"രുചിക്കൂട്ടുകളുടെ തമ്പുരാൻ, സാക്ഷാൽ പഴയിടം മോഹനൻ നമ്പൂതിരി ! വെറുമൊരു സാധാരണക്കാരനായി നിന്ന് സദ്യ ഒരുക്കുന്നു" കുറിപ്പ്

കേരളത്തിലെ പ്രശസ്ത ചിത്രകാരനായ Mopasang Valath പാചകവിദഗ്ദനായ പഴയിടം മോഹനൻ നമ്പൂതിരിയെ കുറിച്ചെഴുതിയ കുറിപ്പ് . Mopasang Valath സോഷ്യൽ മീഡിയയിൽ ആണ് തന്റെ അനുഭവ കുറിപ്പ് പങ്കുവച്ചത്. Mopasang Valath ഒരു പഴയിടം അനുഭവം 2014ലായിരുന്നു മകളുടെ വിവാഹം. നിശ്ചയം കഴിഞ്ഞപ്പോഴെ ഉറപ്പിച്ചു, പാചകം പഴയിടം തിരുമേനിയുടേതു തന്നെ. പ്രിയ സുഹൃത്ത് രാജാ ശ്രീകുമാരവർമ്മ അദ്ദേഹത്തിന്റെ നമ്പർ തപ്പിയെടുത്തു തന്നു. പഴയിടത്തിന്റെ മകനാണ് ഫോൺ എടുത്തത്. നല്ല ചുറുചുറുക്കുളള ചെറുപ്പക്കാരൻ. യദു പഴയിടം. പ്രായത്തിൽ കവിഞ്ഞ പക്വതയോടെ കാര്യങ്ങളെല്ലാം അദ്ദേഹം എഴുതിയെടുത്തു. വിവാഹത്തിന്റെ തിയതി, സ്ഥലം, ഇലയുടെ എണ്ണം, വിഭവങ്ങളുടെ വിശദ വിവരം അങ്ങിനെ, അങ്ങിനെ… അന്നു തന്നെ അഡ്വാൻസ് തുകയും അയച്ചു. വിവാഹ ഒരുക്കങ്ങളുടെ പകുതി ജോലി തീർന്ന ഒരാശ്വാസം മനസ്സിൽ നിറഞ്ഞു. അതിനു കാരണമുണ്ട്. എന്റെയും ഭാര്യയുടേയും ബന്ധുക്കൾ മുഴുവൻ എറണാകുളത്താണ്. കോട്ടയത്തു താമസിക്കുന്ന ഞാനും അവളും കൂടി എത്ര തുഴഞ്ഞാലാണ് വിവാഹ ദിനമെന്ന അങ്ങേ തുരുത്തിലെത്തുക! പിന്നെ ഒരു ധൈര്യം. ഒരു ചങ്കൂറ്റം !അതിന്റെ പിൻബലത്തിൽ കൃത്യമായ കണക്കുകൂട്ടലുകളോടെ മുന്നോട്ടു പോവുകയാണ്. കാര്യങ്ങൾ പ്രതീക്ഷിച്ചതു പോലെ സുഗമമായി നീങ്ങുന്നുണ്ട്. എങ്കിലും അകാരണമായ ഒരു പരിഭ്രമത്തിലാണ് ഓരോ രാത്രിയും ഒടുങ്ങുന്നത്. പരിഭ്രമങ്ങൾ പെരുകിപ്പെരുകി വരുകയും അവ ഒന്നൊന്നായി പിറ്റേന്നു പരിഹരിക്കപ്പെടുകയും ചെയ്യുമ്പോഴുള്ള സമാശ്വാസം : അതും ഒരു ധൈര്യം തന്നെ ആയിരുന്നു.വിവാഹ ദിനത്തിന് ഇനി ഒരാഴ്ചയേ ഉള്ളു. ഏകദേശം എല്ലാം ഭദ്രം. സദ്യയുടെ കാര്യം ശ്രീ പഴയിടത്തോട് ഒന്നു കൂടി ഓർമ്മിപ്പിക്കാമെന്നു കരുതി വിളിച്ചു. ഫോൺ എടുത്തില്ല. കുറച്ചു കഴിഞ്ഞു വിളിച്ചു അപ്പോഴും എടുത്തില്ല. അന്നു മുഴുവൻ ആ ഫോണിൽ വിളിച്ചു. മറുപടി ഉണ്ടായില്ല. പിറ്റേന്നും. ആകെ ബേജാറായി. ശ്രീകുമാർ വർമ്മയും ചേർന്ന് പല വഴിക്ക് അന്വേഷിച്ചു. അപ്പോഴാണ് അറിയുന്നത് പഴയിടം തിരുമേനി വിദേശത്താണ്. ഗൾഫ് നാടുകളിലെവിടെയോ ആണ്…! സപ്ത നാഡികളും തളർന്നു. പിന്നെ മടിച്ചില്ല. പിറ്റേന്നു രാവിലെ തന്നെ തിരുമേനിയുടെ ഇല്ലമായ കുറിച്ചിത്താനത്തേക്കു പുറപ്പെട്ടു. കൂട്ടിനു വർമ്മയുമുണ്ട്. പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. അമ്പലപ്പുഴ രാമവർമ്മ സാറിന്റെ മകനാണ് ഹാസ സാഹിത്യകാരൻ കൂടി ആയ രാജാ ശ്രീകുമാര വർമ്മ. എന്റെ ഉള്ളം തണുപ്പിക്കാൻ അദ്ദേഹം ഓരോരോ നർമ്മാനുഭവങ്ങൾ പറയുന്നുണ്ട്. ഒന്നും ഏശുന്നില്ല. [caption id=“attachment_379011” align=“aligncenter” width=“800”] പഴയിടം നമ്പൂതിരി[/caption] ഞങ്ങൾ അവിടെ എത്തി. എങ്ങു നിന്നോ അദ്ദേഹത്തിന്റെ മകൻ യദു പഴയിടം ഓടിയെത്തി. അദ്ദേഹം എന്റെ FB സുഹൃത്തുകൂടിയാണ്. വെളുക്കെയുള്ള ആ ചിരി കണ്ടപ്പഴേ പകുതി സമാധാനമായി. അപ്പോഴാണറിയുന്നത് ഞാൻ വിളിച്ചിരുന്ന ഫോൺ യദുവിന്റേതായിരുന്നു. അതു കേടുവന്നതുകൊണ്ട് റിപ്പയർ ചെയാൻ കൊടുത്തിരിക്കുകയാണ്. അപ്പോൾ അച്ഛനോ ? അദ്ദേഹം ഗൾഫിലല്ലേ ? ആയിരുന്നു. ഇന്നു രാവിലെ എത്തി. അകത്തുണ്ട്. വരു, കാണാം. വർമ്മയും ഞാനും മുഖത്തോടു മുഖം നോക്കി. ആകുലതകൾ ഒഴിഞ്ഞു പോകുമ്പോഴുള്ള സുഖകരമായ അവസ്ഥ ! ഞങ്ങൾ അകത്തേക്കു കയറി. അവിടെ ഒരു മേശയ്ക്കപ്പുറം അദ്ദേഹമിരിക്കുന്നു. സാക്ഷാൽ പഴയിടം മോഹനൻ നമ്പൂതിരി ! ദൈവം കൺമുന്നിൽ ഉദിച്ചതു പോലെ. സ്വതസിദ്ധമായ പതുങ്ങിയ ചിരി. ഞങ്ങൾ നാടിളക്കി അതുവരെ അദ്ദേഹത്തെ അന്വേഷിച്ചതൊക്കെ അദ്ദേഹവും അറിഞ്ഞിരിക്കുന്നു. ഇരു കൈമുട്ടുകളും മേശമേലമർത്തി അൽപ്പമൊന്നു മുന്നോട്ടാഞ്ഞ് വെളുക്കെ ചിരിച്ച് പഴയിടം ഒരു ചോദ്യം ചോദിച്ചു. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ചോദ്യം. നിങ്ങൾ സദ്യ ഏൽപ്പിച്ചതു പഴയിടത്തിനെ. സദ്യ ഏറ്റതും പഴയിടം. പിന്നെന്തിന്നു പരിഭ്രമം ? ആ നിമിഷത്തിൽ ഉള്ളിലേക്കിടിച്ചു കയറിയ സമാധാനം! അതു പകർന്ന ആത്മഹർഷം. ഞാനും വർമ്മയും ഒരു പോലെ അത് ആസ്വദിച്ചനുഭവിച്ചു.പറഞ്ഞതു പോലെ വിവാഹ ദിനത്തിനു തലേന്ന് സായന്തനത്തിൽ പഴയിടവും സംഘവും വിവാഹം നടക്കുന്ന കോട്ടയത്തെ ഓഡിറ്റോറിയത്തിലെത്തി. എങ്കിലും രാത്രി എട്ടുമണിയോടെയാണ് എനിക്കങ്ങോട്ടു ചെല്ലാൻ കഴിഞ്ഞത്. കലവറ ആകെ സജീവം. തട്ടലും മുട്ടലും കഷണം നുറുക്കലും അടുപ്പിലെ ഉരുളിയിൽ ഇളക്കലും തിരിക്കലും … ഞാനാ ശുഭ്ര വസ്ത്രധാരിയെ തിരഞ്ഞു. വെളുക്കെയുള്ള ആ നിർമ്മലമായ ചിരി