കുലുക്കി സർബത്തിന്റെ കുത്തക തകർത്ത ഫുൾ ജാർ സോഡ

കുലുക്കി സർബത്തിന്റെ കുത്തക തകർത്ത ഫുൾ ജാർ സോഡ അറിവ് തേടുന്ന പാവം പ്രവാസി കുലുക്കി സർബത്തിന്റെ കുത്തക തകർക്കുകയാണ് ഇവന്റെ അവതാര ലക്ഷ്യം. സമൂഹമാധ്യമങ്ങളിലും ,ടിക് ടോക് , വിഡിയോകളിലും ‘തുളുമ്പിപ്പരക്കുകയാണ്’ ഇവന്റെ അപദാനങ്ങൾ. ട്രോളൻമാരാകട്ടെ രാഷ്ട്രീയക്കാരെപ്പോലും ഉപേക്ഷിച്ച് ഇപ്പോൾ ഇവന്റെ പിന്നാലെ. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു സിനിമാതാരങ്ങളെപ്പോലും വെല്ലുന്ന ആരാധകവ‍ൃന്ദത്തെ സ്വന്തമാക്കി കളം പിടിക്കുകയാണു ഫുൾജാർ സോഡ, ശീതള പാനീയ രംഗത്തെ നവാഗതൻ. എരിവിൽ നിന്നു, ഉപ്പുകലർന്ന പുളിയിലേക്കും, പിന്നെ ചെറു മധുരത്തിലേക്കുമുള്ളൊരു എരിപൊരി സഞ്ചാരമാണു ഫുൾജാർ സോഡ. കുടിച്ചാലുള്ള അനുഭവം ട്രോളൻമാരുടെ ഭാഷയിൽ ഇങ്ങനെ, ‘എന്റെ സാറേ… പിന്നെ കുറച്ചു നേരത്തേക്ക് ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല’. കുടിച്ചു കഴിഞ്ഞാൽ ഉള്ളിലൂടെ കടന്നു പോകുന്ന വഴിയൊക്കെ കൃത്യമായി ‘അറിയിച്ചു’ കൊടുക്കത്തക്ക വിധത്തിൽ ‘ഹോട്ട്’ ആണു കക്ഷി. പേരിൽ മാത്രം ഒതുങ്ങില്ല ഫുൾജാർ സോഡയെന്ന കൗതുകം. തയാറാക്കലിൽ തുടങ്ങി അകത്താക്കുന്നതിൽ വരെ പുതുമ ക്യൂ നിൽക്കും. നാരാങ്ങാനീര്, സോഡ, കാന്താരി മുളക്, പുതിന, കസ്കസ്, ഇഞ്ചി, ഉപ്പ്, പഞ്ചസാര എന്നിവയൊക്കെയാണു ഫുൾജാർ സോഡയുടെ ചേരുവകൾ. ഇതിൽ കാന്താരി മുളക്, പുതിന, ഇഞ്ചി എന്നിവ പ്രത്യേകം, പ്രത്യേകം നേരത്തെ തന്നെ അരച്ചു കുഴമ്പു പരുവത്തിലാക്കി വച്ചിട്ടുണ്ടാകും. പിന്നെ വേണ്ടതു രണ്ടു ഗ്ലാസുകളാണ്. ബീയർ മഗ് പോലെ അൽപം വലുപ്പമുള്ള ഒരു ഗ്ലാസും, വീഞ്ഞു വിളമ്പാൻ ഉപയോഗിക്കും പോലെയുള്ള ചെറിയൊരു ചില്ലു ഗ്ലാസുമാണ് ഉത്തമം. ചെറിയ ഗ്ലാസിൽ ആദ്യം ഒരു നാരങ്ങയുടെ നീരും അര സ്പൂൺ ഉപ്പും അതിലേക്കു കാൽ ടീ സ്പൂൺ വീതം കാന്താരി മുളക്, പുതിന, ഇഞ്ചി കുഴമ്പുകളും ചേർക്കുന്നു. ഇതിനു മുകളിൽ ഗ്ലാസ് നിറയും വരെ പഞ്ചസാര ലായനി ഒഴിച്ച് ഇളക്കും. ഇനി വലിയ ഗ്ലാസിൽ മുക്കാൽ ഭാഗം സോഡയും അതിലേക്ക് അൽപം നാരങ്ങാനീരും, ആവശ്യമുള്ളത്ര കസ്കസും ചേർക്കും. ഈ രണ്ടു ഗ്ലാസുകളും കുടിക്കാനെത്തുന്നവർക്കു കൈമാറുന്നു. ചെറിയ ഗ്ലാസ് വലിയ ഗ്ലാസിലെ സോഡയിലേക്ക് ഇടുന്ന ചടങ്ങാണു തുടർന്ന്. ഇതോടെ നുരഞ്ഞുതുളുമ്പി ഗ്ലാസിനു പുറത്തേക്കൊഴുകുന്ന പാനീയം ഒറ്റവലിക്കു കുടിച്ചു തീർക്കുന്നതാണു ഫുൾജാറിന്റെ ത്രിൽ. അന്വേഷിച്ചു എങ്ങും കണ്ടെത്തിയില്ല‌‌, ഇതാണു ഫുൾജാർ സോഡ ആരാധകരുടെ കുറച്ചു ദിവസമായുള്ള അവസ്ഥ. സമൂഹ മാധ്യമങ്ങളിൽ വൈറലാണെങ്കിലും എങ്ങും കണ്ടുകിട്ടാനില്ല. ചുരുക്കം ശീതള പാനീയക്കടകളിലേ ഫുൾജാർ സോഡ എത്തിയിട്ടുള്ളൂ. നിർമാണ തന്ത്രം അറിയാത്തതാണത്രേ കാരണം. ട്രോളുകളുടെയും, ടിക് ടോക് വിഡിയോകളുടെയും കമന്റ് ബോക്സിൽ എവിടെ കിട്ടും എന്ന അന്വേഷണമാണു കൂടുതലും. 30 രൂപയാണു മിക്കയിടത്തും വില. **ഫാൻസ് മാത്രമല്ല, വിരുദ്ധരും** ആരാധകരുടെ എണ്ണമേറുമ്പോൾ ശത്രുക്കളും കൂടുമെന്നതു ഫുൾജാർ സോഡയുടെ കാര്യത്തിലും സത്യമാകുകയാണ്. കുടിക്കുമ്പോൾ ഏറെ സോഡ പാഴായിപ്പോവുകയല്ലേ എന്നും ജലം സംരക്ഷിക്കേണ്ടതല്ലേ എന്നുമുള്ള ചോദ്യവുമായി ഫുൾജാർ സോഡ വിരുദ്ധർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ‘കളഞ്ഞിട്ടു കുടിച്ചാലേ ത്രിൽ ഉള്ളൂ’ എന്ന പരസ്യവാചകമൊരുക്കി ഇതിനെ പ്രതിരോധിക്കുകയാണ് ആരാധകർ. ഫുൾജാർ സോഡയുള്ള ശീതള പാനീയക്കടകൾക്കു മുന്നിൽ ഈ പരസ്യവാചകം പതിച്ച ബാനറും ഉയർന്നു കഴിഞ്ഞു.നോമ്പു തുറയ്ക്ക് തയാറാക്കുന്ന ഫുൽജാർ സോഡ തരംഗം മലയാളികൾ ഏറ്റു പിടിച്ചിരിക്കുകയാണ്.ഇന്ന് കേരളക്കര എങ്ങും അലയടിച്ചുയരുന്ന നാമമാണ്‌ ഫുൽജാർ സോഡ… തൊഴിൽ അന്വേഷകരായ യുവാക്കൾക്ക്‌ പുതിയൊരു അവസരം തുറന്ന് കിട്ടിയിരിക്കുകയാണ്‌ . നോമ്പുതുറ വിഭവങ്ങളുടെ അതിപ്രസരവും, പകൽ വേളയിലെ കനത്ത വെയിലും സമ്മാനിക്കുന്ന ദാഹമകറ്റാൻ വിപണിയിലെത്തിയിരിക്കുന്ന ഫുൽജാർ സോഡയ്ക്ക് വൻ ഡിമാന്റ്. പഴയ ഉപ്പും, മുളകുമിട്ട സോഡാ വെളളത്തിന്റെ പുതിയ പതിപ്പാണ് ഫുൽജാർ. നഗരങ്ങളിൽ നിന്നും മാറി ഗ്രാമപ്രദേശങ്ങളിലാണ് ഫുൽജാർ സോഡ ഹിറ്റായിരിക്കുന്നത്. എന്തായാലും കോർപ്പറേറ്റ് കമ്പനികളുടെ കോളകളും ജ്യൂസുകളും ഈ സോഡയുടെ മുമ്പിൽ തകർന്നടിഞ്ഞിരിക്കുകയാണ്.

77 Like Comment Share