Basheer Pengattiri പ്രകൃതിയിൽ വിഷം, വിഷമല്ലാത്തത് എന്നിങ്ങനെ രണ്ടുതരം വസ്തുക്കളില്ല. സാധാരണയായി ‘വിഷം’ എന്ന് നമ്മൾ പൊതുവെ പറയുന്നത് വളരെ കുറഞ്ഞ അളവിലും ശരീരത്തെ കൂടുതൽ പ്രതികൂലമായി ബാധിക്കുന്ന രാസവസ്തുക്കളെ മാത്രമാണ്. എന്നാൽ അളവിൽ കൂടിയാലും ഏതൊരു വസ്തുവും ശരീരത്തെ അപകടത്തിലാക്കുമെന്ന് കൂടി നമ്മൾ മനസിലാക്കണം. ഡോസ് അഥവാ അളവ് ആണ് ഒരു വസ്തുവിന്റെ വിഷസ്വഭാവം തീരുമാനിക്കുന്നത്. ജലം മനുഷ്യ ജീവന് അത്യാവശ്യമാണ്. എന്നാൽ ശരാശരി ഭാരമുള്ള ഒരു മനുഷ്യൻ ആറ് ലിറ്റർ വെള്ളം ഒറ്റയടിക് കുടിച്ചാൽ മിക്കവാറും മരണത്തിലോ കോമയിലോ എത്തും. Water poisoning എന്നാണ് ഇതിനെ പറയുന്നത്. വെള്ളം അതികമാകുന്നത് സോഡിയത്തിന്റെ അളവ് അപകടകരമാകും വിധം കുറയാനും ‘ഹൈപ്പോനേട്രീമിയ’ എന്ന അവസ്ഥയിലെത്താനും തലച്ചോറിൽ വീക്കമുണ്ടാകാനും കാരണമാകുന്നു. ഒരു വസ്തുവിന്റെ മരണകാരണമായേക്കാവുന്ന അളവിനെയാണ് വിഷശാസ്ത്രത്തിൽ LD50 (Lethal dose 50) എന്ന് പറയുന്നത്.വെള്ളത്തിൻറെ LD50- 90ml/kg ആണ്.അതായത് ഒരു kg ഭാരമുള്ള ഒരു ജീവി മരിക്കാൻ 90 മില്ലി ലിറ്റർ വെള്ളം അകത്താക്കിയാൽ മതി. സയനൈഡിന്റെ മാരക ഡോസ് അഥവാ LD50- 1mg/1Kg ആണ്. 70 കിലോ ഉള്ള ആൾക്ക് സയനൈഡ് മാരകമാകുന്നത് അത് 70 മില്ലിഗ്രാം അകത്തെത്തുമ്പോഴാണ്. അതായത് ‘മാത്ര’ അഥവാ അളവ് ആണ് ഒരു വസ്തുവിന്റെ വിഷലിപ്തത തീരുമാനിക്കുന്നത് എന്ന് ചുരുക്കം. ജീവവായു, പ്രാണ വായു’ എന്നൊക്കെ നാം വിശേഷിപ്പിക്കുന്ന ഓക്സിജന്റെ അളവ് കൂടിയാലും മരണമാണ് ഫലം. ഏതെങ്കിലും ഒരു രാസവസ്തു ഏതെങ്കിലും ഒരു ജീവനെ നശിപ്പിക്കാനാവശ്യമായ അളവിൽ മാത്രമാണ് വിഷം ആകുന്നത്. ഒരു കുഞ്ഞു കീടത്തെ നശിപ്പിക്കാനുതകുന്ന അളവിലുള്ള ഒരു പദാർത്ഥം, ആയത് കൊണ്ട്തന്നെ മനുഷ്യനെ പോലെ വലിയൊരു ജീവിയെ സംബന്ധിച്ച് വിഷം ആവില്ല. ഇതു തന്നെയാണ് കീടനാശിനികളുടെയും അവസ്ഥ. അവ വളരെയധികം നേർപ്പിച്ചാണ് ഉപയോഗിക്കുക. ആ ഒരു ഡോസിൽ അവ കുഞ്ഞു കീടങ്ങളെ സംബന്ധിച്ച് മാത്രമാണ് വിഷം ആകുന്നത്. കീടനാശിനി എന്നു പറയുന്ന രാസ വസ്തുക്കൾ പ്രകൃതിയിൽ സസ്യങ്ങളിൽ തന്നെ സ്വാഭാവികമായി ഉണ്ട്. സസ്യങ്ങൾ കീടങ്ങളെ നശിപ്പിക്കാനാണ് ഇവ സ്വയം ഉണ്ടാക്കുന്നത്. നമ്മളും അതിന് വേണ്ടി തന്നെയാണ് കീടനാശിനികൾ നിർമ്മിക്കുന്നത്. എന്നാൽ മനുഷ്യനിർമ്മിത കീടനാശിനികളേക്കാൾ മനുഷ്യന് സുരക്ഷിതമായിരിക്കണമെന്നില്ല പ്രകൃതി സൃഷ്ടിക്കുന്ന കീടനാശിനികൾ. കാരണം മനുഷ്യനിർമ്മിത കീടനാശിനികൾക്ക് നിശ്ചിത അളവുണ്ട്, മാനദണ്ഡങ്ങളുണ്ട്, വിഘടിക്കുന്ന ഘട്ടങ്ങളുടെ പരിശോധനകൾ കടക്കേണ്ടതുണ്ട്. എന്നാൽ സസ്യനിർമ്മിത ജൈവ കീടനാശിനിക്ക് ഇതൊന്നും ബാധകമല്ല. എല്ലാ ക്രിത്രിമ കീട നാശിനികളും ഒരു നിശ്ചിത സമയം കഴിഞ്ഞാൽ വിഘടിച്ചു പോകാൻ പാകത്തിനാണ് നിർമിക്കപ്പെടുന്നത്. ആ സമയത്തിനുളളിൽ തന്നെ അത് സ്വാഭാവികമായി വിഘടിച്ച് പോകും. ഒരു വസ്തു വിഘടിക്കുമ്പോൾ അത് മുമ്പ് എന്ത് ഗുണമാണോ പ്രകടിപ്പിച്ചിരുന്നത് ആ ഗുണം അതിന് നഷ്ടമാകും. അങ്ങനെയെങ്കിൽ വളരെയധികം നേർപ്പിച്ച് തളിച്ച കീടനാശിനിയെ നമ്മൾ ഇത്രയേറെ ഭയക്കേണ്ടതുണ്ടോ? കീടനാശിനികൾ ഒരു നിശ്ചിതസമയത്തിന് ശേഷം വിഘടിച്ചു പോകാൻ പാകത്തിനാണ് നിർമ്മിക്കുന്നതെന്ന് പറഞ്ഞല്ലോ., നമ്മുടെ അടുക്കളയിലെത്തുന്നത് വരേക്കും അതങ്ങനെ വിഘടിച്ചില്ല എന്ന് കരുതുക-, പാകം ചെയ്യുന്നതിന് മുമ്പ് പച്ചക്കറികൾ നന്നായി കഴുകിയാൽ തീരുന്നതാണ് ആ പ്രശ്നം. പിന്നെയും കീടനാശിനി അവശേഷിക്കുന്നതായി നിങ്ങൾ ഭയക്കുന്നു-, എന്നാലും, ഇവ വേവിച്ചാൽ 100% വിഘടിച്ച് പോകും- പോകണം. ഇനിയും വിഷം പോയില്ല എന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ- , ഇത്രയും നേർപ്പിച്ച അളവ് കീടനാശിനിയെ വിഘടിപ്പിക്കാനുളള കഴിവ് നമ്മുടെ കരളിനുണ്ട് എന്നറിയുക. കുറഞ്ഞ അളവിലുളള ഏതൊരു വിഷത്തേയും ശരീരംതന്നെ വിഘടിപ്പിച്ചു നിർവീര്യമാക്കി പുറംതള്ളും. കാരണം അത്തരത്തിൽ നിരന്തരമായി വിഘടിപ്പിച്ച് പരിചയിച്ച് പരിണമിച്ച ശരീരമാണ് നമ്മുടേതെന്നറിയുക. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ഒരു ബാക്ടീരിയയാണ് ക്ലോസ്ട്രീഡിയം ബോട്ടുലിനം(Clostridium Botlinum). ഈ ബാക്ടീരിയ ഉണ്ടാക്കുന്ന വിഷവസ്തു(Toxin) ആണ് ബോട്ടുലിനം ടോക്സിൻ. ലോകത്തിലെ ഏറ്റവും കൊടിയ വിഷം ആണ് ബോട്ടുലിനം, മനുഷ്യ ശരീരത്തിൽ കുത്തിവയ്ക്കപ്പെടുകയാണെങ്കിൽ 1 ഗ്രാം ബോട്ടുലിനം കൊണ്ടു ഏകദേശം 83 ലക്ഷം മനുഷ്യരെ കൊല്ലാൻ സാധിക്കും. അതായത് പൊട്ടാസ്യം സയനൈഡിന്റെ രണ്ടു ലക്ഷം ഇരട്ടി ശക്തി ആണ് ഈ പദാർത്ഥത്തിന്.എന്നാൽ 80 ഡിഗ്രി ചൂടാക്കിയാൽ ഈ വിഷം നിർവീര്യമാകും. ഈ ഭീകരവിഷത്തെപോലും ഇങ്ങനെ മെരുക്കിയെടുത്ത് ഇന്ന് അനേകം രോഗചികിത്സകളിൽ മരുന്നായി ഉപയോഗിക്കുന്നുണ്ട്. മുഖത്തെ ചുളിവുകൾ മാറ്റി പ്രായം കുറവായി തോന്നിക്കാൻ സിനിമാ താരങ്ങൾ കോസ് മെറ്റിക് ചികിത്സയിലും ഇത് ഉപയോഗിക്കുന്നു. ഇന്ന് പല സിനിമാതാരങ്ങൾ കാണാൻ യുവാക്കളെ പോലെ ഇരിക്കുന്നതിന് പിന്നിൽ ഈ ഉഗ്ര വിഷം വളരെ ചെറിയ തോതിൽ കുത്തിവെച്ചാണ്. ബോട്ടുലിനത്തിന്റെ LD50 1.3–2.1 ng/kg. കാര്യം ഇതാണ്- ഏറ്റവും കൂടിയ ഇനം വിഷം എന്ന് നമ്മൾ കരുതുന്ന വസ്തു പോലും മരുന്നായി അതിന്റേതായ സന്ദർഭങ്ങളിൽ പ്രയോജനകരമാണ്. അളവുകളിലും സമയത്തിലും ഉപയോഗരീതിയിലുമാണ് കാര്യം. അപ്പോൾ പച്ചവെള്ളം മുതൽ ബോട്ടുലിൻ വരെ വിഷവുമാവാം ഔഷധവുമാക്കാം. പറഞ്ഞു വരുന്നത്- എല്ലാത്തിനും, വിഷമെന്ന് കരുതുന്ന ഏത് വസ്തുവിനും സുരക്ഷിതമായ ഒരു പരിധി അഥവാ ഡോസ് ഉണ്ടെന്നുമാണ്.
പ്രകൃതിയിൽ വിഷം, വിഷമല്ലാത്തത് എന്നിങ്ങനെ രണ്ടുതരം വസ്തുക്കളില്ല
45K
Like
Comment
Share