സിദ്ദീഖ് പടപ്പിൽ മനം കുളിർക്കാൻ റൂഹ് അഫ്സ ഗൾഫ് രാജ്യങ്ങളിലെ ഷോപ്പിംഗ് സെന്ററുകളിൽ കൂറ്റൻ ഉയരത്തിൽ അടുക്കി വെച്ചിരിക്കുന്ന ചുവന്ന സർബത്ത് കുപ്പികളുടെ ഡിസ്‌പ്ലെ കണ്ടാല് നോമ്പ് കാലം അടുത്തു എന്ന് മനസ്സിലാക്കാം. പരമ്പരാഗത ശൈലിയിൽ ഇംഗ്ളീഷിലും ഉറുദു ഭാഷയിലും റൂഹ് അഫ്സ എന്ന് എഴുതി വെച്ചിരിക്കുന്ന ആ എഴുത്തിനും സർബത്തിനും പറയാനുണ്ട് രുചിയുടെ വിജയ ചരിത്രം. പഴയ ഡൽഹിയിലെ തുഗ്ലക്കബാദ് കോട്ടയ്ക്കടുത്തുള്ള ഇടവഴികളിൽ യുനാനി പാരമ്പര്യ ചികിത്സാ കേന്ദ്രം നടത്തിയിരുന്ന ഹക്കീം ഹാഫിസ് അബ്ദുൽ മജീദ് ആണ് റൂഹ് അഫ്സയുടെ ഉപജ്ഞാതാവ്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഉത്തരേന്ത്യയിലെ ചൂടിൽ നിന്ന് ശരീരത്തെ തണുപ്പിക്കുന്ന ഒരു യുനാനി മരുന്നിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനെയൊരു പാനീയം ഉണ്ടാക്കുന്നത്. കെന്റകി ചിക്കൻ, പെപ്സി കോള പോലെ റൂഹ് അഫ്സയുടെ ചേരുവകളുടെ അളവുകോലുകൾ ഇന്നും രഹസ്യമാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഉറുദു കവി പണ്ഡിറ്റ് ദയാ ശങ്കർ നസീം ലഖ്നവിയുടെ പ്രശസ്ത ഗ്രന്ഥമായ ‘മസ്നവി ഗുൽസാറെ നസീ’ മിൽ നിന്ന് കടമെടുത്ത വാചകമാണ് ‘റൂഹ് അഫ്സ’. ആത്മാവിനെ ഉദ്ദേജിപ്പിക്കുന്ന അല്ലെങ്കിൽ ആത്മപോഷിണി എന്നൊക്കെ അർത്ഥമാണ് ഉറുദു വാക്കായ റൂഹ് അഫ്സയ്ക്ക്. മിർസാ നൂർ അഹ്മദ് എന്ന പ്രശസ്ത ചിത്രകാരൻ ഡിസൈൻ ചെയിത പേരും ചിത്രവുമാണ് ഇന്നും റൂഹ് അഫ്സ പിന്തുടരുന്നത്. 1910 ലാണ് റൂഹ് അഫ്സയുടെ പരസ്യങ്ങളിൽ മിർസാ നൂറിന്റെ വരകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. കടുത്ത ചൂടിൽ ശരീരത്തിന് കുളിര് നൽകുന്ന റൂഹ് അഫ്സയുടെ മുഖ്യ ചേരുവ പഴങ്ങളുടെയും പൂക്കളുടെയും സത്തുകൾ തന്നെ. റോസാപ്പൂ, കെവ്ര, ചിക്കറി, ഉണക്ക മുന്തിരി, താമര, ആപ്പിൾ ചാറ് മുതൽ പൈനാപ്പിൾ വരെയുള്ള വിവിധയിനം ചേരുവകൾ അടങ്ങിയതാണ് റൂഹ് അഫ്സ. ഉത്തരേന്ത്യയിലെയും പാക്കിസ്ഥാനിലെയും പ്രിയപ്പെട്ട പാനീയമായ റൂഹ് അഫ്സ വെള്ളം ചേർത്തും പാല് ചേർത്തും ഫാലൂദയില് ഒഴിച്ചും ഉപയോഗിക്കുന്നു. ഗാസിയാബാദിലും ഗർഗാവിലുമുള്ള പ്ലാന്റുകളിൽ നിന്നാണ് ഇന്ത്യയിൽ റൂഹ് അഫ്സ നിർമ്മിക്കുന്നത്. 