അവിയൽ ഉണ്ടായതെങ്ങനെ ? ​കുറെ കഥകള്‍ ഉണ്ട്

അറിവ് തേടുന്ന പാവം പ്രവാസി എല്ലാം ഒരു അവിയല്‍ പോലെ ആയി എന്ന് തമാശയ്ക്കെങ്കിലും നമ്മള്‍ പറയാറുണ്ട്‌. ശരിക്കും, അവിയല്‍ എന്ന വാക്കിന്റെ അര്‍ത്ഥംതന്നെ ‘എല്ലാം കൂടിചേര്‍ന്നത്’ അല്ലെങ്കില്‍ ‘നന്നായി പാകം വന്നത് ‘ എന്ന് തന്നെയാണ്. സാധാരണയായി പലതരം പച്ചക്കറികള്‍ തേങ്ങയുംമറ്റും​ചേര്‍ത്ത് പാകം ചെയ്ത് അവിയല്‍ ഉണ്ടാക്കാം. പ്രാദേശിക വ്യത്യാസങ്ങള്‍ക്കനുസരിച്ച് ചെറിയ ചില വ്യതിയാനങ്ങള്‍ ഉണ്ടാവുമെന്നേയുള്ളൂ. അവിയല്‍ ഉണ്ടായതെങ്ങനെ എന്നതിനെക്കുറിച്ച്അവിയല്‍ പരുവത്തില്‍ തന്നെ ​കുറെ കഥകള്‍ ഉണ്ട് അവിയൽ എന്ന സ്വാദിഷ്ഠമായ വിഭവം കണ്ടുപിടിച്ചത് സ്വാതി തിരുനാളിന്റെ കൊട്ടാരത്തിലെ കവിയായ ഇരയിമ്മൻ തമ്പിയാണെന്നു പറയപ്പെടുന്നു . ഒരിക്കൽ കൊട്ടാരത്തിൽ ഒരു ഊട്ടു നടന്നപ്പോൾ കറി തികയാതെ വരികയുണ്ടായി . അപ്പോൾ രാജാവും പരിചാരകരും എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു . ബുദ്ധിമാനായ ഇരയിമ്മൻ തമ്പി പാചകശാലയിൽ പോയി നോക്കിയപ്പോൾ കണ്ടത് കറിക്ക് അരിഞ്ഞു കൂട്ടിയ പച്ചക്കറികളിൽ കുറെ ഭാഗങ്ങൾ വെറുതെ കളഞ്ഞിരിക്കുന്നതാണ് . തമ്പി ഉടനെ അവിടെക്കിടന്ന അരിഞ്ഞെറിഞ്ഞിരുന്ന പച്ചക്കറിയുടെ അവശിഷ്ടങ്ങളെല്ലാം പെറുക്കിയെടുത്ത് അതിൽ നിന്നും ഭക്ഷ്യയോഗ്യമായ ഭാഗങ്ങൾ വേർതിരിച്ചെടുത്തു .അവയെല്ലാം കൂടി ഏതാണ്ട് രണ്ടു വലിയ വട്ടികൾ നിറച്ചുണ്ടായിരുന്നു . അതിനെയെല്ലാം കൂടി ഒരു പാത്രത്തിലിട്ട് വേവിച്ച് എരിശ്ശേരി എന്ന കറിയുണ്ടാക്കാൻ ശ്രമിച്ചപ്പോൾ പാചകമറിയാത്ത ഇരയിമ്മനും ബന്ധുവായ ബ്രാഹ്മണനും കൂടിയുണ്ടാക്കിയത് വേറെയൊരു കൊഴുത്ത സാധനമായി . അവ ചോറിനു വിളമ്പിയപ്പോൾ , അതിന്റെ അസാധ്യരുചിയും മണവും കണ്ടു ആൾക്കാർ തമ്മിൽ പിടിവലിയായത്രേ . തമ്പുരാനും കുറെയധികം ഭക്ഷിച്ചു . പിന്നീട് ഈ സാധനംതന്നെ ഇരയിമ്മൻ തമ്പി അവിയൽ എന്ന് പേരിടുകയും അതിനെ നേരത്തെ ഉണ്ടാക്കിയ രീതിയിൽ ഒന്നുകൂടെ ഉണ്ടാക്കുകയും ചെയ്തു . അപ്പോൾ അത് മുമ്പത്തേതിനേക്കാൾ കൂടുതൽ രുചികരമായിത്തീർന്നു . അത്തരത്തിൽ അവിയലിന്റെ ജനനമുണ്ടായി . പണ്ട് പണ്ട് പാണ്ഡവരുടെ വനവാസ കാലത്ത് അവര്‍ വിരാട രാജ്യത്ത് വേഷപ്രഛന്നരായി കഴിയുകയായിരുന്നു. നമ്മുടെ ഭീമന്‍ ചേട്ടന്‍ ഒരു വെപ്പുകാരന്റെ വേഷത്തിലായിരുന്നത്രേ (അടുക്കളയില്‍ നിന്നും അടിച്ചു മാറ്റി കഴിക്കാന്‍ ​ഇതിലും ​പറ്റിയ വേഷംവേറെന്താ?​). പുള്ളിക്കാരന് പക്ഷെ തിന്നാന്‍ മാത്രമേ അറിയുമായിരുന്നുള്ളൂ. പാചകം അറിയാത്ത ഒരു ​പാചകക്കാരനായിരുന്നു പാവംഭീമന്‍. ഒന്നുമങ്ങോട്ടു ശരിയാവാതെ വന്നപ്പോള്‍ ഭീമന്‍ ഒട്ടു മിക്ക നവവധുക്കളുംചെയ്യുന്ന പണിയങ്ങു ചെയ്തു. കയ്യില്‍കിട്ടിയ പച്ചക്കറിയെല്ലാം കൊത്തിയരിഞ്ഞു വേവിച്ച് തേങ്ങയും ചേര്‍ത്തങ്ങു വിളമ്പി. അങ്ങനെയാണ് നമ്മുടെ അവിയല്‍ ഉണ്ടായതെന്ന് ഒരു പക്ഷം. ചിലര്‍ ഈ കഥ തന്നെ ചെറിയൊരു ഭേദഗതിയോടെ വിളമ്പും. വിരാട രാജാവിന് ഒന്നും വെറുതെ കളയുന്നത് ഇഷ്ടമായിരുന്നില്ല പോലും. പാചകശാലയില്‍ ബാക്കി വന്ന പച്ചക്കറികള്‍ വെറുതെ കളയുന്നത് കണ്ടപ്പോള്‍ രാജാവ് കുശിനിക്കാരനോട് അതെല്ലാം ഉപയോഗിച്ച് ഒരു വിഭവം ഉണ്ടാക്കാന്‍ ആജ്ഞാപിച്ചു. ഭീമന്‍ ആരാ ആള്?​. നമ്മുടെ ചില ഹോട്ടലുകാര്‍ചെയ്യുന്നതു പോലെ പുള്ളിക്കാരന്‍ എല്ലാം കൂടി ചേര്‍ത്ത് അവിയല്‍ അങ്ങുണ്ടാക്കി. എന്നാല്‍ ഇങ്ങനെയൊന്നുമല്ലാതെ വേറെയൊരു ഭീമന്‍ ട്രാജഡി -​കോമഡിക്കഥയും ഉണ്ട്. കൗരവന്‍ ഭീമനെ കൊല്ലാന്‍ ഒരു ഗംഭീര പദ്ധതി ഉണ്ടാക്കി. വിഷം കൊടുത്തിട്ട് വെള്ളത്തിലെറിയുകഎന്നായിരുന്നു ഉദ്ദേശം. സംഭവം ഭംഗിയായി അവര്‍ നടപ്പാക്കി. ഭീമന്റെ മരണാനന്തര സദ്യയുണ്ടാക്കാനും തുടങ്ങി. എന്നാല്‍ ഭീമന്‍ ആരാമോന്‍? ​നാഗങ്ങളുടെ സഹായത്തോടെ ഭീമന്‍ രക്ഷപെട്ടു. ഇതറിഞ്ഞ കൗരവര്‍അടിയന്തിര സദ്യ നിര്‍ത്തി വെച്ചു. പക്ഷേ ​സ്വന്തം മരണാനന്തര സദ്യയാണ് മാറ്റി വെച്ചതെന്ന് വല്ലതും ഭീമന്‍ ആലോചിക്കുമോ? ഭക്ഷണത്തോടുള്ള ആത്മാര്‍ത്ഥത ഭീമന്‍ കാണിച്ചത് മാറ്റി വെച്ച സദ്യവട്ടത്തില്‍ ബാക്കി വന്ന പച്ചക്കറികള്‍ വെച്ച് അവിയല്‍ ഉണ്ടാക്കിയാണത്രേ. