നമ്മൾ മലയാളികൾക്കു മാത്രമുള്ള ചില ഗുണദോഷ വിശേഷങ്ങൾ !

മലയാളികളുടെ ഗുണ വിശേഷങ്ങൾ !! അറിവ് തേടുന്ന പാവം പ്രവാസി ????മലയാളികൾക്ക് പൊതുവേ അനലൈസിംഗ് പവർ കൂടുതലാണെന്ന് തോന്നിയിട്ടുണ്ടോ?മൂന്ന് മലയാളികൾ സംസാരിച്ചു കൊണ്ടിരിക്കുകയാണ് സങ്കൽപ്പിക്കുക. ഒരാൾ പെട്ടെന്ന് എന്തെങ്കിലും ആവശ്യത്തിന് പുറത്തുപോയാൽ ബാക്കിയുള്ള രണ്ടുപേർ അതുവരെ പറഞ്ഞത് നിർത്തി പോയയാളെ അനലൈസ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ആളുകൾ അതിനെ ഗോസിപ്പ് എന്നൊക്കെ പറയുമെങ്കിലും സംഭവം അനലൈസിംഗ് ആണല്ലോ: അതുകൊണ്ട് ഇന്ന് നമുക്ക് സിനിമയും ,സൈക്കോളജിയും അനലൈസ് ചെയ്യുന്നതിനു പകരം മലയാളിയെ ഒന്നു അനലൈസ് ചെയ്തു നോക്കിയാലോ.മലയാളികൾ നാനാവിധം ആണെങ്കിലും ചില പൊതു ഗുണങ്ങൾ, ദോഷങ്ങൾ, തെറ്റിദ്ധാരണകളെല്ലാം ഭൂരിഭാഗത്തെയും ഒരുപോലെ ബാധിക്കുന്നുണ്ട്. പലതും ഒരു മലയാളി എന്നതിലുപരി ഒരുപക്ഷേ ലോകത്തിലെ ഏതു കോണിലുള്ള മനുഷ്യനായാലും ഇങ്ങനെ തന്നെ ആയിരിക്കാം. എന്നിരുന്നാലും നമുക്ക് അടുത്ത് പരിചയം മലയാളിയെ ആണല്ലോ, അതുകൊണ്ട് നമുക്കെല്ലാം മലയാളിയുടെ തലയിൽ ഇടാം! കറുപ്പും വെളുപ്പും: നമ്മൾ ഒരു പ്രത്യേക ഉയരത്തിൽ നിന്ന് നോക്കുമ്പോൾ, ഉദാഹരണത്തിന് ടിവിയിലൊക്കെ ഏതെങ്കിലും ഒരു പ്രത്യേക സംഭവം നടക്കുമ്പോൾ മലയാളി കൂട്ടത്തെ മൊത്തമായി കാണിക്കുമ്പോൾ നമ്മൾ കാണുന്നത് 90 ശതമാനം മലയാളികളും കറുത്തിട്ടാണ് എന്ന വസ്തുതയാണ്. എന്നിരുന്നാലും കറുപ്പിനെ നമ്മൾ കളിയാക്കും. വെളുത്തവൻ കുറച്ച് കളർ കുറഞ്ഞവനെ കളിയാക്കും. കറുത്തവൻ കുറച്ചു കൂടുതൽ കറുത്തവനെ കളിയാക്കും. നമ്മൾ മൊത്തത്തിൽ തമിഴ്നാട്ടുകാരെ കളിയാക്കും. ഈ കൂട്ടത്തിലെ ഏറ്റവും വെളുത്തവന് ഏതെങ്കിലും സായിപ്പ് ബ്രൗൺ എന്നോ മറ്റോ പറഞ്ഞാൽ കളിമാറും. അപ്പോൾ അത് റേസിസം ആകും. നമ്മൾ തമിഴരേയും,ആദിവാസികളെയുമൊക്കെ കളിയാക്കുന്നത് റേസിസം അല്ലാത്തപോലെ. നമ്മുടെ സിനിമകളിലും, സീരിയലുകളിലും കോമഡിഷോകളിലും 90 ശതമാനത്തിൽ കൂടുതൽ വരുന്ന നമ്മളെതന്നെയാണ് നമ്മൾ കളിയാക്കികൊണ്ടിരിക്കുന്നത്. തീർപ്പുകൽപ്പിക്കൽ : ഉയർന്നുവരുന്ന മലയാളിയെ നമ്മൾ ഭൂതക്കണ്ണാടി വെച്ച് പരിശോധിക്കും - അവർക്ക് ജാഡയുണ്ടോ എന്ന്! അവർ എല്ലാ കാര്യത്തിലും മലയാളി പൊതുബോധത്തിന് അനുസരിച്ചല്ല പ്രവർത്തിക്കുന്നതെങ്കിൽ അവരെ താഴ്ത്താൻ നമ്മൾ ഏതറ്റംവരെയും പോകും. മലയാളികൾ അല്ലാത്തവർക്ക് ഇത് ബാധകവുമല്ല! സിനിമ: നമ്മൾ സിനിമാസ്വാദകരാണ്, സിനിമയെ ജീവിതത്തോട് ചേർത്തുപിടിക്കുന്നവരാണ്. മമ്മൂട്ടി, മോഹൻലാൽ ഇവരിലൊരാളെ അല്ലെങ്കിൽ രണ്ടുപേരെയും ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മലയാളികളും. പക്ഷേ ലോകത്തിൽ ഏറ്റവും കൂടുതൽ തെറി കേട്ടിട്ടുള്ളവരും ഇവർ തന്നെയായിരിക്കും. അതും അനുദിനം പുതുമയുള്ള തെറികൾ! ജീവിതത്തിൽ ഒന്നും ചെയ്തിട്ടില്ലാത്തവർ പോലും ഇത്രയധികം തെറി കേട്ട് കാണില്ല. മറ്റൊരു കാര്യം നമ്മൾ സിനിമയെകുറിച്ച് സംസാരിക്കുമ്പോൾ എപ്പോഴും പറയുന്ന പേരുകളാണ് ജോൺ എബ്രഹാം, അരവിന്ദൻ, അടൂരൊക്കെ. പലപ്പോഴും ഇവരുടെ സിനിമകൾ നമ്മൾ കണ്ടിട്ടില്ലെങ്കിലും ഇവരെക്കുറിച്ച് നമുക്ക് വലിയ അഭിമാനമാണ്. കഥകളിയും ,മോഹിനിയാട്ടവും കണ്ടാൽ മനസ്സിലാവില്ലെങ്കിലും നമ്മൾ അഭിമാനിക്കുന്നില്ലേ, അതുപോലെ. **കുശലം പറച്ചിൽ :** നമ്മൾ കുറെ കാലത്തിനുശേഷം ഒരാളെ കണ്ടുമുട്ടുമ്പോൾ അങ്ങോട്ടുമിങ്ങോട്ടും പറയുന്നത് ഒന്നുകിൽ തടിച്ചല്ലോ അല്ലെങ്കിൽ മെലിഞ്ഞുപോയി എന്നായിരിക്കും. മറ്റു സ്ഥലങ്ങളിൽ ഇങ്ങനെ പറയുന്നത് വളരെ മോശം കാര്യമാണ്. തടിക്കുന്നതും, മെലിയുന്നതുമൊക്കെ ബോഡി ഷെമിങ്ങുമായി അല്ലെങ്കിൽ സൗന്ദര്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടാണത്. എന്നാൽ നമ്മൾ അതത്ര കാര്യമായി എടുക്കാറില്ല എന്ന് മാത്രമല്ല ഒരു caring-ന്റെ ഭാഗമായി പറയുന്നതുപോലെയാണ് നമുക്കത് തോന്നുക. ഞാനൊരു സംഭവമാണ്: നമ്മൾ പൊതുവേ സംസാരിക്കാൻ താല്പര്യമുള്ളവരും, സഹായമനസ്കരുമാണല്ലോ. പക്ഷേ വാതോരാതെ സംസാരിക്കുമ്പോഴും, കൂടെയുള്ളവരെ താഴ്ത്താൻ കിട്ടുന്ന അവസരം നമ്മൾ പാഴാക്കാറില്ല. അതായത് ഞാനൊരു ഹെൽമറ്റ് 100 രൂപയ്ക്ക് വാങ്ങി എന്ന് ഒരാൾ മറ്റൊരാളോട് പറഞ്ഞാൽ ഉടനെ മറ്റേയാൾ പറയും അതെ ഗുണമുള്ള ഹെൽമെറ്റ് മറ്റേ കടയിൽ 50 രൂപയ്ക്ക് കിട്ടും, ഞാൻ വാങ്ങിയിട്ടുണ്ട്! എന്നിട്ട് അയാൾക്ക് പറ്റിയ അബദ്ധത്തിൽ സഹതപിക്കും. അതും പോരാഞ്ഞ് അയാളുടെ അബദ്ധം എന്ന മട്ടിൽ നാട്ടുകാരോട് മൊത്തം അത് പറയുകയും , അയാളുടെ കഴിവില്ലായ്മയെപറ്റി ഒരു അവലോകനം വരെ നടത്തികളയുകയും ചെയ്യും. ഞാനൊരു സംഭവമാണെന്ന് തെളിയിക്കാനുള്ള വ്യഗ്രതയും, മറ്റുള്ളവരുടെ ഇല്ലാത്ത അബദ്ധത്തിൽ സന്തോഷിക്കാനുള്ള കഴിവും നമ്മളെ കഴിഞ്ഞുയുള്ളൂ. കണക്ഷൻ കണ്ടെത്തൽ : ആദ്യമായി പരിചയപ്പെടുന്നവർ തമ്മിൽ ഏതെങ്കിലും തരത്തിലുള്ള ഒരു ബന്ധം ചികഞ്ഞു ഉണ്ടാക്കിയെടുക്കാൻ നമ്മൾ മിടുക്കരാണ്. അതിനു വേണ്ടി മണിക്കൂറുകൾ നമ്മൾ കളയും, പക്ഷേ അവസാനം ഏതെങ്കിലും ഒരു ബന്ധം നമ്മൾ കണ്ടെത്തിയിരിക്കും . [caption id=“attachment_403810” align=“aligncenter” width=“719”] A scenic view of boats under a blue sky in backwaters situated in Allepey town located in Kerala state, India[/caption] ഡോമിനേറ്റിങ് : എവിടെയും ഡോമിനേറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ഒരു നല്ല ഗുണമായി അല്ലെങ്കിൽ സ്മാർട്നെസ്സായി കരുതുന്നവരാണ് മലയാളികൾ. ഇതുവരെ ബാംഗ്ലൂരിൽ പോയിട്ടില്ലാത്ത അമ്മാവൻ, നമ്മൾ അവിടെയാണെന്ന് പറയുമ്പോൾ ബാംഗ്ലൂരിന്റെ ചരിത്രവും ,ഭൂമിശാസ്ത്രവും നമ്മെ പഠിപ്പിക്കാൻ നോക്കുന്നതൊക്കെ അതിൻറെ ഭാഗമാണ്.മുന്നിലിരിക്കുന്നവനെക്കാൾ മികച്ചവനാകാൻ, അറിവുള്ളവനാണ് എന്ന് കാണിക്കാൻ നമ്മൾ ശ്രമിച്ചു കൊണ്ടേയിരിക്കും. പരസ്പര വിരുദ്ധമായിരിക്കുക: നമ്മുടെ ഏറ്റവും വലിയ ഒരു സ്വഭാവ സവിശേഷതയാണ് ഇത്. നമ്മുടെ ജോലിയിലും, സെലക്ഷനിലുമെല്ലാം ഈ സ്വഭാവം പ്രതിഫലിക്കുന്നുണ്ട്. നാട്ടിൽ പണിയെടുക്കാൻ മടിയാണെങ്കിലും പുറത്തുപോയാൽ ഏറ്റവും കൂടുതൽ ജോലി ചെയ്യുന്നത് മലയാളികളായിരിക്കും. മോഡേൺ സ്ത്രീകളെ ഇഷ്ടപ്പെടുമ്പോഴും കെട്ടിയ പെണ്ണിനെ മാക്സിമം നാടനാക്കാൻ നോക്കും. ഒന്നിച്ചുകലരൽ: മലയാളികളുടെ ഒരു നല്ല ഗുണം, ഏത് കൾച്ചറുമായും ഏതുതരം ആൾക്കാരുമായും ഇഴുകിച്ചേരാനുള്ള കഴിവാണ്. പൊതുവെ കേരളം വിട്ടാൽ നമ്മൾ മാന്യന്മാരാണ്. **രാഷ്ട്രീയം:** യുവജനങ്ങൾ പോലും രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കാൻ താല്പര്യം കാണിക്കുന്നവരാണ്. അതുമാത്രമല്ല അടുപ്പിച്ച് രണ്ട് തവണ ജയിക്കാൻ ഒരു പാർട്ടിയെയും നമ്മൾ അനുവദിക്കാറില്ല. എന്നിരുന്നാലും രാഷ്ട്രീയത്തിലും, കുടുംബപാരമ്പര്യം നോക്കുന്ന അതായത് പാരമ്പര്യമായി കമ്യൂണിസ്റ്റാണ് അല്ലെങ്കിൽ കോൺഗ്രസാണ് എന്ന് പറയുന്നവരാണ് കൂടുതലും. വീടെന്ന സങ്കൽപം: മലയാളികളുടെ വീട് എന്ന സങ്കല്പം വലിപ്പംവെച്ച് വലിപ്പംവെച്ച് ഇപ്പോൾ രണ്ടാൾക്ക് താമസിക്കാൻ രണ്ടുനില എന്ന രീതിയിൽ എത്തിച്ചേർന്നിട്ടുണ്ട്. ‘സ്മാൾ ഈസ് ബ്യൂട്ടിഫുൾ’ എന്ന് നമ്മൾ എന്നാണാവോ മനസ്സിലാക്കുക! കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും മലയാളിക്ക് അവകാശപ്പെടാവുന്ന ഒരു ഗുണമുണ്ട്. അത് സ്വയം വിമർശനമാണ്. നമ്മൾ നമ്മളെതന്നെ അനലൈസ് ചെയ്തും വിമര്ശിച്ചുമാണ് മുന്നോട്ടു പോകുന്നത്. സ്വന്തം കുറവുകളെ നോക്കി സ്വയം ചിരിക്കാനുള്ള ആ കഴിവ് അത് നഷ്ടപ്പെടാതെ സൂക്ഷിച്ച് നമുക്ക് മുന്നോട്ട് പോകാം.

21K Like Comment Share