വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബൈക്കോടിച്ചുള്ള മീന്‍പിടുത്തം, എങ്ങനെയാണത് ?

ബൈക്കു കൊണ്ടു മീൻ പിടിക്കുന്നത് ഏങ്ങനെ ? അറിവ് തേടുന്ന പാവം പ്രവാസി ബൈക്കോടിച്ച് മത്സ്യബന്ധനം നടത്തുന്ന രീതി കേരളത്തിൽ പലയിടത്തും ഈ അടുത്ത കാലത്ത് കാണാൻ പറ്റുന്ന ഒരു കാര്യമാണ്. വൈപ്പിനടുത്ത് മുനമ്പത്ത് ബൈക്കോടിച്ച് മീന്‍ പിടിക്കുന്ന രീതി തന്നെ ഉണ്ട്. ഇവിടെ ചീനവല വലിക്കുന്നത് മനുഷ്യരല്ല. ബൈക്കുകളാണ്. പല പരീക്ഷണങ്ങളും നടക്കുന്ന ചീനവല മേഖലയിലെ പുതിയ കൗതുകക്കാഴ്ചയാണ് വല വലിക്കുന്ന ബൈക്കുകള്‍. ചീനവല തൊഴിൽ മേഖലയിൽ ഏറ്റവുമധികം കായിക അധ്വാനം ആവശ്യമുള്ള തൊഴിലാണ് വല ഉയര്‍ത്തല്‍. ആയാസം കുറക്കാന്‍ ആദ്യകാലത്ത് കല്ലുകളും, പിന്നെ മോട്ടോറുകളുമൊക്കെ പലരും പരീക്ഷിച്ചു നോക്കി. എന്നാൽ പല കാരണങ്ങളാൽ ഇവയൊന്നും വേണ്ട വിധത്തില്‍ വിജയിച്ചില്ല. എന്നാല്‍ റണ്ണിങ് കണ്ടീഷനിലുള്ള ബൈക്കുപയോഗിച്ചാല്‍ സംഗതി അനായാസം നടത്താമെന്ന നിരീക്ഷണമാണ് ഈ രംഗത്ത് ഇപ്പോള്‍ വിപ്ലവമായിരിക്കുന്നത്.വല ഉയര്‍ത്താന്‍ ബൈക്കിനെ സജ്ജമാക്കുന്നത് ഇപ്രകാരമാണ്. ✨ആദ്യം ബൈക്ക് മറിഞ്ഞുപോകാത്ത തരത്തിൽ വലയുടെ പിൻഭാഗത്തു കരയിൽ ബലമായി ഉറപ്പിക്കും. ✨പിന്നീട് ബൈക്കിനു പിന്നിലെ വീൽ അഴിച്ചുമാറ്റി കയർ ചുറ്റാവുന്ന തരത്തിലുള്ള വ്യാസമേറിയ കപ്പി ഘടിപ്പിക്കും. ✨തുടര്‍ന്ന് വല വലിച്ചുപൊക്കേണ്ട കയർ കപ്പിയിൽ ഘടിപ്പിക്കുന്നതോടെ പുതിയ സംഗതി റെഡി. ✨ഇനി ബൈക്ക് സ്റ്റാർട്ടാക്കി പതിയെ ആക്സിലേറ്റർ കൊടുത്താൽ കയർ കപ്പിയിൽ ചുറ്റി വല പതിയെ വെള്ളത്തിൽ നിന്ന് ഉയരും. ✨ഗിയറിലിട്ട് എഞ്ചിന്‍ ഓഫ് ചെയ്‍താല്‍ വല ഉയര്‍ന്നു തന്നെ നില്‍ക്കും. അൽപം പോലും കായികാധ്വാനം വേണ്ട. ✨ഇനി വല തിരികെ വെള്ളത്തിലേക്ക് ഇറക്കാന്‍ ബൈക്കിന്‍റെ ഗിയർ ലീവർ ന്യൂട്രലിൽ ആക്കിയാൽ മതി. പിന്നിലെ വീൽ സ്വതന്ത്രമാകുന്നതോടെ വല പതുക്കെ വെള്ളത്തിലേക്കു താഴും. ലളിതമായതിനാല്‍ ഈ സംഗതി എളുപ്പത്തില്‍ ഹിറ്റായി. ചുരുങ്ങിയതു നാലു ജോലിക്കാർ വേണ്ടിവരുന്നിടത്ത് ഒരാൾ മാത്രം മതി ഈ പുതിയ സംവിധാനം പ്രവർത്തിപ്പിക്കാന്‍. അറ്റകുറ്റപ്പണി കുറവാണെന്നും അഥവാ തകരാർ സംഭവിച്ചാല്‍ എളുപ്പം പരിഹരിക്കാൻ കഴിയുമെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. അതിനാലാണ് പുതിയ സംവിധാനം ജനപ്രിയമായത്. അടുത്ത കാലത്ത് സോളർ പാനൽ ഉപയോഗിച്ചു പ്രവർത്തിക്കുന്ന മോട്ടോറുകള്‍ ചീനവല വലിക്കാൻ ചിലർ വിജയകരമായി ഉപയോഗിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഈ സംവിധാനം ഏർപ്പെടുത്താൻ ലക്ഷങ്ങൾ മുടക്കണമെങ്കിൽ പുതിയ ബൈക്ക് സംവിധാനത്തിനു നിസാരമായ മുതല്‍ മുടക്കു മതിയെന്നതും പ്രത്യേകതയാണ്. എല്ലാം കൂടി പതിനായിരത്തില്‍ താഴെ മാത്രമേ ചെലവു വരികയുള്ളൂ.നല്ല മൈലേജുള്ള ബൈക്കാണെങ്കിൽ നൂറു രൂപയുടെ പെട്രോൾ കൊണ്ട് ഒരു ദിവസം മുഴുവൻ വല വലിക്കാം.എന്തായാലും ബൈക്കോടിച്ചുള്ള മീന്‍പിടുത്തം വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുന്നുണ്ട്. ബൈക്കുകള്‍ മീന്‍ പിടിക്കുന്നതു കാണാന്‍ മുനമ്പം ബീച്ചിലേക്കും മറ്റും സഞ്ചാരികളുടെ ഒഴുക്കു തുടങ്ങിയിട്ടുണ്ട്.

15K Like Comment Share