ചായക്കടകളും ചായയും ,സമോവറും(Samovar) മലയാളിയും തമ്മിലുള്ള ബന്ധം എന്താണ് ?

ചായക്കടകളും ചായയും ,സമോവറും(Samovar) മലയാളിയും തമ്മിലുള്ള ബന്ധം എന്താണ് ?⭐ അറിവ് തേടുന്ന പാവം പ്രവാസി ????കൊതിയുണർത്തുന്ന മണവും , റേഡിയോയിൽ നിന്നും ഒഴുകിവരുന്ന പഴയ ഈണങ്ങളും , ഇഴ ചേർന്ന് നമ്മുടെ മനസ്സിൽ വരയ്ക്കുന്ന ചിത്രങ്ങളിലൊന്നാണ് നാട്ടിൻ പുറത്തെ ഓലമേഞ്ഞ ചായപ്പീടികകൾ. ഇരുന്ന് മുഷിഞ്ഞ കാലിളകുന്ന മരബെഞ്ചുകളും , മുറിബീഡിയും , ചായക്കറ മാറാത്ത കുപ്പി ഗ്ലാസുകളും , സമോവർ എന്ന ചായപ്പാത്രവും , പല രുചികൾ നിരത്തിവെച്ച ചില്ലലമാരകളും, ഇന്ന് റൊക്കം നാളെ കടം എന്നെഴുതിയ തട്ടുചുമരുകളും ഇവയൊക്കെ മലയാളികളുടെ ഗൃഹാതുരതയാണ്. മലയാളിയുടെ പ്രഭാതങ്ങൾ പൊട്ടി വിടർന്നിരുന്നത് പണ്ട് ചായക്കടകളിലായിരുന്നു. ആകാശവാണി വാർത്തകളും, പത്രവായനയും, നാട്ടു ചർച്ചകളും , രാഷ്ട്രീയവുമെല്ലാം കാലിച്ചായയുടെ രുചിയോടെയാണ് ആരംഭിച്ചിരുന്നത്.കടുപ്പത്തിലൊരു ചായ മലയാളികളുടെ പതിവു ശീലങ്ങളിൽ ഒന്നായിരുന്നു. കാലം മാറിയപ്പോൾ ചായയും മാറി. ഈ രണ്ടക്ഷരം നമുക്കേവർക്കും ഗൃഹാതുരത്വവുമാണ് . ചായക്കടകൾ അക്കാലത്തെ ഗ്രാമത്തിന്‍റെ സാംസ്ക്കാരിക കേന്ദ്രമെന്ന് വിശേഷിപ്പിക്കാം. അക്കാലത്ത് യാത്രാ സൗകര്യങ്ങള്‍ വളരെ കുറവായിരുന്നു.പലയിടത്തും നടന്ന് തന്നെ പോകണം.യാത്രക്കാരെ ലക്ഷ്യം വെച്ചാണ് എല്ലാ കവലയിലും ചായക്കടകള്‍ ഉണ്ടായിരുന്നത്. ചായക്കട പിന്നീട് ഹോട്ടലുകള്‍ക്കും, റെസ്റ്റോറന്‍റുകള്‍ക്കും, ഫാസ്റ്റ് ഫുഡിനും വഴിമാറി. അപൂര്‍വ്വമായി മാത്രം പൈത്യകം തുളുമ്പുന്ന ചായക്കടകള്‍ ഇപ്പോഴും കേരളത്തിൽ പലയിടത്തും ഇല്ലാതില്ല.