തിരഞ്ഞു. കണ്ടില്ല. ആകാംക്ഷയോടെ ചോദിച്ചു : അയ്യോ പഴയിടം തിരുമേനി വന്നില്ലേ ? തിരുമേനിയല്ലേ ആ സാമ്പാർ ഇളക്കുന്നത്! നോക്കുമ്പോൾ മേൽക്കുപ്പായമൊന്നുമില്ലാതെ അർദ്ധ നഗ്നനായ ഫക്കീർ പോലെ പഴയിടം മോഹനൻ നമ്പൂതിരി ! കയ്യിൽ ഖാണ്ഡീവം പോലെ ചട്ടുകം. മലയാളികളുടെ രുചി ഭേദങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന രുചിക്കൂട്ടുകളുടെ തമ്പുരാൻ, സാക്ഷാൽ പഴയിടം മോഹനൻ നമ്പൂതിരി ! വെറുമൊരു സാധാരണക്കാരനായി നിന്ന് സദ്യ ഒരുക്കുന്നു. ആരും കാണിക്കാത്ത ആ അർപ്പണബോധത്തിനും സവിനയ പെരുമാറ്റത്തിനും മുന്നിൽ ഞാൻ മനസ്സറിഞ്ഞു ശിരസ്സു നമിച്ചു. കെങ്കേമമായ സദ്യയാണ് പിറ്റേന്ന് ഒരുങ്ങിയത്. വരന്റെ നാടായ കോഴിക്കോടു നിന്നെത്തിയവരേയും അവരുടെ ബന്ധുക്കളായി തിരുവനന്തപുരത്തു നിന്നെത്തിയവരേയും എന്റെയും മിനിയുടെയും നാടായ എറണാകുളത്തു നിന്നെത്തിയവരേയും ഞങ്ങൾ താമസിക്കുന്ന ഇടമായ കോട്ടയത്തു നിന്നെത്തിയവരേയും ഒരു പോലെ തൃപ്തിപ്പെടുത്തിയ രുചി നിറഞ്ഞു തുടിച്ച സദ്യ! തെക്കു വടക്കൻ ചിട്ടക്കാരെയൊക്കെ ഒരു പോലെ തൃപ്തിപ്പെടുത്തിയ സദ്യ! എങ്കിലും എനിക്കൊരു നഷ്ടബോധമുണ്ട്. അന്ന് കുറിച്ചിത്താനത്തു നിന്ന് തിരുമേനിയെ കണ്ട് മടങ്ങാൻ നേരം മധുര പ്രിയനായ ഞാൻ പറഞ്ഞിരുന്നു : തിരുമേനീ, പായസത്തിനു നല്ല കിടുക്കൻ മധുരം വേണം! തിരുമേനി ഒന്നു ചിരിച്ചു. അത്, അതുപോലെ തന്നെ. ഇരുണ്ട തവിട്ടു നിറത്തിൽ നെയ് പൊലിമയോടെ തകർപ്പൻ മധുരവുമായി ഒരു കിടുക്കൻ പായസം. പക്ഷേ, ഒരു കുമ്പിളേ കഴിക്കാൻ കഴിഞ്ഞുള്ളു. അപ്പോഴേക്കും തിരക്കു വന്നു സദ്യ അവസാനിപ്പിക്കേണ്ടി വന്നു. വധൂപിതാക്കൾക്കെല്ലാവർക്കും അതാണു വിധിയെന്നും അന്നറിഞ്ഞു എന്നെ അത്ഭുതപ്പെടുത്തിയതു മറ്റൊന്നാണ്. ജോലികൾ തീർന്നു മടങ്ങാൻ നേരം ഒരു സ്റ്റീൽ പാത്രം നിറയെ പായസവുമായി തിരുമേനി എന്റെ വീട്ടിലെത്തി. ആ സ്നേഹത്തിനും വിനയത്തിനും മുന്നിൽ ഒരിക്കൽ കൂടി ഞാൻ നനഞ്ഞു കുതിർന്നു. ഹതഭാഗ്യനായ എനിക്ക് ആ പായസവും കുടിക്കാൻ യോഗമുണ്ടായില്ല. പിറ്റേന്നു വെളുപ്പിനു തന്നെ വരന്റെ ഗൃഹത്തിലെ സൽക്കാരത്തിൽ പങ്കെടുക്കുന്നതിനായി ഞങ്ങൾക്കു കോഴിക്കോട്ടെക്കു പോകേണ്ടി വന്നു. മൂന്നു ദിവസങ്ങൾക്കു ശേഷമാണ് തിരിച്ചെത്തിയത്. അപ്പോഴേക്കും പായസം പ്ളിംഗ് !!!

77 Like Comment Share