എന്താണ് അടങ്ങിയിരിക്കുന്നത് അല്ലെങ്കിൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നറിഞ്ഞപ്പോൾ നിങ്ങൾ കഴിക്കുന്നത് നിർത്തിയ ഭക്ഷണം എന്താണ്? Mariakutty Mathew ചീത്തവിളി കിട്ടാൻ നല്ല സാധ്യതയുള്ള ഉത്തരമാണ് പറയാൻ പോകുന്നത്.ബാംഗ്ലൂരിൽ ഞാൻ ആദ്യമായി വന്നത് വെറും രണ്ടായിരം രൂപയും കൊണ്ടായിരുന്നു. ധൈര്യമായിട്ട് വന്നോളൂ, താമസിക്കാനും മറ്റും സൗകര്യമൊരുക്കാമെന്ന് പറഞ്ഞ മൂന്ന് കൂട്ടുകാർ ചതിച്ചു. അറിയാത്ത ഭാഷ സംസാരിക്കുന്ന, പരിചയമില്ലാത്ത നാടായതുകൊണ്ട് വിചാരിച്ചതുപോലെ ജോലി കിട്ടിയതുമില്ല. ലോഡ്ജിൽ താമസിച്ച് കയ്യിലെ പൈസ തീരാറായി. ലോഡ്ജ് മുതലാളി മലയാളി ആയിരുന്നു. അയാളോട് എന്റെ അവസ്ഥ പറഞ്ഞപ്പോൾ അയാൾ ഒരു ബേക്കറിയിൽ കൊണ്ടാക്കി. സാധനങ്ങൾ എടുത്ത് കൊടുക്കുന്ന ജോലി. മൂന്ന് നേരം ഭക്ഷണവും താമസ സൗകര്യവും കിട്ടും. നാട്ടിൽ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ഞാൻ വലിയ ജോലിക്കുവേണ്ടി ബാംഗ്ലൂരിൽ വന്ന് ഈ അവസ്ഥയായല്ലോ എന്ന് തോന്നി. ബേക്കറിയുടമ മലയാളി ആയിരുന്നു. ഒരു തലശ്ശശേരിക്കാരൻ. ഞാൻ ബയോഡാറ്റ കാണിച്ചപ്പോൾ അതൊന്നും ഇവിടെ ആവശ്യമില്ലെന്ന് പറഞ്ഞു. ഞാനവിടെ ഒരാഴ്ച പണിയെടുത്തു. അവിടെ നിന്നാണ് പലതരം ബേക്കറി സാധനങ്ങൾ ഉണ്ടാക്കുന്നത് കണ്ടത്. വലിയ ഓവനും സെറ്റപ്പുമൊക്കെയുണ്ട്. അവർ ഉണ്ടാക്കി മറ്റുള്ള ചെറിയ ബേക്കറികളിലേക്കും സപ്ലൈ ചെയ്യാറുണ്ട്. മൈദമാവ് കുഴച്ച് ഒരു സ്ലാബിനുമേൽ വെച്ച് പെരുമ്പാമ്പിനെപോലെ ഉരുട്ടും. സ്ലാബ് രാവിലെത്തന്നെ വൃത്തിയാക്കുന്ന രീതിയൊന്നുമില്ല. ഒരേ നീളത്തിൽ മുറിച്ച് ഇഷ്ടിക വലിപ്പത്തിലുള്ള ചെറിയ പെട്ടികളിലാക്കി ഓവനിൽ വെക്കും. സമയമായാൽ പുറത്തെടുത്ത് സ്ലാബിലേക്ക് കൊട്ടിയിട്ടാൽ അതാണ് ബ്രഡ്ഡ്. അതിലെ ജലാംശം കളയാൻ തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കണം. പിന്നെ കട്ടിംഗ് മെഷീനിൽ ഇട്ട് കട്ട് ചെയ്ത് പ്ലാസ്റ്റിക് കവറിൽ ഇട്ട് കെട്ടി വെക്കും. മാവ് ഇടുന്ന പെട്ടികൾ വൃത്തിയാക്കുന്ന പരിപാടിയൊന്നുമില്ല. ദിവസവും അതേ സ്ലാബ്, അതേ പെട്ടി. പെട്ടിക്കുള്ളിൽ തലേന്ന് രാത്രി ബ്രഡിന്റെ മണത്തിന് വല്ല പാറ്റയും കയറിയിട്ടുണ്ടെങ്കിൽ ബ്രഡ്ഡ് കൊട്ടിയിടുമ്പോൾ മാത്രമേ കാണൂ. ബ്രഡിലെ ‘ബേക്ക്ഡ് പാറ്റയെ’ പറിച്ച് കളയുന്നതും എന്റെ ജോലിയായിരുന്നു. ബേക്കറിയിൽ വേസ്റ്റ് ഇല്ല എന്ന് അവിടെ നിന്നാണ് എനിക്ക് മനസ്സിലായത്. ബ്രഡ് തന്നെ റസ്‌ക് ആവും. അതിന്റെ ബാക്കിയും പൊടിയും ഒക്കെ ചേർത്ത് കുഴച്ചാണ് അടുത്ത ദിവസത്തെ ബ്രഡ് ആവുന്നത്. അത് തുടർന്നുകൊണ്ടേയിരിക്കും. ചിലപ്പോൾ ബ്രഡ് കരിഞ്ഞുപോകും. അപ്പോൾ അത് കേക്കിലേക്ക് പോകും. കേക്ക് ഉണ്ടാക്കുന്ന സ്ലാബ് കുറച്ചുകൂടി ഭയങ്കരമാണ്. ക്രീമും കളറും സിമന്റ് കുഴയ്ക്കുന്നതുപോലെ സ്ലാബിൽ വെച്ച് കുഴയ്ക്കും. ആ സ്ലാബും കഴുകില്ല. മധുരമുള്ള ഈ സാധനങ്ങൾ നേരിട്ട് ഇടുമ്പോൾ രാത്രി എന്തൊക്കെ സംഭവിക്കാമെന്ന് ഊഹിക്കാം. കാർഡ്ബോർഡിൽ വെച്ച അരിക് കരിഞ്ഞ ആ കഷണത്തെ മുറിച്ച് വൃത്തിയാക്കി ക്രീം തേച്ചിട്ടാണ് ആകർഷകമായ കേക്ക് ഉണ്ടാക്കുന്നത്. അതിൽ ഡിസൈൻ ഒക്കെ ചെയ്യാൻ പ്രത്യേക കോഴ്സ് ഒക്കെ ചെയ്യണം. റോസാപ്പൂ, ഇലകൾ, പലതരം ഡിസൈനുകൾ ഒക്കെ ചെയ്യാൻ കോൺ ഐസ് പോലുള്ള ടൂൾ ഉണ്ട്. ഞാൻ നോക്കുന്നത് വെട്ടിക്കളഞ്ഞ ആ കരിഞ്ഞ സാധനമാണ്. ദിവസങ്ങളോളം ബ്രഡിലൂടെയും ബണ്ണിലൂടെയും കടന്ന് കേക്കിലേക്ക് എത്തിയ ആ സാധനത്തിന് അപ്പോഴും റിട്ടയർമെന്റ് ഇല്ല. ആ കരിഞ്ഞ സാധനങ്ങളൊക്കെ ജാമിൽ കുഴച്ച് ഉരുട്ടി തേങ്ങ പൊടിച്ചതിൽ ഇട്ട് ഒന്നുകൂടി ഉരുട്ടി അതിന്റെ മുകളിൽ ഒരു ചെറി വെച്ചാൽ അതാണ് ആപ്പിൾ കേക്ക് എന്നും പറഞ്ഞ് വിൽക്കുന്നത്. ഏറ്റവും ടേസ്റ്റ് ഉള്ളതായതുകൊണ്ട് അത് കൊണ്ടുവെക്കുമ്പോഴേക്കും തീർന്നുപോവും. ബ്രഡിന്റെയും കേക്കിന്റെയും ഇടയിൽ ദിൽഖുഷ്, ദിൽപസന്ദ്, ബിസ്ക്കറ്റ് എന്നൊക്കെ പറഞ്ഞ് ചില സാധനങ്ങളൊക്കെയുണ്ട്. എല്ലാം മൈദയും പഴയ വേസ്റ്റും തന്നെ. അതിനും കൊള്ളാത്തതാണ് കേക്കിലേക്ക് പോകുന്നത്. എല്ലാ ബേക്കറിയും ഇങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നൊന്നും ഞാൻ കരുതുന്നില്ല. പക്ഷേ ഈ ബേക്കറി വളരെ തിരക്കുള്ള, മറ്റുള്ള ബേക്കറികൾക്ക് വരെ സപ്ലൈ ചെയ്യുന്ന വലിയ ബേക്കറി ആയിരുന്നു. അന്ന് പേടിഎം ഒന്നും ഇല്ല. എല്ലാം ക്യാഷ് തന്നെ. ക്യാഷ് നിറച്ച ലെതർ ബാഗുകൾ കൊണ്ടുപോകാൻ ദിവസവും മൂന്നോ നാലോ തവണ വണ്ടി വരും. രാവിലെ ഏഴുമണി മുതൽ രാത്രി പത്തുമണി വരെ ബേക്കറി പ്രവർത്തിക്കും. ഒന്ന് ഇരിക്കാൻ പോലും സൗകര്യമില്ല, സമയവുമില്ല. ബേക്കറി സാധനങ്ങൾ വാങ്ങുന്നത് ഞാൻ അന്ന് നിർത്തിയതാണ്. ബ്രഡ് വാങ്ങണമെങ്കിൽ പോലും ബേക്കറി ബ്രഡ് വാങ്ങില്ല. കേക്ക് തിന്നുകയേയില്ല. (കടപ്പാട് ഈശ്വരൻ)
എങ്ങനെയാണ് ബ്രെഡും ബണ്ണും ഉണ്ടാക്കുന്നതെന്നറിഞ്ഞാൽ ചിലപ്പോൾ അത് കഴിക്കുന്നത് നിർത്തിയേക്കാം, അനുഭവക്കുറിപ്പ്

77 Like
Comment
Share