വാര്‍ത്തകളുടെ പ്രഭവ കേന്ദ്രമാണ് ഓരോ നാട്ടിലേയും ചായക്കട. രാവിലെ പത്രം അവിടെ വരും. അത് വായിക്കുക എന്ന ആവശ്യവുമായി ചായ കുടിക്കാന്‍ ചിലര്‍ രാവിലെ എത്തും. ചായകുടിക്കാന്‍ വരുന്നവരെല്ലാം സാക്ഷരരല്ല. നന്നായി ഉച്ചത്തില്‍ വാര്‍ത്ത വായിക്കാന്‍ കഴിയുന്നവര്‍ അക്കാലത്ത് ഹീറോകളായിരുന്നു. ഒരാള്‍ വാര്‍ത്ത ഉച്ചത്തില്‍ വായിക്കുമ്പോള്‍ മറ്റുള്ളവര്‍ ചെവി വട്ടം പിടിച്ചിരിക്കും. വാര്‍ത്തകള്‍ റേഡിയോവില്‍ നിന്ന് കേള്‍ക്കാം. വാര്‍ത്ത കേട്ട് ചായകുടിക്കാന്‍ എത്തുന്നവരും ധാരാളമുണ്ടായിരുന്നു. പണ്ട് ഇന്നത്തെ വാഹന രജിസ്ട്രേഷന്‍ പോലെ റേഡിയോ പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് വേണമായിരുന്നു. പിന്നീട് ട്രാന്‍സിസ്റ്ററും, പോക്കറ്റ് റേഡിയോയും, വാച്ചിലും, മൈാബൈലിലും വരെ റേഡിയോ എത്തി.ഇത് കൂടാതെ പ്രദേശിക വാര്‍ത്താ പ്രക്ഷേപണവും ചായകടയില്‍ കേള്‍ക്കാം. പരദൂഷണ വാര്‍ത്തകള്‍ എന്നും അതിനെ വിശേഷിപ്പിക്കാം. ചില പ്രദേശങ്ങളില്‍ ചായക്കടക്കാരന്‍ തന്നെയാണ് പ്രാദേശിക വാര്‍ത്താ അവതാരകന്‍റെ റോളില്‍ ഉണ്ടാകുക. എല്ലാ ഗ്രാമങ്ങളിലേയും കവലകളില്‍ ചായക്കട ഉണ്ടായിരിക്കും. അവിടെ നടക്കുന്ന സംഭവ വികാസങ്ങള്‍ക്ക് ഒട്ടേറെ സമാനതകളുണ്ടായിരുന്നു.ആരെങ്കിലും മരണപ്പെട്ടാലൊ, പ്രത്യേക അറിയിപ്പുകളോ, ചായക്കടയിൽ വന്നു പറഞ്ഞാൽ മതി.ചായകുടിക്കാനെത്തുന്നവരിലൂടെ വിവരം ദേശം മുഴുവൻ എത്തും. ടീവിയും ,ഇന്റർനെറ്റും, വാട്സ്അപ്പും, ഫേസ്ബുക്കും ഒന്നുമില്ലാത്ത കലർപ്പില്ലാത്ത പഴമയുടെ പ്രതീകമായിരുന്നു ചായക്കടകൾ. പണ്ട് കാലത്തെ ചായക്കടകള്‍ക്ക് സമാനതകളുള്ള ഒരു ലേഔട്ട് ഉണ്ടായിരുന്നു. ചില്ലിട്ട അലമാരി. അതിനുള്ളില്‍ ഉണ്ടംപൊരി, പഴം പൊരി, ഉള്ളി വട, പുട്ട്, അപ്പം, ഇടിയപ്പം തുടങ്ങിയ വിഭവങ്ങള്‍ പുറമെനിന്ന് കാണാം. ഇപ്പോള്‍ വിപണിയില്‍ കാര്യമായി കാണാത്ത നെയ്യപ്പം, മടക്ക്, വെട്ട് കേക്ക് തുടങ്ങിയവയും ഉണ്ടാകും. പപ്പടവും, പപ്പടവടയും ബിസ്ക്കറ്റ് വന്നിരുന്ന പാട്ടകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ചായക്കടയുടെ വില്‍പ്പനയെ ആശ്രയിച്ചാണ് വിഭവങ്ങളുടെ എണ്ണം കൂടുന്നതും കുറയുന്നതും. തിളയ്ക്കുന്ന വെള്ളം ഒരു പാത്രത്തില്‍ എപ്പോഴും ഉണ്ടാകും. ഒരു ചായ എന്ന് പറഞ്ഞാല്‍ ഉടന്‍ ഉണ്ടാക്കി നല്‍കും. സമോവര്‍ എന്നാണ് ആ പാത്രത്തിന്‍റെ പേര്. പാത്രത്തിന്‍റെ താഴെ പിടിപ്പിച്ച പൈപ്പിലൂടെ ചൂട് വെള്ളം എടുക്കാം. ചീനവലപോലുള്ള സാധനമാണ് ചായ പോഞ്ചി. അതില്‍ ചായപൊടി നിറച്ചിരിക്കും. ഇതില്‍ നിന്ന് എടുക്കുന്ന ചായ സത്താണ് കടുപ്പം നിയന്ത്രിക്കുന്നത്. കടുപ്പം കുറച്ച് വേണ്ടവര്‍, മീഡിയം കടുപ്പം വേണ്ടവര്‍, കടുപ്പം കൂട്ടി ചായ കുടിക്കുന്നവര്‍ ഇങ്ങനെ വ്യത്യസ്ഥ ശീലമുള്ളവര്‍ ഉണ്ട്. അതുപോലെ തന്നെയാണ് പഞ്ചാരയുടെ കാര്യയും. മീറ്റര്‍ ചായ എന്ന ഒരിനം പ്രശസ്തമായിരുന്നു. ഒരു മീറ്റര്‍ ഉയരത്തില്‍ നിന്ന് ഗ്ലാസില്‍ പകരുമ്പോള്‍ പതഞ്ഞ് പൊന്തുന്ന ചായയാണ് ചിലര്‍ക്ക് പ്രിയം. ഒരു ക്കൈയ്യില്‍ ഗ്ലാസും, മറു ക്കൈയ്യില്‍ ചായ കോപ്പയും വെച്ച് ക്കൈകള്‍ രണ്ട് വശത്തേയ്ക്ക് വിടര്‍ത്തി, കോപ്പയില്‍ നിന്ന് ഗ്ലാസിലേയ്ക്കോ മറ്റൊരു കോപ്പയിലേയ്ക്കോ വായുവിലൂടെ ചായ പകരുന്നത് ഒരു കാഴ്ച്ച തന്നെയാണ്. നല്ല പരിശീലനം ഉള്ളവര്‍ക്ക് മാത്രമേ അത് സാധിക്കൂ. പൊടി കാപ്പിയും പ്രശസ്തം തന്നെ.കേരളത്തിലെ ചായക്കടകളിൽ സാധാരണയായി ഉപയോഗിച്ചുവന്നിരുന്ന ‘സമോവർ’ ലോകമെങ്ങുമുള്ള പഴയകാല ചായക്കടയുടെ ‘ഐക്കൺ’ ആണ് . അതിരാവിലെ തന്നെ സമോവർ കരി നിറച്ചു ,തീ കൂട്ടി ,വെള്ളം തിളച്ചു മറിഞ്ഞ് , ആവി പൊന്തുന്ന പാലും ചേർന്ന് തുണി അരിപ്പയിലൂടെ ചായ ഗ്ലാസിലേക്ക് ഒഴുകി തുടങ്ങും. സ്വയം തിളയ്ക്കുന്ന(സെൽഫ്‌ ബോയിലർ )എന്ന് അർത്ഥം വരുന്ന റഷ്യൻ വാക്കാണ് സമോവർ. അതുകൊണ്ട് തന്നെ സമോവറിന്റെ ജന്മ ദേശം റഷ്യ ആണ്. റഷ്യയിലെ വീടുകളിൽ എപ്പോഴും ചൂടുവെള്ളം ലഭിക്കാനാണ് ഈ പാത്രം ഉപയോഗിക്കാറുള്ളത് . മുഴുവൻ ഇന്ധനത്തിന്റെ അംശവും പാഴാകാതെ ഉപയോഗിക്കാമെന്നതും ചൂടും , വെള്ളവും നഷ്ടപ്പെടുന്നില്ല എന്നതും ഇതിന്റെ ഗുണങ്ങളാണ്.