ചൈനീസ് പദമായ 'mantou' യില്‍നിന്നാണ് മന്തി എന്ന പദമുണ്ടായതെന്ന് കരുതപ്പെടുന്നു

Azad Malayattil ഫേസ്ബുക്കിൽ കുറിച്ചത് ചൈനീസ് പദമായ ‘mantou’ യില്‍നിന്നാണ് മന്തി എന്ന പദമുണ്ടായതെന്ന് കരുതപ്പെടുന്നു. ടര്‍ക്കിക് ജനത മംഗോളിയ വഴിയാണത്രെ ഈ പാചകവിദ്യ സ്വന്തമാക്കിയത്. കാക്കസസ്സിന്റെ തെക്കന്‍ ചെരിവിലെ ഇഷ്ടവിഭവമായി എട്ടു നൂറ്റാണ്ടു മുമ്പേ മന്തി സ്വീകരിക്കപ്പെട്ടു. പിന്നീട് ബാല്‍ക്കനിലെ, മധ്യേഷ്യയിലെ, അഫ്ഗാനിസ്ഥാനിലേ പ്രിയരുചിയായി എക്കാലത്തും മന്തിയുണ്ടായിരുന്നു. ആട്ടിറച്ചിയായിരുന്നു പ്രധാന ഉള്‍ച്ചേരുവ. സില്‍ക്ക് റൂട്ടിലെ വ്യവഹാരങ്ങളുടെ ഊര്‍ജ്ജവും മന്തിയാവണം. കഴിഞ്ഞ ദിവസം അസര്‍ബൈജാന്‍ തലസ്ഥാനമായ ബാക്കുവില്‍ വെച്ചാണ് മന്തിയുടെ മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത മാസ്മരിക രുചി അറിഞ്ഞത്. കോഴിക്കോട്ടെ മന്തിക്കടകളില്‍ പരിചിതമായ നെയ്മണമല്ല അതിനുണ്ടായിരുന്നത്. ചേരുവകളിലും ആ വ്യത്യസ്തത പ്രകടം. അത്താഴത്തിന്റെ മുഖ്യവിഭവമായി മന്തിയെ അതിന്റെ കാക്കേഷ്യന്‍ പ്രൗഢിയോടെ ഞങ്ങളറിഞ്ഞു. പതിമൂന്നാം ശതകത്തില്‍ മംഗോളിയയുമായുള്ള സാംസ്കാരിക വിനിമയത്തിന്റെ ഭാഗമായാണ് മന്തി അര്‍മേനിയയിലെത്തിയതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പിന്നീട് ടര്‍ക്കിക് മന്തിയുടെ വളര്‍ച്ചാ ചരിത്രമാണ്. ചൈനീസ് മണ്ടുവാണോ കൊറിയന്‍ മണ്ടുവാണോ മംഗോളിയ വഴി വന്നു ടര്‍ക്കിക് മന്തിയായതെന്ന് ഭിന്നാഭിപ്രായങ്ങളുണ്ട്. മധ്യേഷ്യയില്‍ നിന്ന് ചൈനയും കൊറിയയും ഉള്‍പ്പെടെ എല്ലായിടത്തേക്കും ആദിമസഞ്ചാരികള്‍ക്കൊപ്പം സഞ്ചരിച്ചതാണെന്നും വിശ്വസിക്കുന്നവരുമുണ്ട്. അത് എന്തായാലും ഇതിന്റെ സകലപ്രഭാവവും കാക്കേഷ്യന്‍ താഴ് വരയിലെ സവിശേഷ ജീവിത വ്യവഹാരമേല്‍പ്പിച്ചതാണ്. സില്‍ക് റൂട്ടിലെ സാംസ്കാരിക ഇടപെടലുകളുടെ രുചിസങ്കരങ്ങള്‍ നിറച്ചതാണ്. ആവിയില്‍ വേവിക്കാന്‍ പല വിതാനങ്ങളുള്ള സവിശേഷ പാത്രമോ മണ്ണുലകളോ പ്രയോജനപ്പെടുത്തുന്നു. അതിന്റെ വ്യത്യസ്തതകളും ഓരോ രാജ്യത്തും രുചിവൈവിദ്ധ്യമുണ്ടാക്കുന്നു. മിക്കവാറും എല്ലാ രാജ്യങ്ങളിലും മന്തി എന്നാണ് വിളിപ്പേര്. നമ്മുടെ നാട്ടില്‍ മന്തിയെന്നും പാചക രീതികൂടി ചേര്‍ത്ത് കുഴിമന്തിയെന്നും അറിയപ്പെടുന്നു. കുഴിമന്തി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ലോകത്തെങ്ങും കൂടുതല്‍ പ്രചാരം നേടി. സോവിയറ്റ് റിപ്പബ്ലിക്കുകളുടെ വിമോചനഘട്ടം പാരമ്പര്യ രുചികളുടെ വിസ്ഫോടന ഘട്ടവുമായിത്തീര്‍ന്നു. ആ കുത്തൊഴുക്കിലാവണം നമ്മുടെ നാട്ടിലും മന്തി ഇഷ്ടവിഭവമായത്. ഒതുക്കപ്പെട്ട രുചികള്‍ ലോകരുചികളായി മാറുകയാണ്. വരേണ്യ രുചികളുടെ അധികാരലോകം മന്തിയുടെ ചരിത്ര വേരുകളല്ല, അതിനെ പരിഷ്കരിച്ച ഉപാദാനങ്ങളുടെ വംശീയ വേരുകളാണ് ഇന്നും അന്വേഷിക്കുന്നത്. അറുത്തുമാറ്റാന്‍ ശ്രമിക്കുന്നത്. പാരമ്പര്യ ഭക്ഷണവിഭവങ്ങളില്‍ ശ്രേഷ്ഠമായ പദവിയുണ്ട് മന്തിക്ക്; നമ്മുടെ കുഴിമന്തിക്ക്. അത് സഞ്ചാരങ്ങളുടെ രുചിശേഖരമാണ്. അമുദാരിയ തടങ്ങളില്‍നിന്നു ലോകത്തേക്കു പരന്ന ജനസംസ്കൃതികളുടെ ആദിമ രുചി. അസര്‍ബൈജാന്‍ യാത്രയുടെ ഒന്നാം അനുഭവമായി ഈ രുചിയെ ഇവിടെ രേഖപ്പെടുത്തുന്നു. കുഴിമന്തിയെ ഒരാഴ്ച്ച മുമ്പുവരെ കണ്ടതുപോലെ അത്ര നിസ്സംഗമായി ഇനി എനിക്കു കാണാനാവില്ല. ആസാദ് 01 ഒക്ടോബര്‍ 2022

77 Like Comment Share