Tk Thomas അതി രുചികരമായ ഒരു മത്സ്യമാണ് സാൽമൺ എന്ന് പറഞ്ഞാൽ അത് ഒരിക്കലും അതിശയോക്തിയാകില്ല. സാൽമൺ മത്സ്യത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ടായിരുന്നെങ്കിലും ഞങ്ങൾ അതിനെ ശരിക്കും “കണ്ടെത്തുന്നത്”, ഒരു ദിവസം നമ്മുടെ സാധാരണ മീൻ മുളക് ചാറുകറിയിൽ തായ്ലാൻ്റിൽ നിന്ന് ടിന്നിൽ വരുന്ന തേങ്ങാപ്പാല് ശകലം ഒഴിച്ച് വിനയ പരീക്ഷിച്ചപ്പോഴാണ്. നാട്ടിലെ പാലുപിഴിഞ്ഞ് വച്ച മീൻകറി എന്ന് വേണമെങ്കിൽ പറയാം, പക്ഷേ, അമേരിക്കയിലെ ന്യൂ ഹാമ്പ്ഷയർ സംസ്ഥാനത്തെ ഒരു ചെറിയ പട്ടണത്തിൽ അന്ന് സംഘടിപ്പിച്ചെടുത്ത പരിമിതമായ ചേരുവകൾ കൊണ്ട് ഉണ്ടാക്കിയ സാൽമൺ കറി ഞങ്ങൾ കഴിച്ച ഏറ്റവും രുചികരമായ വിഭവങ്ങളിൽ ഒന്നായിരുന്നു. പിന്നെ സാൽമൺ ഞങ്ങളുടെ ആഹാരത്തിലെ ഒഴിച്ചുകൂട്ടാനാവാത്ത ഒരു കാര്യമായി. സാൽമണിൻ്റെ ലഭ്യത ഉറപ്പുവരുത്താൻ ഫ്രീസറിൽ അത് ധാരാളം ശേഖരിച്ചു വച്ചു, സാൽമണെ പിടിക്കാൻ വീടിന്നടുത്തും പുറത്തുമായി ധാരാളം പരിശ്രമിച്ചു. സാധാരണ കറിയിൽ നിന്ന് മുന്നേറി പിന്നീട് പല രീതികളിൽ സാൽമൺ പാചകം ചെയ്യാൻ പഠിച്ചു. കാലിഫോർണിയയിൽ പസഫിക് സമുദ്രത്തിൻ്റെ അടുത്തുതന്നെ ഞങ്ങൾ സ്ഥിരവാസമാക്കാൻ തീരുമാനിച്ചതിന് ഒരു കാരണം സാൽമണിൻ്റെ ലഭ്യതയാണെന്ന് ഏതാണ്ട് ഉറപ്പാണ് ???? അതിൻ്റെ രുചി ആയിരിക്കാം ഒരു പക്ഷേ ആ മത്സ്യത്തെക്കുറിച്ച് കൂടുതൽ അടുത്തറിയാൻ കാരണമായിട്ടുണ്ടാകുക. വിക്കിപീഡിയയിലും മറ്റും സാൽമണിക്കുറിച്ച് വായിച്ചറിയാൻ ഞാൻ ധാരാളം സമയം ചിലവഴിച്ചിട്ടുണ്ട്. അതിനെ പിടിക്കാനും അത് വളരുന്ന പുഴകളും സമുദ്രഭാഗങ്ങളുമൊക്കെ കാണാനും പിന്നീട് ഭാഗ്യമുണ്ടായി. കാലിഫോർണിയയിൽ മോണ്ടറേ, സാന്താക്രൂസ്, ബനീഷ്യ തുടങ്ങി പസഫിക് സമുദ്രത്തിൻ്റെ തീരത്തുള്ള പട്ടണങ്ങളിൽ നിന്ന് സാൽമൺ പിടിക്കാൻ ബോട്ട് പിടിച്ച് സമുദ്രത്തിലേക്ക് കൂട്ടുകാരോടൊത്ത് പോയ പല യാത്രകൾ എപ്പോഴും ഓർമകളിൽ മുൻവരിയിലാണ് സ്ഥാനം. കാലിഫോർണിയയ്ക്ക് വടക്ക്, സാന്തസമുദ്രതീരത്തുള്ള രണ്ടു സംസ്ഥാനങ്ങളാണ് ഓറിഗണും വാഷിംഗ്ടണും. ആ സംസ്ഥാനങ്ങളെ വിഭജിച്ച് ഒഴുകുന്ന കൊളംബിയ എന്ന വൻ നദിയിൽ ധാരാളം സാൽമണുകൾ ഇപ്പോഴും ഉണ്ട്, ബാക്കിയുള്ള മിക്കവാറും സ്ഥലങ്ങളിൽ മനുഷ്യരുടെ പ്രവർത്തനങ്ങൾ മൂലം (പ്രധാനമായും അണക്കെട്ടുകളും ജലമലിനീകരണവും കൊണ്ട്) ഈ മത്സ്യം വംശനാശം വന്നു കഴിഞ്ഞു. കൊളംബിയ നദിയിൽ സാൽമൺ പിടിക്കാനും ഓറിഗണിൽ സുലഭമായ ചെറിയ ബ്രൂവറികളിലെ ബിയർ കഴിക്കാനും കൂട്ടുകാരുടെയും അനിയൻ്റെയും ഒക്കെ ഒപ്പം പോയിട്ടുള്ള ട്രിപ്പുകൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്തതാണ്. (ബിയറുണ്ടാക്കാൻ ഉപയോഗിക്കുന്ന ഹോപ്പ് എന്ന പൂവ് ഓറിഗണിലെ ഒരു പ്രധാന വിളവാണ്, അതുകൊണ്ട് ആ സംസ്ഥാനത്തിന് അമേരിക്കയിൽ ഏറ്റവും നല്ല ബിയറുകൾ ഉണ്ടാക്കുന്ന സ്ഥലം എന്ന പെരുമ ലഭിക്കുന്നതിൽ അത്ഭുതമൊന്നുമില്ല.)