ഒരേസമയം ഈ പ്രയോജനങ്ങൾ ഉള്ളതുകൊണ്ടാകാം അറബ് നാട്ടിലെ ചായക്കടകളിലും ഇവ സ്വീകാര്യമായത് . പിന്നീട് മധ്യയൂറോപ്പ്, തുർക്കി, കശ്മീർ തുടങ്ങിയ തണുപ്പുള്ള പ്രദേശങ്ങളിലും സമോവറിന്റെ ഉപയോഗം വ്യാപിച്ചു. അവിടുത്തെ സമോവറുകളൊക്കെ കലാപരമായി സുന്ദരമാക്കിയവ ആയിരുന്നു.ദിവസം മുഴുവൻ ചായക്കടയിലെ ജീവിതങ്ങൾക്ക് ദൃക്‌സാക്ഷി ആയ സമോവർ നമ്മുടെ നാട്ടിൽപുറങ്ങളിലെ പ്രഭാതങ്ങൾക്കു കൂട്ടായി എന്നാണ് അവതരിച്ചതെന്നു ഒരു ഊഹവുമില്ല. ചീനചട്ടി, ചീനവല എന്നിവ പോലെ കടൽ കടന്നു വന്നതാണ് സമോവർ.ചെമ്പോ പിച്ചളയൊ കൊണ്ടുള്ള സമോവർ ആണ് സാധാരണ ചാ‌യക്കടകളിൽ കാണുക. സമോവറിന് രണ്ട് വായകൾ ആണുള്ളത്. ഒന്ന് കൽക്കരി (നാടൻ മരക്കരിയും) നിറയ്ക്കാനും മറ്റൊന്ന് വെ‌ള്ളം നിറയ്ക്കാനും . ഇതിന്റെ മേൽമൂടി തുറന്ന് വെള്ളം നിറയ്‌ക്കും. അതേ ഭാഗത്തുകൂടി തന്നെ ഇന്ധനമായ കരിയും നിക്ഷേപിക്കും. മുകളിൽതന്നെ ചായപ്പൊടി നിറച്ച സഞ്ചിയും , പാൽ തിളപ്പിക്കാൻ പാത്രവുമുണ്ട്.വെള്ളം നിറയ്ക്കാനുള്ള വായ എപ്പോഴും ചായ സഞ്ചി വച്ചിട്ടുള്ള നീളൻ കപ്പുകൊണ്ട് അട‌ച്ചിരിക്കും. ഇതിനുള്ളിൽ ഒരു ചെമ്പു നാണയം ഇടും . തിളക്കുന്ന വെള്ളത്തിൽ തുള്ളുന്ന നാണയം കട കട കട കട ശബ്ദം ഉണ്ടാക്കും . വെള്ളം തിളക്കുന്നെന്നും ചായക്കട സജീവമെന്നും റോഡിൽ പോകുന്നവർക്കും അറിയും..വെള്ളത്തിൽ കനം കുറഞ്ഞ ഒരു പൈസ, രണ്ടു പൈസ നാണയങ്ങൾ ഇടുന്നത്… വെള്ളം തിളക്കുമ്പോൾ ഈ നാണയങ്ങൾ ഉയർന്നുപൊങ്ങി ടക്… ടക്… ശബ്ദം ഉണ്ടാകും.. വെള്ളം തിളച്ചോ എന്നറിയാനുള്ള സൂത്രവിദ്യയാണ് അത്… എഴുപതുകളിലെയും , എൺപതുകളിലെയും സിനിമകളിലെ നിത്യ സാന്നിധ്യമായിരുന്നു നാട്ടിൻപുറ ചായക്കടകളും സമോവറും. കൂടെ ചായക്കടക്കാരൻ മമ്മദിക്കയോ , ചെല്ലപ്പൻ ചേട്ടനോ, അന്തോണിയോ ഒക്കെ. ഇന്ന്‌ സമോവർ പഴങ്കഥയായി. പുതിയ പാത്രങ്ങളുടെയും , സ്ടൌ എന്നിവയുടെ വരവോടെ സമോവർ വിട വാങ്ങി. നാട്ടിന്‍ പുറങ്ങളിലെ അപൂര്‍വം ചില കടകളില്‍ മാത്രമാണ് ഇന്ന് സമോവർ ഉപയോഗിക്കുന്നത് . ചായക്കടകള്‍ ഒക്കെ രീതി മാറി ഫാസ്റ്റ്‌ ഫുഡ്‌ ഹബ്ബുകള്‍ ആയി,തട്ടുകടകളിലും സമോവർ ഇല്ല.എങ്കിലും കേരളത്തിലെ പല ആഡംബര ഹോട്ടലിലും , റിസോർട്ടുകളിലും ടൂറിസത്തിന്റെ ഭാഗമായി നാടൻ ചായക്കടകളും സമോവറും അവതരിച്ചിട്ടുണ്ട്.ഇവ നല്ല വില നല്‍കി ശേഖരിക്കുന്ന പുരാവസ്തു പ്രേമികളും ഉണ്ട് .എങ്കിലും ഇന്നും പഴമക്കാര്‍ തേടുന്നത് ആ സമാവര്‍ ചായ തന്നെ ആണ് .മലയാളികൾ മുടിഞ്ഞ ഗൃഹാതുരത്വം കൊണ്ട് നടക്കുന്ന ഗൾഫ് നാടുകളിൽ സമോവറും , സമോവർ ചായയും പഴമയുടെ രുചി പകർന്നുനൽകുകയാണ്.സമോവർ ചായയും ചെറുകടികളുമായി ചില ചായക്കടകൾ ചിലപ്പോൾ അവിടങ്ങളിൽ കാണാം.രാത്രി എട്ടുമണിയോടെ ചായക്കടികൾ തീർന്നാലും സമോവറിൽ വെള്ളം തിളച്ചു കൊണ്ടേയിരിക്കും. ഏത് പാതിരാത്രിയും സമോവർ ചായ റെഡി. ഒരു പ്രത്യേക രുചിയാണ് സമോവർ ചായയ്ക്ക്. അതുകൊണ്ടുകൂടിയാണ് ഭക്ഷണപ്രേമികൾക്ക് സമോവറിനോട് പ്രിയമേറിയത്. വൈകുന്നേരങ്ങളിൽ മിക്ക മലയാളികളുടെയും റിലാക്സിങ് കേന്ദ്രങ്ങളാണ് ഇത്തരം ചായക്കടകൾ. കൈമോശം വന്ന പഴയ ഓർമ്മകൾ തിരിച്ചു പിടിക്കാൻ കൂടിയാവാം ഇവിടെ ഇത്തരം കൂടിച്ചേരലുകളും ദൃക്‌സാക്ഷിയായി നമ്മുടെ സമോവറും.ഇപ്പോൾ ചെറിയ സമോവർ മാർക്കറ്റിൽ ലഭ്യമാണ്. ദുബായിൽ വീട്ടിൽ ഉപയോഗിക്കുവാൻ പറ്റുന്ന രീതിയിലുള്ളത് 50 ദിർഹം മുതൽ 300 വരെ വില ഉള്ളത് ഉണ്ട്. ചെറിയ ഒരു ഫ്ലാസ്ക് പോലെ ഇരിക്കുന്ന ഏകദേശം ഒരു ലിറ്റർ വലുപ്പം ഉള്ളത്. ചൈനയിലാണ് ചായയുടെ ഉത്ഭവമെന്ന് ചരിത്രം പറയുന്നു.വാമൊഴി ഐതിഹ്യപ്രകാരം ചൈനിസ് ചക്രവർത്തിയായിരുന്ന ഷെൻ നൂങ് (shen nung)ആണ് ചായയുടെ തനിനിറം യാദൃശ്ചികമായി തിരിച്ചറിഞ്ഞത്.