110 വർഷം മുമ്പുള്ള ചേരുവയിൽ ഒരു മാറ്റം വരുത്താതെ നിലനിർത്തി പോരുന്നതിന്റെ പിറകിൽ ഇന്നും പ്രവർത്തിക്കുന്നത് ഹക്കീം ഹാഫിസ് അബ്ദുൽ മജീദിന്റെ കുടുംബമാണ്. 1906 ല് ആരംഭിച്ച റൂഹ് അഫ്സയുടെ നിർമ്മാണം 1947 വരെ ഡൽഹിയിൽ ആയിരുന്നു. ഇന്ത്യാ പാക് വിഭജനം നടന്നപ്പോൾ മജീദിന്റെ ഇളയ മകൻ കറാച്ചിയിലേക്ക് കുടിയേറിയെങ്കിലും മൂത്ത മകൻ ഹക്കീം അബ്ദുൽ ഹമീദ് ഇന്ത്യയിൽ തുടരനാണ് താല്പര്യപ്പെട്ടത്. റൂഹ് അഫ്സയെ കൂടാതെ സാഫി എന്ന സിറപ്പും മറ്റു ആരോഗ്യ സംരക്ഷണ മരുന്നുകളും നിർമ്മിക്കുന്ന ഹംദർദ് ലബോറട്ടറിക്ക് രൂപം നൽകിയത് ഹക്കീം അബ്ദുൽ ഹമീദ് ആയിരുന്നു. ‘കഷ്ടതയിലെ കൂട്ടുകാരൻ’ എന്നാണ് ഹംദർദ് എന്ന ഉറുദു വാക്കിനർത്ഥം. കറാച്ചിയിലെത്തിയ മജീദിന്റെ മകൻ ഹക്കീം മുഹമ്മദ് സൈദ്, കറാച്ചിയിൽ ഹംദർദ് ഫൗണ്ടേഷൻ ആരംഭിച്ചു, ഇതേ ചേരുവകൾ ചേർത്ത് റൂഹ് അഫ്സ ഉണ്ടാക്കി തുടങ്ങി. പടിഞ്ഞാറൻ പാക്കിസ്ഥന്റെ ഹൃദയം കീഴടക്കി മുന്നേറിയ ഹംദർദിന്റെ മറ്റൊരു പതിപ്പ് ഈസ്റ്റ് പാക്കിസ്ഥാനിലെ ധാക്കയില് തുടക്കം കുറിച്ചതും ഹക്കീം മുഹമ്മദ് സൈദ് ആയിരുന്നു. പിന്നീട് പാക്-ബംഗ്ലാദേശ് വിഭജനം നടന്നപ്പോൾ ധാക്കയിലെ സ്ഥാപനവും ഫാക്ടറിയും കച്ചവടവുമെല്ലാം അതിലെ ജീവനക്കാരുടെ പേരില് എഴുതി കൊടുക്കുകയാണ് ഉണ്ടായതെന്ന് ഹക്കീം മുഹമ്മദ് സൈദ്ന്റെ മകളും ഹംദർദ് ഫൗണ്ടേഷൻ ഇപ്പോഴത്തെ പ്രസിഡന്റുമായ സാദിയാ റാഷിദ് പറയുന്നു. പാകിസ്ഥാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ നിഷാൻ-ഇ-ഇമ്ത്തിയാസ് പുരസ്‌കാരം നേടിയിട്ടുള്ള സൈദ് ഇടക്കാലത്ത് സിന്ധ് ഗവർണർ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാക്കിസ്ഥാനിൽ നിന്നാണ് പല വിദേശ രാജ്യങ്ങളിലേക്കും റൂഹ് അഫ്സ കയറ്റി അയക്കപ്പെടുന്നത്. റംസാൻ കാലങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത റൂഹ് അഫ്സ അറബികളുടെ തീൻ മേശയിലും താരമാണ്. ചൂട് കാലത്ത് പ്രതിദിനം മൂന്നു ലക്ഷം കുപ്പികൾ ഇന്ത്യയിൽ മാത്രം ഉൽപാതിപ്പിക്കുന്നുണ്ടത്രെ. ചേരുവകളുടെ ലഭ്യതക്കുറവ് മൂലം ചില സീസണുകളിൽ റൂഹ് അഫ്സ കിട്ടാക്കനിയാണ്.
മനം കുളിർക്കാൻ റൂഹ് അഫ്സ

77 Like
Comment
Share