തിന്റെ മൊത്തം ഉപാപചയ പ്രവർത്തനത്തിന്റെ നിരക്ക് വർദ്ധിക്കണം. പക്ഷെ മനുഷ്യനെ സംബന്ധിച്ച് ഇത് ശരിയല്ല. മറ്റു സസ്തനികൾക്ക് ഉള്ള നിരക്ക് തന്നെയാണ് ശരീരവലിപ്പം അനുസരിച്ച് മനുഷ്യനുമുള്ളത്. മസ്തിഷ്കത്തിന് കൂടുതൽ ഊർജ്ജം ലഭ്യമാക്കാൻ മറ്റൊരു മാർഗ്ഗം, മറ്റുള്ള ഏതെങ്കിലും അവയവങ്ങൾ കുറച്ചു ഊർജ്ജം മാത്രം ഉപയോഗിക്കണം എന്നതാണ്. മനുഷ്യന്റെ കാര്യത്തിൽ ഇത് ശരിയാണ്. കുറഞ്ഞ കുടൽവ്യവസ്ഥ ഊർജ്ജം കുറച്ചേ ഉപയോഗിക്കൂ. അങ്ങനെ ബാക്കി വരുന്ന ഊർജ്ജം മസ്തിഷ്കത്തിന് ലഭിക്കും. പരിണാമപാതയിൽ ഈ വിധമുള്ള മാറ്റങ്ങൾ നമ്മളിൽ സംഭവിച്ചു. മനുഷ്യന് മാംസത്തിൽ നിന്നുമുള്ള ഇരുമ്പ് ആഗിരണം ചെയ്യാൻ കഴിയും. എന്നാൽ സസ്യഭുക്കുകൾക്ക് ഇത് സാധ്യമല്ല. മാംസാഹാരം സ്ഥിരമായി കഴിച്ചതിനാൽ ആയിരിക്കണം ഇത്തരമൊരു പ്രത്യേകത ഹോമോ ജനുസ്സിൽ വന്നിട്ടുണ്ടാകുക. ഇന്നത്തെ സസ്യാഹാരികളായ ആളുകളിലെ കുറഞ്ഞ അളവിലുള്ള വിറ്റാമിൻ ബി-12 കാണിക്കുന്നത്, ഈ വിറ്റാമിൻ ലഭിക്കാൻ മനുഷ്യർ മാംസാഹാരം ആശ്രയിച്ചിരുന്നു എന്നതാണ്.
മിശ്രഭുക്കുകളായ മനുഷ്യർ കൃഷി ധാരാളമായി തുടങ്ങിയ ശേഷം ഇന്നുവരെയുള്ള മനുഷ്യരിൽ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്. നാം കൂടുതൽ ധാന്യങ്ങൾ കഴിക്കുന്നവരായി. പക്ഷെ കൃഷി തുടങ്ങിയപ്പോൾ മനുഷ്യൻ മാംസാഹാരം കഴിക്കുന്നത് നിർത്തിയില്ല. എങ്കിലും നായാടി-മനുഷ്യർ കഴിച്ചിരുന്ന അത്രക്കും പ്രോട്ടീനും അപൂരിതകൊഴുപ്പും കൃഷിക്കാരനായി മാറിയ ഇന്നത്തെ മനുഷ്യർ കഴിക്കുന്നില്ല. കൃഷി തുടങ്ങിയത് തന്നെ ഈ സമീപകാലത്താണ്. അതായത് ഏകദേശം പതിനായിരം വർഷങ്ങൾ മുമ്പ് മാത്രം. അപ്പോൾ മുതൽ ഒരുകൂട്ടം ആളുകൾ സസ്യാഹാരം മാത്രം കഴിച്ചാലും, പരിണാമപരമായി ഈ ചെറിയ കാലം കൊണ്ട് പൂർണ്ണമായും സസ്യഭുക്കാകാനുള്ള ശാരീരികമാറ്റങ്ങൾ സംഭവിക്കാൻ സാധിക്കില്ല. ഇന്നത്തെ കടുത്ത സസ്യാഹാരികൾ അവരുടെ പൂർവ്വിക തലമുറകളിൽ എവിടെയോ വച്ച് ആചാരങ്ങളുടെ ഭാഗമായി മാംസം ഉപേക്ഷിച്ചവരാണ്. ചുരുക്കത്തിൽ അടിസ്ഥാനപരമായ നമ്മുടെ ഇന്നത്തെ ശാരീരിക-പ്രകൃതി സസ്യാഹാരം മാത്രമല്ല, മാംസാഹാരവും കഴിക്കാൻ പാകത്തിൽ പരിണമിച്ചു വന്നതാണ്