ഇദ്ദേഹം കാട്ടിൽ വേട്ടക്കുപോയ സമയത്ത് അൽപം വെള്ളം ചൂടാക്കാൻ വെക്കുകയും , ഏതോ ചെടിയുടെ ഉണങ്ങിയ ഇലകൾ വെള്ളത്തിലേക്ക് പാറിവീഴുകയും ചെയ്തു. തവിട്ടുനിറത്തിലായ വെള്ളം രുചിച്ചുനോക്കിയ ചക്രവർത്തി പാനീയം നൽകിയ ഉൻമേഷം അനുഭവിച്ചറിഞ്ഞു.തേയിലയുടേയും ചായ എന്ന അത്ഭുതപാനീയത്തിന്റെയും കഥ ഇവിടെ തുടങ്ങുന്നു.“ചാ"എന്ന ചൈനീസ് പദത്തിൽനിന്നാണ് ചായയുടെ തുടക്കം. ഏതാണ്ടെല്ലാ ഏഷ്യൻഭാഷകളിലും “ചായ്” എന്നാണ് ചായ അറിയപ്പെടുന്നത്.ഏറ്റവും കൂടുതൽ തേയില ഉത്പാദിപ്പിക്കുന്ന രാജ്യമെന്ന പദവി ചൈനക്ക് സ്വന്തമാണ് . സെൻ ബുദ്ധസന്യാസിമാരിലൂടെയാണ് ചായ ജപ്പാനിലെത്തിച്ചേരുന്നത്.പിന്നീടത് കാലക്രമേണ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ചു.ഡച്ച് സമൂഹത്തിലെ ഒരു ആഢംബരവസ്തുവായിമാറാനും , സ്വർണ്ണത്തേക്കാൾ മൂല്യമുള്ള സാധനമായി മാറാനും ചായക്ക് ഏറെക്കാലം വേണ്ടിവന്നില്ല.എന്തിനധികം,അമേരിക്കൻവിപ്ലവത്തിന് തുടക്കമിട്ട ബോസ്റ്റൺ ടീ പാർട്ടിക്കു നിമിത്തമാകാനും ഈ ഇത്തിരിപ്പോന്ന തേയിലക്കായി . കേരളത്തിൽനിന്നും വ്യത്യസ്തമായി ഉത്തരേന്ത്യയിൽ ഇഞ്ചി പോലുള്ള സുഗന്ധദ്രവ്യങ്ങൾ ചേർത്താണ് ചായ കൂടുതലായി ഉപയോഗിച്ചു വരുന്നത്. കേരളത്തിലെ ചായയിൽ പാലും വെള്ളവും സമാസമമായിരിക്കുമ്പോൾ തമിഴ്നാട്ടിൽ പാലിന്റെ അളവ് കൂടും.കർണ്ണാടകയിലാവട്ടെ പാലിൽ ചായപ്പൊടിചേർത്ത് കഴിക്കുന്നതാണ് പഥ്യം.വെള്ളം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതലാളുകൾ കുടിക്കുന്ന പാനീയമാണ് ചായ. ????ചായക്കടയും, സമോവറും, ചായയും ഉള്ള നാടൻ ചായക്കടയുടെ ഒരു രംഗ-വിവരണം നോക്കാം. ‘ചെല്ലപ്പൻ ചേട്ടാ, അല്ലങ്കിൽ “ഹസൻക്കാ, അല്ലങ്കിൽ “അന്തോണേയ്…. -ഒരു ചായെടഡോ!” …..