പ്രദീപ് എന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടറാണ് ഇപ്പോൾ ഹീറോ

Sandeep Das സോഷ്യൽ മീഡിയയിൽ കുറിച്ചത് പ്രദീപ് എന്ന കെ.എസ്.ആർ.ടി.സി കണ്ടക്ടറാണ് ഇപ്പോൾ എൻ്റെ ഹീറോ. ബസ്സിൽ വെച്ച് ദുരനുഭവമുണ്ടായ പെൺകുട്ടിയെ ശക്തമായി പിന്തുണയ്ക്കുകയും കുറ്റവാളിയെ പിടികൂടുകയും ചെയ്തത് പ്രദീപാണ്. മനുഷ്യത്വത്തിൻ്റെയും ധീരതയുടെയും ആൾരൂപമാണ് ഇദ്ദേഹം. സംഭവത്തിൻ്റെ വിഡിയോ ഞാൻ കണ്ടിരുന്നു. ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയുടെ സീറ്റിൻ്റെ തൊട്ടടുത്ത് ഒരാൾ വന്ന് ഇരിക്കുന്നു. അയാൾ അവളെ സ്പർശിക്കുകയും പരസ്യമായി സ്വയംഭോഗത്തിന് തുനിയുകയും ചെയ്യുന്നു! ആ പെൺകുട്ടി ഉടൻ പ്രതികരിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീയെ സപ്പോർട്ട് ചെയ്യാൻ മടി കാണിക്കുന്ന നാടാണ് നമ്മുടേത്. ആളുകളുടെ അഭിപ്രായങ്ങൾ ഇങ്ങനെയാകും- ‘‘ആണുങ്ങൾ പലതും ചെയ്യും. പെണ്ണുങ്ങൾ കുറച്ചൊക്കെ സഹിക്കേണ്ടതല്ലേ…!’’ ‘‘പരാതിയ്ക്കും കേസിനും ഒക്കെ പോയാൽ കുറേ ബുദ്ധിമുട്ടേണ്ടിവരും. നമുക്ക് കോംപ്രമൈസിന് ശ്രമിക്കുന്നതല്ലേ നല്ലത്…!?" “ഇങ്ങനെയൊരു സംഭവം ഉണ്ടായി എന്ന കാര്യം പുറത്തറിഞ്ഞാൽ അത് നിൻ്റെ ഭാവിയെ ബാധിക്കും മോളേ…!’’ പക്ഷേ പ്രദീപ് എന്ന കണ്ടക്ടർ ഈ വക ദുർഗന്ധം വമിക്കുന്ന വാക്കുകളൊന്നും ഉച്ചരിച്ചില്ല. അദ്ദേഹം ആ പെൺകുട്ടിയോട് ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ- ‘‘നിങ്ങൾക്ക് പരാതിയുണ്ടോ…? " പരാതിയുണ്ട് എന്ന് അവൾ പറഞ്ഞു. ഓടിപ്പോകാൻ ശ്രമിച്ച കുറ്റവാളിയെ കണ്ടക്ടറും ഡ്രൈവറും സാഹസികമായി പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

View this post on Instagram

A post shared by Nandita Sankara (@mastaanii_)

