മിനേഷ് രാമനുണ്ണി ഈ മഹാവ്യാധിയുടെ കാലത്ത് നമ്മുടെ ജനാലകളിൽ നിന്ന് മാറി വേണം ചുറ്റുമുള്ള ലോകത്തെ കാണാൻ . പെട്ടെന്നൊരു ദിവസം വരുമാനം നിലച്ചാൽ എന്ത് സംഭവിക്കും എന്നൊരു ചോദ്യം ഏതൊരു മനുഷ്യനേയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്. സ്ഥിര വരുമാനമുള്ള പലരും (സർക്കാർ , സ്വകാര്യ സ്ഥാപനങ്ങളിലെ ജോലികൾ, ഗൾഫിൽ നിന്നും മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുമൊക്കെ ഉയർന്ന വരുമാനം ഉള്ളവർ ) ഈ ചോദ്യത്തെ വലിയതോതിൽ ഭയക്കുന്നവരല്ല . പല വിധത്തിലുള്ള വരുമാനവും ആദായവും ഉള്ള അത്തരം വലിയൊരു വിഭാഗം പേർ നമുക്ക് ചുറ്റുമുണ്ട്. പലപ്പോഴും നമ്മുടെ ജനാലകൾ ആ കാഴ്ചകളേ കാണിച്ചു തരൂ. എന്നാൽ എല്ലാവരുടേയും കാര്യം അങ്ങനെയല്ല. അതിനിടയിൽ ചിലരുടെ കഥകൾ കേൾക്കുകയുണ്ടായി. ദിവസക്കൂലി കൊണ്ട് കുടുംബം പുലർത്തുന്ന ചിലരുടെ കഥകൾ, ടെക്സ്റ്റൈൽ ഷോപ്പിലും മറ്റും പണിയെടുത്ത് അതിൽ നിന്നും കിട്ടുന്ന പൈസ കൊണ്ട് കുടുംബം നോക്കുന്നവർ, ഓട്ടോ -ടാക്സി ഓടിച്ചു കുടുംബം നോക്കുന്നവർ, മത്സ്യ ബന്ധനം നടത്തി ജീവിക്കുന്നവർ, അങ്ങനെ അനേകം പേർ. പെട്ടെന്നൊരു ദിവസം വരുമാനം നിന്നപ്പോൾ എന്ത് ചെയ്യണം എന്ന് അറിയാതെ പോയവർ, മൂന്നു നാല് ദിവസം കൊണ്ട് പോക്കറ്റിലെ കാശ് തീർന്നപ്പോൾ അടുപ്പു പുകയാതെ പോയ വീടുകളുടെ കഥകൾ. 80 % പേർ ആറു പ്രവർത്തി ദിനം കൊണ്ട് റേഷൻ വാങ്ങി എന്ന് കേട്ടപ്പോൾ അദ്‌ഭുതം തോന്നിയില്ല. ചില അടുപ്പുകൾ ഒക്കെ വീണ്ടും പുകഞ്ഞത് അങ്ങനെയാണ് . പലവ്യഞ്ജന കിറ്റുകളും ഉടൻ എത്തുമെന്നതും വലിയ ആശ്വാസമാണ്. ലോക് ഡൌൺ കാലത്തിനിടെ സഹകരണ ബാങ്കുകാരുടെ വണ്ടി വീട്ടിനടുത്തുള്ള പ്രായമേറിയ ചിലരെ തേടി വന്നിരുന്നു. ക്ഷേമ പെൻഷനായി 2400 രൂപ കിട്ടിയ മനുഷ്യരുടെ കണ്ണുകളിലെ സന്തോഷവും ഈ ദുരിത കാലത്ത് ഈ തുക നൽകുന്ന ആശ്വാസവും ചെറുതല്ലെന്നു നേരിട്ടറിയുന്ന കാര്യമാണ് . തുടങ്ങിയ കാലത്ത് മലയാളികൾ ഏറ്റവും പരിഹസിച്ച സംരംഭങ്ങളിൽ ഒന്നായിരുന്നു കുടുംബശ്രീ . ‘പെണ്ണുങ്ങൾ ഇരുന്നു പരദൂഷണം പറയുന്ന പരിപാടിയാണ് ഇത്’ എന്ന നിലയിൽ എത്ര കോമഡി പരിപാടികൾ നാം കണ്ടതാണ് . കുടുംബശ്രീ വഴി രണ്ടായിരം കോടി രൂപയുടെ പലിശ രഹിത വായ്പ മലയാളി കുടുംബങ്ങളിലേക്ക് ഉടൻ എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്. സാധാരണക്കാരായ വലിയൊരു വിഭാഗം കുടുംബങ്ങൾ മൂന്നാഴ്ചത്തെ വരുമാനമില്ലാത്ത ഈ അവസ്ഥയിൽ നിന്ന് പിടിച്ചു കയറുന്നതു ഈ വായ്പകൾ വഴിയായിരിക്കും . പ്രളയ കാലത്ത് പ്രളയബാധിത ജില്ലകളിലെ പല വീടുകളും പ്രളയ ദുരിതത്തിൽ നിന്ന് പിടിച്ചു കയറിയത് കുടുംബശ്രീ വഴിയുള്ള വായ്പകൾ മുഖേനയായിരുന്നു . ലോകം മുഴുവൻ ഭീതിയിൽ നിൽക്കുന്ന കാലമാണ്. അപ്പോഴും കേരളത്തെ ജീവിക്കാൻ കൊള്ളാവുന്ന ഇടമാക്കി നിർത്തുന്നത്മ മനുഷ്യർക്കൊപ്പം സർക്കാർ നടത്തുന്ന ഇടപെടലുകൾ കൂടിയാണ്. ദുരിതങ്ങളിൽ അവർ ഒറ്റക്കല്ലെന്ന തോന്നലുകളിലൂടെയാണ്. മനുഷ്യന്റെ ജീവിത പ്രശ്നങ്ങൾക്കൊപ്പം ഒരു സർക്കാർ ഉണ്ടെന്ന തോന്നൽ നൽകുന്ന ആശ്വാസം ചില്ലറയല്ല. ഇനിയങ്ങോട്ടുള്ള ദിവസങ്ങൾ എങ്ങനെ വരും എന്നുള്ള കാര്യത്തിൽ ഉറപ്പില്ലാത്തതൊരു കാലമാണ്. പക്ഷെ നാം ഒന്നിച്ചു അതിജീവിക്കും എന്നൊരു പ്രതീക്ഷ ഇപ്പോഴുമുണ്ട്. ആ പ്രതീക്ഷയാണ് ഓരോ ദിവസവും നമുക്ക് കരുത്തേകുന്നത്.
ഇനിയങ്ങോട്ടുള്ള ദിവസങ്ങൾ എങ്ങനെ വരും എന്നുള്ള കാര്യത്തിൽ ഉറപ്പില്ലാത്തതൊരു കാലമാണ്

11K
Like
Comment
Share