എന്ന് വഴി പോക്കൻ കടയിൽ കയറി പറയും. കുപ്പി ഗ്ലാസ്സ് പൊട്ടും എന്ന് തോന്നും പോലെ പലകയിൽ ഒച്ചയിൽ മലർത്തിവെക്കും പഞ്ചാരയും പാലും ഗ്ളാസിലിടും; സ്പൂൺ കൊണ്ട് “ടക് ടക് ടക് ട…” എന്ന് ഇളക്കും. സമോവറിന്റെ ടാപ്പ് തുറക്കും; ചായപ്പൊടി ഇട്ട അരിപ്പ കപ്പിലേക്ക് തിളച്ച വെള്ളം എടുക്കും; അരിപ്പ വെള്ളത്തിൽ രണ്ടു തവണ കുത്തും; അരിപ്പയിലൂടെ ഗ്ളാസ്സിലേക്ക് ചായ വെള്ളം ഒഴിക്കും; വലിയ തകര കപ്പിലേക്ക് ഒരു കൈ ആകാശത്തോളം ഉയർത്തി മറു കപ്പിലാക്കിയ ചായ വെള്ളം പാലും പഞ്ചസാരയും കലർന്നത് താഴെ ഭൂമിയോളം താഴ്ന്ന മറ്റൊരു കപ്പിലേക്ക് ആറ്റുമ്പോൾ മഞ്ഞ കലർന്ന തവിട്ടു നിറത്തിന്റെ ഒരു രേഖതെളിയും “ശ്റോം…” എന്നൊരു ശബ്ദവും ക്ളാസ്സിലേക്ക് പകരുന്ന ചായ പത പൊന്തി നിൽക്കും! രസികന്‍ സമോവര്‍ കഥകള്‍ നാട്ടിന്‍ പുറങ്ങളിൽ ധാരാളം ഉണ്ട് . ഒന്ന് രണ്ട് ഉദാഹരണങ്ങൾ നോക്കാം. ⚡നാടന്‍ ചായക്കടയില്‍ കയറിയ സായ്പിനെ പറ്റിയാണ് ഒന്ന് : ചായക്കോപ്പ ഉയര്‍ത്തി താഴെ ഉള്ള ഗ്ലാസിലേക്ക് പതപ്പിച്ചു ഒഴിക്കുകയാണ് ചായക്കാരന്‍ . ആളുകള്‍ വാങ്ങി കുടിക്കുന്നു . പണം കൊടുക്കുന്നു .ആ ഒഴി കണ്ടു സായ്പ് രണ്ടു മീറ്റര്‍ ചായക്ക് ഓര്‍ഡര്‍ ചെയ്തത്രേ . ⚡വേറൊരു കഥ ഇങ്ങിനെ : ചായക്കടക്കാരന്‍ നാട്ടിന്‍ പുറത്ത്കാരനായ ഒരാളോട് കടയിലേക്ക് രണ്ട് നാഴി പാല്‍ കൊണ്ട് വരാന്‍ ആവശ്യപ്പെട്ടു .പാല്‍ കൊടുത്തയക്കുന്നത് ഒരു കുട്ടിയുടെ കയ്യില്‍ ആണ് .വഴിയില്‍ വച്ച് കുറച്ചു പാല്‍ കുട്ടിയുടെ കയ്യില്‍ നിന്ന് തുളുമ്പിപ്പോയി .കടയില്‍ അളവ് കുറഞ്ഞാല്‍ അച്ഛന്റെ കയ്യില്‍ നിന്നും അടി കിട്ടും എന്ന് പേടിച്ച കുട്ടി തൊട്ടടുത്തെവയലില്‍ നിന്നും കുറച്ചു വെള്ളം എടുത്തു പാത്രത്തില്‍ ഒഴിച്ച് അളവ് കൃത്യം ആക്കി .കടക്കാരന്‍ പാല്‍ എടുത്തു ഒഴിച്ചപ്പോള്‍ പാലില്‍ നിന്നും ഒരു പരല്‍ മീന്‍ പുറത്ത് ചാടി .ഇത് കണ്ട ഫലിത പ്രിയന്‍ ആയ കടക്കാരന്‍ കുട്ടിയോട് ഇങ്ങിനെ പറഞ്ഞത്രേ . “നാളെ ഒരു നാരായം പാല്‍ തരാന്‍ അച്ഛനോട് പറയണം. എന്നാല്‍ എനിക്ക് ഉച്ചക്ക് കറിവക്കാന്‍ ഉള്ള നാല് കണ്ണന്‍ (വരാല്‍)മീനുകളെ കിട്ടുമോ എന്ന് നോക്കാന്‍ ആണ് .”

9.1K Like Comment Share