പ്രദീപ് ഒരു മഹത്തായ മാതൃകയാണ് കാണിച്ചുതന്നിട്ടുള്ളത്. അനീതി നേരിട്ട മനുഷ്യരെ ഉപാധികളില്ലാതെ പിന്തുണയ്ക്കണം എന്നാണ് അദ്ദേഹം പറയാതെ പറഞ്ഞത്.ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ടു എന്ന് വാർത്ത വന്നാൽ ചില ആളുകൾ അതിനോട് പ്രതികരിക്കുന്ന രീതി ശ്രദ്ധിച്ചിട്ടില്ലേ? ‘‘ബലാത്സംഗം തെറ്റാണ്. പക്ഷേ അവൾ എന്തിനാണ് രാത്രിയിൽ ഇറങ്ങിനടന്നത്…?” ‘‘കുറ്റം ചെയ്തവന് ശിക്ഷ കിട്ടണം. പക്ഷേ ചില പെണ്ണുങ്ങളുടെ വസ്ത്രധാരണം ഒട്ടും ശരിയല്ല…’’ ആ ‘‘പക്ഷേ’’ ആണ് ഏറ്റവും വലിയ തെറ്റ്. മറ്റൊരു കുറ്റകൃത്യം ചെയ്യാനുള്ള നിശബ്ദ പ്രോത്സാഹനമാണ് അത്. ഇരകളോട് ‘പക്ഷേ’കളില്ലാതെ ഐക്യപ്പെടണം. വേട്ടക്കാരെ ഒരു മയവും ഇല്ലാതെ കൈകാര്യം ചെയ്യണം. ഇതാണ് ശരിയായ നിലപാട്. പ്രദീപ് ആ സമീപനമാണ് കൈക്കൊണ്ടത്. സ്ത്രീകൾ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ടിട്ടുള്ള ഒരു ഇടം ബസ് ആയിരിക്കും. ബസ്സിൽ വെച്ച് തോണ്ടലും തഴുകലും കിട്ടിയിട്ടില്ലാത്ത സ്ത്രീകൾ കുറവായിരിക്കും. ആ വൃത്തികേടിനെ ‘ജാക്കിവെയ്പ് ’ എന്ന ഓമനപ്പേരിട്ട് ഗ്ലോറിഫൈ ചെയ്‌ത ജനതയാണ് നാം! ഇതുപോലുള്ള ഉപദ്രവങ്ങൾ നേരിട്ട സ്ത്രീകളെപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ? ചിലർക്ക് അത്തരം അനുഭവങ്ങൾ ജീവിതകാലം മുഴുവനും നീണ്ടുനിൽക്കുന്ന വേദനയായി മാറും. കുറേപ്പേർ പുരുഷവർഗ്ഗത്തെ മുഴുവനായും വെറുത്തുപോയിട്ടുണ്ടാകാം.നിങ്ങളോട് തീർത്താൽ തീരാത്ത നന്ദിയുണ്ട് പ്രദീപ്. സ്ത്രീയുടെ അന്തസ്സും പുരുഷൻ്റെ ആത്മാഭിമാനവും ഒരുവൻ പരസ്യമായി ചവിട്ടിയരയ്ക്കാൻ ശ്രമിച്ചതാണ്. പക്ഷേ നിങ്ങൾ അതിനെ ഭംഗിയായി ചെറുത്തുതോൽപ്പിച്ചു.പ്രദീപിൻ്റെ ആ ചോദ്യം എല്ലാവരും ഓർത്തുവെച്ചോളൂ. ഭാവിയിൽ ഒരാൾക്കെതിരെ അതിക്രമം ഉണ്ടായാൽ പ്രദീപ് ചോദിച്ച കാര്യം മാത്രം ചോദിക്കുക. മറ്റൊന്നും തന്നെ പറയേണ്ടതില്ല. എന്താണ് ആ ചോദ്യം? “നിങ്ങൾക്ക് പരാതിയുണ്ടോ…?” *** Dr Soumya Sarin സോഷ്യൽ മീഡിയയിൽ കുറിച്ചത് ബസ്സിൽ വെച്ച് അപമാനിക്കപ്പെട്ടപ്പോൾ ശക്തമായി പ്രതികരിക്കുകയും അയാളുടെ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്ത മിടുക്കിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ! ഇതാണ് , അല്ലെങ്കിൽ ഇതാകണം ഇന്നത്തെ പെൺകുട്ടികൾ! പക്ഷെ എനിക്ക് അതിലും ബഹുമാനം തോന്നിയത് ആ കണ്ടക്റ്ററോടാണ്. അത് ആ വീഡിയോ കണ്ട അധികപേർക്കും, പ്രത്യേകിച്ച് പെണ്ണുങ്ങൾക്ക് തോന്നിയിരിക്കും എന്നുറപ്പാണ്. അദ്ദേഹം കൂടുതൽ ഒന്നും സംസാരിച്ചില്ല. " നിങ്ങൾക്ക് പരാതി ഉണ്ടോ? " എന്ന്‌ പെൺകുട്ടിയോട് ചോദിച്ചു. ഉണ്ട് എന്ന്‌ കേട്ട ഉടൻ ആ ബസ് ന്‍റെ വാതിൽ ലോക്ക് ചെയ്യാനാണ് അദ്ദേഹം ഡ്രൈവറോട് പറഞ്ഞത്. കൂടുതൽ ഒരു വിസ്താരണയും അവിടെ ഉണ്ടായില്ല. അതും കൂടാതെ ആ അക്രമിയെ കായികമായി പോലും അദ്ദേഹം തടഞ്ഞു നിർത്തി എന്നാണ് ആ പെൺകുട്ടി പറഞ്ഞത്. അതിൽ എത്രത്തോളം അപകടമുണ്ടായിരുന്നു എന്ന് നാം ചിന്തിക്കേണ്ടതാണ്. ഇക്കാലത്തു ആരാണ് വേറൊരാൾക്ക് വേണ്ടി ഇത്രയും പെടാപ്പാട് പെടുന്നത്? അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തം