സാൽമണിൻ്റെ ജീവിതചക്രം വളരെ സങ്കീർണവും അതിന്നെക്കുറിച്ചുള്ള നമ്മുടെ അറിവ് അപൂർണ്ണവുമാണ്. സാൽമൺ ഉണ്ടാകുന്നത് നദികളുടെ ഉത്ഭവസ്ഥാനങ്ങളിൽ ചരലുകൾ നിറഞ്ഞ സ്ഥലങ്ങളിലാണ്. കുറച്ച് വലുതാകുന്നതുവരെ അവ നദിയിൽ തന്നെ ജീവിക്കും, പിന്നെ സമുദ്രത്തിലേക്ക് പോകും. അവിടെ വച്ചാണ് സാൽമൺ ശരിക്കും വലുതാകുന്നത്. സാൽമൺ പല ജനുസുകൾ ഉണ്ട്, കിംഗ് സാൽമൺ പോലെയുള്ള മത്സ്യങ്ങൾ 20 കിലോ വരെയൊക്കെ തൂക്കം വയ്ക്കും. പൊതുവേ വലിയ മത്സ്യങ്ങളാണ് സാൽമൺ. ഒരു സാൽമണിനെ ചൂണ്ടയിൽ പിടിച്ച് ബോട്ടിലേക്കോ കരയിലേക്കോ കയറ്റുക എന്നത് നിസ്സാരമായ കാര്യമല്ല. സാൽമണിനെക്കുറിച്ചുള്ള ഏറ്റവും അത്ഭുതകരമായ കാര്യം അത് ജനിച്ച് സ്ഥലത്തേക്ക് പ്രത്യുൽപ്പാദത്തിനു വേണ്ടി തിരിച്ചുവരും എന്നുള്ളതാണ്. എവിടെയാണ് ജനിച്ചതെന്ന് അവ ഓർത്തുവയ്ക്കുന്നതും അവിടേക്ക് തിരിച്ചു നീന്തിയെത്താനുള്ള വഴി എങ്ങനെ ആ തിരിച്ചു നീന്തുന്ന മത്സ്യങ്ങൾ അറിയുമെന്നുമുള്ളതുമൊക്കെ ശാസ്ത്രത്തിന് ഇനിയും വിശദീകരിക്കാൻ കഴിഞ്ഞിട്ടില്ല. പ്രകൃതിയെക്കുറിച്ച് നമ്മുടെ അറിവ് എത്ര തുച്ഛമാണെന്ന് സാൽമണിൻ്റെ മഹനീയമായ ജീവിതം നമ്മളെ ഓർമിപ്പിക്കുന്നു. ഇണയെ കണ്ടുപിടിച്ചാൽ പെൺ സാൽമൺ ചരലുകളിലെ കുഴികളിൽ ഇടുന്ന മുട്ടകളിൽ ആൺ സാൽമൺ തൻ്റെ ബീജം നിക്ഷേപിച്ച് പ്രകൃതി അവരെ ഏൽപ്പിച്ച ജോലി ഭംഗിയായി പൂർത്തീകരിക്കുന്നു. സമുദ്രത്തിൽ നിന്നുള്ള തിരിച്ചുവരവിൽ അവരുടെ ഏക ശ്രദ്ധ പ്രത്യുൽപ്പാദനമാണ്. ഏകാഗ്രതയോടെ, ഭക്ഷണം പോലും കഴിക്കാതെയുള്ള ആ നീണ്ടയാത്രയുടെ അവസാനം അവ അവശരായി ചത്തുവീഴും, അവരുടെ കുഞ്ഞുങ്ങൾക്കും മറ്റു ജീവികൾക്കും പോഷകാഹാരമായി ആ നദിയുടെ അടിത്തട്ടിൽ അവർ നിവർന്ന് കിടന്ന് വിശ്രമിക്കും.
പ്രകൃതിയിലെ ഏറ്റവും മനോഹരമായ ഒരു ജീവിതമാണ് സാൽമണിൻ്റേത്. പൂർണവും മനോഹരവും. സാൽമണിൻ്റെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്. മനുഷ്യൻ്റെ പുരോഗതി പല രീതികളിൽ സാൽമണിൻ്റെ അപചയത്തിലെത്തിച്ചു. പണ്ട് യൂറോപ്പിലും അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സുലഭമായിരുന്ന അറ്റ്ലാൻ്റിക് സാൽമൺ ഇന്ന് ഏതാണ്ട് തുടച്ചുനീക്കപ്പെട്ട നിലയിലാണ്. സാൽ മണിൻ്റെ ജീവിതം, മനുഷ്യൻ ഇടപെട്ടു തുടങ്ങിയത് മുതൽ, ഏതാണ്ട് ഭൂമിയുടെ ചരിത്രത്തിന് തുല്യമാണ് .
പ്രകൃതിയിലെ ഏറ്റവും പൂർണ്ണവും മനോഹരവുമായ ഒരു ജീവിതമാണ് സാൽമണിൻ്റേത്

77 Like
Comment
Share