സമൂസയുടെ പേരുള്ള കേരളത്തിലെ ഒരു ഗ്രാമം അറിവ് തേടുന്ന പാവം പ്രവാസി ????ഒരു വസ്തുവിന്റെയോ, സ്ഥാപനത്തിന്റെയോ പേരില്‍ ഒരു പ്രദേശത്തിന്റെ പേര് അറിയപ്പെടുന്നത് സര്‍വ സാധാരണമാണെങ്കിലും വിഭവത്തിന്റെ പേരില്‍ അറിയപ്പെടുന്നത് വിരളമായിരിക്കും. എന്നാല്‍ നാവിന്‍ തുമ്പില്‍ രുചിയുടെ രസക്കൂട്ട് തീര്‍ക്കുന്ന സമൂസയുടെ പേരില്‍ അറിയപ്പെടുന്ന പ്രദേശമാണ് സമൂസപ്പടി. മലപ്പുറത്തു നിന്നും കൂട്ടിലങ്ങാടി കീരം കുണ്ടുവഴി വളാഞ്ചേരിയിലേക്ക് പോകുന്ന ബസിലെ കിളി പഴമള്ളൂരെത്തുമ്പോള്‍ വിളിച്ചുപറയും, ‘‘സമൂസപ്പടി, സമൂസപ്പടി’’. സമൂസപ്പടിയില്‍ മൂളി നില്‍ക്കുന്ന ബസിലേക്ക് സമൂസ നിറച്ച ടിന്നുകളുമായി ആളുകള്‍ ഓടിക്കയറും. അതോടുകൂടി പഴമള്ളൂര്‍ സമൂസ ഗ്രാമാതിര്‍ത്തി കടന്ന് രുചിയുടെ വകഭേദം തീര്‍ത്ത് യാത്രയാവുകയാണ്. പഴമള്ളൂര്‍കാര്‍ക്ക് സമൂസയെന്നാല്‍ മൈദപ്പത്തിരി വേവിച്ച് മസാല ചേര്‍ത്ത പച്ചക്കറിയിട്ട് എണ്ണയില്‍ മൂപ്പിച്ചെടുത്ത ഒരു പലഹാരം മാത്രമല്ല. ഒരു ഗ്രാമത്തിന്‍റെ സമ്പാദ്യം കൂടിയാണ് ഈ പലഹാരം. മലപ്പുറം ജില്ലയിലെ പഴമള്ളൂര്‍ ഗ്രാമം ഉണരുന്നത് സമൂസയുടെ ഗന്ധമനുഭവിച്ചുകൊണ്ടാണ്. ഈ ഗ്രാമത്തിലെ മിക്ക വീട്ടുകാരും സമൂസ നിര്‍മ്മാണത്തില്‍ തത്പരരാണ്.സമൂസയുടെ പേരില്‍ അറിയപ്പെടുന്നതില്‍ അഭിമാനിക്കുന്നവരാണ് ഗ്രാമനിവാസികള്‍. പഴമള്ളൂര്‍ സമൂസയുടെ രുചി മലപ്പുറത്ത് മാത്രമല്ല കോഴിക്കോടും , പാലക്കാടും , കണ്ണൂരും പ്രസിദ്ധം തന്നെ. പഴമള്ളൂരിന്‍റെ പകലുകളും , രാത്രികളും സമൂസ നിര്‍മ്മാണത്തിന്‍റെ തിരക്കിലാണ്. പഴമള്ളൂരിലെ പല വീടുകളും സമൂസ കമ്പനികളാണ്. ഇവയില്‍ എല്ലാ വീടുകളും എപ്പോഴും സജീവം തന്നെ. സമൂസ ഉണ്ടാക്കാന്‍ ഒരുപാട് പണികളുണ്ട്. വലിയ ഉള്ളി (സവാള) തൊലി കളഞ്ഞ് അരിഞ്ഞുണ്ടാക്കണം. കാബേജും, കാരറ്റും , ബീറ്റുറൂട്ടും , ഉരുളക്കിഴങ്ങും പകല്‍ വെളിച്ചത്തിലേ തയ്യാറാക്കി വയ്ക്കണം. നാലായിരം വരെ സമൂസകളുണ്ടാക്കുന്ന വീടുകളില്‍ കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ചിരുന്നാല്‍ പകല്‍ സമയത്തെ മൂന്നു നാലു മണിക്കൂറിന്‍റെ അദ്ധ്വാനം. സ്കൂള്‍ വിട്ടെത്തുന്ന കുട്ടികള്‍ വരെ ഈ ജോലിയില്‍ മുഴുകുന്നു. സന്ധ്യയോടെ ധാന്യപ്പൊടി അരിച്ചെടുക്കുന്ന പണിയായി. മൈദ ഉപ്പുചേര്‍ത്ത് കുഴച്ച് ചെറിയ ഉരുളകളാക്കും. വലിയ വട്ടത്തില്‍ പരത്തിയെടുക്കുന്ന പത്തിരികള്‍ അടുപ്പത്ത് പൊറോട്ടക്കല്ലില്‍ എണ്ണ പുരട്ടി വാട്ടിയെടുക്കുന്ന ജോലി പുരുഷന്മാരുടേതാണ്. ഈ പത്തിരികള്‍ കഷണങ്ങളാക്കി മുറിച്ചെടുത്ത് അടുക്കാക്കാം. മുറിച്ചൊരുക്കിയ പലവകകള്‍ കറിമസാലയും ,ഏലവും ചേര്‍ത്ത് മസാലയാക്കി മാറ്റും. പുലര്‍ച്ചെ മൂന്നു മണിയോടെ വീണ്ടും ജോലിയായി. മുറിച്ചെടുത്ത