ആണെന്നൊക്കെ നമുക്ക് വാദിക്കാം. എങ്കിലും എത്ര പേര് ചെയ്യും ഈ ഉത്തരവാദിത്തം? പല തവണ ഇത്തരത്തിലുള്ള അവസ്ഥയിലൂടെ പോയിട്ടുണ്ട്. ബസ്സിലും ട്രെയിനിലും ഒക്കെ. ചെറുപ്പത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് പോലും അറിയാതെ പകച്ചു നിന്നിട്ടുണ്ട് എത്രയോ തവണ. ബോധം വെച്ച സമയം മുതൽ പ്രതികരിച്ചിട്ടുണ്ട് ആവുന്ന പോലെ. പക്ഷെ ഒരു വട്ടം പോലെ കൂടെ നിൽക്കാൻ അവിടെ അപ്പോൾ ഉണ്ടായിരുന്ന ഒരാൾ പോലും ഉണ്ടായിട്ടില്ല ! കുറച്ചധികം വർഷങ്ങൾക്ക് മുമ്പാണ്. ഒരിക്കൽ ഞാൻ ട്രെയിനിൽ പോവുകയായിരുന്നു. ദൂരയാത്ര ആണ്. സാധാരണ ദൂരയാത്ര പോകുമ്പോൾ ട്രെയിനിൽ അടുത്തിരിക്കുന്നവർ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും കമ്പനി ആവും. സ്വാഭാവികമാണ്. അതിൽ പല പ്രായക്കാർ ഉണ്ടായിരുന്നു. എന്‍റെ അച്ഛനമ്മമാരുടെ പ്രായമുള്ള ഒരു ദമ്പതികൾ. മകളുടെ അടുത്തേക്ക് പോകുകയാണ്. എന്‍റെ അതെ പ്രായത്തിൽ ഉള്ള ഒരു സ്ത്രീയും ഭർത്താവും അവരുടെ കുട്ടിയും. അതുപോലെ ഒരു വൃദ്ധദമ്പതികൾ. പിന്നേയെല്ലാം എന്നെപോലെ തനിച്ചു യാത്ര ചെയ്യുന്നവർ. എല്ലാവരും വിശേഷങ്ങൾ എല്ലാം പറഞ്ഞു രാത്രി ഭക്ഷണമെല്ലാം കഴിച്ചു കിടന്നു. ഞാൻ വേഗം ഉറങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ കാലിൽ ആരോ തൊട്ട പോലെ തോന്നി. ഞാൻ ഞെട്ടി എണീറ്റ് നോക്കിയപ്പോൾ മുന്നേ പറഞ്ഞ ആ യുവദമ്പതികളിലെ ഭർത്താവാണ്. " ശബ്ദം ഉണ്ടാക്കല്ലേ…പ്ലീസ്. താൻ ആ ടോയ്‌ലെറ്റിന്റെ അടുത്തേക്ക് ഒന്ന് വരാമോ? ഒരു കാര്യം പറയാനാണ്. " എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. അത്ര നേരം വളരെ ഫ്രണ്ട്ലി ആയി സംസാരിച്ച ആളാണ്. " എന്താടോ തനിക്ക് പറയാനുള്ളത് ? ഇവിടുന്നു പറ " ഞാൻ ഒച്ച ഉയർത്തി തന്നെ ചോദിച്ചു. അത് കേട്ട് അയാൾ വേഗം അവിടെ നിന്ന് പോയി. ബഹളം കേട്ട് മുകളിൽ പറഞ്ഞ കൂടെ ഉണ്ടായിരുന്നവർ ഒക്കെ എഴുന്നേറ്റു. ഞാൻ കാര്യം പറഞ്ഞു. പക്ഷെ അവരുടെ റിയാക്ഷൻ എന്നെ ഞെട്ടിച്ചു. “സാരമില്ല മോളെ, ഇതൊക്കെ ഉണ്ടാവും. വിട്ട് കള” എന്നാണ് എല്ലാരും ഒരേ സ്വരത്തിൽ പറഞ്ഞത്. ഞാൻ പക്ഷെ അത് വിട്ടില്ല. പോയി അയാളുടെ ഭാര്യയോട് കാര്യം പറഞ്ഞു. ഇത് എന്റെ ജീവിതത്തിൽ ഉണ്ടായ ഒരേ ഒരു സംഭവം ഒന്നുമല്ല. എങ്കിലും വല്ലാതെ വേദനിപ്പിച്ച ഒരു ഓർമയാണ് അത്രയും നേരം ഒരുമിച്ചിരുന്നു സംസാരിച്ചവർ! അവർ പോലും മൗനം പാലിച്ചപ്പോൾ, ഇതൊന്നും ഇല്ലാത്ത…അപരിചിതർ ചുറ്റുമുള്ള സന്ദർഭങ്ങളിൽ നമ്മൾ ആരെ പഴിക്കാനാണ്! ഒരു തവണ പോലും ചുറ്റും നിന്നവർ ഒരു ആശ്വാസവാക്ക് പോലും പറയാൻ തുനിഞ്ഞിട്ടില്ല. പ്രതികരിക്കുമ്പോൾ നമ്മൾ എന്തോ തെറ്റ് ചെയ്തു എന്ന രീതിയിൽ ആണ് പലരുടെയും പെരുമാറ്റം. അതുകൊണ്ട് തന്നെ ഈ ചേട്ടൻ കയ്യടി അർഹിക്കുന്നുണ്ട്. അവനവന് വരുന്നത് വരെ ചുറ്റും നടക്കുന്ന ഒന്നും നമ്മളെ ബാധിക്കില്ല എന്ന്‌ കരുതുന്ന ഭൂരിഭാഗം മനുഷ്യർക്കിടയിൽ ഇതുപോലെ ഉള്ളവർ ഇന്നുമുണ്ട് എന്നത് സന്തോഷം നൽകുന്ന ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ചും ഇത് കാണുന്ന, ഇതുപോലെ ഉള്ള എത്രയോ അനുഭവങ്ങൾ ഉണ്ടായ സ്ത്രീകൾക്ക്! സല്യൂട്ട്!

11K Like Comment Share