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പ്രശസ്തമായ ​ഐതിഹ്യമാലയില്‍ അവിയലിനെക്കുറിച്ച് വേറൊരു രസകരമായ കഥയുണ്ട്‌ തിരുവിതാംകൂര്‍ മഹാരാജാവ് വര്‍ഷംതോറും നടത്തുമായിരുന്ന ഒരു വേദപഠന കൂട്ടായ്മയായിരുന്നു മുറജപം. നൂറു കണക്കിന് ബ്രാഹ്മണര്‍ ഈ കൂട്ടായ്മയില്‍ പങ്കെടുത്തിരുന്നു. വിഭവസമൃദ്ധമായ സദ്യയായിരുന്നു മുറജപത്തിന്റെ മറ്റൊരു പ്രത്യേകത. ഒരു തവണ മുറജപത്തിന്റെ അവസാന നാള്‍ പച്ചക്കറികളുടെ ക്ഷാമം നിമിത്തം കറികള്‍ ഉണ്ടാക്കാന്‍ കഴിയാതെ വന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഏതോ കൗശലക്കാരനായ കുശിനിക്കാരന്‍ തലേ ദിവസം ബാക്കി വന്ന പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞ് തേങ്ങയും ചേര്‍ത്ത് അവിയല്‍ ഉണ്ടാക്കി. മഹാരാജാവിന് അത് പെരുത്തിഷ്ടമായെന്നും അങ്ങനെ അവിയല്‍ മലയാളിയുടെ സദ്യവട്ടങ്ങളിലെ സ്ഥിരം അതിഥിയായെന്നും ഐതിഹ്യമാല പറയുന്നു. പോഷകാംശം കൂടുതലുള്ള കറിയായ അവിയല്‍ പാവയ്ക്ക ഒഴിച്ചുള്ള ഏതു പച്ചക്കറിയും ചേര്‍ത്ത് ഉണ്ടാക്കാവുന്നതാണ്. എരിവു കുറവുള്ളതായിരിക്കണം. പച്ചക്കറികള്‍ ഒരിഞ്ചു കനത്തില്‍ വിരല്‍ നീളത്തില്‍ അരിയുന്നു. തേങ്ങ, മഞ്ഞള്‍പ്പൊടി, മുളക് പൊടി, ജീരകം, പച്ചമുളക് എന്നിവ ചേര്‍ത്ത് അരയ്ക്കുന്നു. അരച്ച കൂട്ട് അധികം വെള്ളം ചേര്‍ക്കാതെ പച്ചക്കറിയില്‍ ചേര്‍ത്ത് അടപ്പ് വച്ച് തിളപ്പിച്ച്, വേവിച്ച് വറ്റിക്കുന്നു. വെളിച്ചെണ്ണയും തൈരും ഒഴിച്ചിളക്കിയാല്‍ അവിയല്‍ തയ്യാര്‍. തൈരിനു പകരം പുളി അരച്ചാലും മതിയാകും.വെള്ളരിക്ക, പടവലങ്ങ, കത്തിരിക്ക, ചീനി അമരയ്ക്ക, ഏത്തന്‍കായ, ചേന, പച്ചമുളക് എന്നിവയാണ് സാധാരണയായി അവിയലിനുപയോഗിക്കുന്ന പച്ചക്കറികള്‍.

77 Like Comment Share