പത്തിരികള്‍ മസാല നിറച്ച് സമൂസയുടെ രൂപത്തില്‍ മടക്കുന്നത് ശ്രമകരമായ ജോലിയാണ്. വലിപ്പം ഏറരുത്. മസാല കൂടുകയുമരുത്. കല്യാണങ്ങളും സത്കാരങ്ങളും വരുമ്പോള്‍ പഴമള്ളൂര്‍ സമൂസയ്ക്ക് ഡിമാന്‍റ് കൂടും. പഴമള്ളൂര്‍ എന്ന ഗ്രാമത്തിന്‍റെ വളര്‍ച്ച സമൂസ വ്യാപാരവുമായി ബന്ധപ്പെട്ടതാണ്. സമൂസ കച്ചവടത്തിലൂടെ ജീവിത നിലവാരം ഉയര്‍ന്നു. നാട്ടിലൊരുപാട്പേര്‍ക്ക് പണികിട്ടി. തിളച്ചു മറിയുന്ന എണ്ണയില്‍ മസാല നിറച്ച പത്തിരിക്കഷണങ്ങള്‍ പൊരിയുമ്പോള്‍ ഒരു ഗ്രാമം അതിലൂടെ ജീവിക്കുകയാണ്. പഴമള്ളൂര്‍ സമൂസയുടെ രുചിയിലൂടെ ഒരു ദേശം അതിന്‍റെ അതിര്‍ത്തി കടന്ന് പ്രസിദ്ധമാവുകയാണ്. നോമ്പുതുറയിലെ പതിവു വിഭവമാണ് സമൂസ. നാവിന്റെ എല്ലാ കോണിലും രുചിമേളം തീർക്കുന്ന ഈ ത്രികോണം തയാറാക്കാനുള്ള തിരക്കിലാണ് പഴമള്ളൂരിലെ സമൂസപ്പടി. തൊണ്ണൂറോളം വാഹനങ്ങൾ എല്ലാ ദിവസവും സമൂസയുൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളുമായി സമൂസപ്പടിയിൽ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. കുറുവ പഞ്ചായത്തിലെ പഴമള്ളൂരിൽ ഉൾപ്പെട്ട ഈ പ്രദേശത്തിനു സമൂസപ്പടി എന്ന പേരു വന്നതിനു പിന്നിൽ ഒരു കഥയുണ്ട്.ഏകദേശം 40 വർഷങ്ങൾക്കു മുൻപ് വരിക്കോടൻ കുഞ്ഞമ്മുവാണ് സമൂസയെന്ന വിഭവത്തെ നാട്ടുകാർക്ക് പരിചയപ്പെടുത്തിയത്. ഹൈദരാബാദിൽ പാചകക്കാരനായി ജോലി ചെയ്തിരുന്നയാളായിരുന്നു അദ്ദേഹം. സമൂസ നിർമാണം അദ്ദേഹത്തിൽനിന്നു പഠിച്ചെടുത്ത നാട്ടുകാർ അതു തങ്ങളുടെ പ്രധാന തൊഴിൽ മേഖലയാക്കി മാറ്റി. ബസുകളിലൂടെയായിരുന്നു സമൂസ അന്നു മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്. ബസുകൾ ഇവിടെയെത്തുമ്പോൾ സമൂസ നിറച്ച തകരടിന്നുകൾ അതിലേക്കു കയറ്റി വയ്ക്കും. സമൂസ കയറ്റാനുള്ള സ്റ്റോപ് എന്ന നിലയ്ക്ക് പിന്നീട് സമൂസപ്പടി എന്ന പേരിൽ സ്ഥലം അറിയപ്പെടുകയായിരുന്നു.ആദ്യകാലത്ത് സമൂസ മാത്രം നിർമിച്ചിരുന്ന യൂണിറ്റുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ചപ്പാത്തി, പൊറോട്ട എന്നിങ്ങനെയുള്ള വിവിധ വിഭവങ്ങൾ മൊത്ത വിതരണത്തിനായി തയാറാക്കുന്ന യൂണിറ്റുകളാണുള്ളത് .നോമ്പു കാലമായാല്‍ ആളുകള്‍ വൈകുന്നേരങ്ങളില്‍ ഈ ചെറിയ അങ്ങാടിയില്‍ സമൂസ തേടിയെത്തും. റമസാനില്‍ ആവശ്യക്കാര്‍ ഏറെയായതിനാല്‍ സ്ഥിരം തൊഴലാളികള്‍ക്ക് പുറമെ ചിലയിടങ്ങളില്‍ കൂലിക്ക് ആളെവെച്ചാണ് സമൂസ നിര്‍മാണം നടത്തുന്നത്. വീട്ടിലെ സ്ത്രീകളും കുട്ടികളുമടക്കംവെളുപ്പിന് തുടങ്ങുന്ന ജോലിക്ക് വിരാമമാകുന്നത് ഉച്ചയോടെയാണ്. പകൽ പതിനൊന്നു മുതൽ നോമ്പുതുറയ്ക്കുള്ള സമൂസകൾ ഇവിടെനിന്നു കയറ്റിപ്പോകുന്നുണ്ട്. ???? കടപ്പാട്: ചുറ്റുവട്ടം
സമൂസയുടെ പേരുള്ള കേരളത്തിലെ ഒരു ഗ്രാമം

77 Like
Comment
Share