ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Basheer Pengattiri

തെളിഞ്ഞ രാത്രി ആകാശത്തിലേക്ക് അല്‍പസമയം നോക്കിനിന്നാൽ പലതരത്തിലുള്ള നക്ഷത്രങ്ങളെ നമുക്കവിടെ കാണാനാവും. എന്നാല്‍ നാമറിയാതെ നടക്കുന്ന അത്‍ഭുതം, നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ് എന്നതാണ്. ഒരു പക്ഷേ, ഭൂമിയില്‍ ജീവജാലങ്ങള്‍ ഉണ്ടാകുന്നതിലും മുമ്പെ സംഭവിച്ച കാര്യങ്ങൾ. ഇപ്പോള്‍ നാം കാണുന്ന പല നക്ഷത്രങ്ങളും പ്രത്യക്ഷത്തില്‍, അഥവാ നാം കാണുന്നതുപോലെ അവിടെ ഇല്ലെന്നതാണ് വസ്തുത. പലനക്ഷത്രങ്ങളുടേയും വളരെ പഴയരൂപമാണ് ഇന്ന് ആകാശത്ത് കാണുന്നത്! മാത്രമല്ല അവയിൽ ചിലത് പരിണാമത്തിന്റെ അവസാന ഘട്ടമായ തമോഗർത്തങ്ങളായിട്ടുമുണ്ടാകും.

പ്രകാശം ഏതെങ്കിലും ഒരു വസ്തുവില്‍ തട്ടി തിരികെ നമ്മുടെ കണ്ണുകളില്‍ പതിക്കുമ്പോള്‍ ആണ് നാം വസ്തുക്കളെ കാണുന്നത്. വളരെ ദൂരയുള്ള നക്ഷത്രങ്ങളെ നാം കാണുന്നത്, അവയില്‍ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണില്‍ പതിക്കുമ്പോള്‍ മാത്രമാണ്.സൂര്യനിൽ നിന്നുള്ള പ്രകാശം നമ്മുടെ കണ്ണിൽ എത്താൻ 500 സെക്കന്റ് എടുക്കും.സൂര്യൻ കഴിഞ്ഞാൽ നമ്മുടെ തൊട്ടടുത്തുള്ള നക്ഷത്രത്തെ കാണണമെങ്കില്‍ അതിൽ നിന്നുള്ള പ്രകാശം 4വര്‍ഷം യാത്രചെയ്ത് നമ്മുടെ കണ്ണില്‍ പതിക്കണം. അതായത് ഈ നക്ഷത്രത്തിൽ നിന്ന് നാലു വർഷം മുമ്പേ പുറപ്പെട്ട പ്രകാശത്തെയാണ് നാം ഇപ്പോൾ കാണുന്നത്. മെഗല്ലനിക് ക്ലൗഡില്‍ നിന്നും വരുന്ന പ്രകാശം നാം ഇപ്പോള്‍ കാണുന്നുവെങ്കില്‍, അത് 1,63,000 വര്‍ഷങ്ങള്‍ക്കു മുന്നേ അതിന്റെ സ്രോതസില്‍ നിന്നും പുറപ്പെട്ടതാണ്.

അങ്ങനയെങ്കില്‍ ചില ഗ്യാലക്സികള്‍ - കോടിക്കണക്കിന് വര്‍ഷം അവയില്‍ നിന്നുള്ള പ്രകാശം സഞ്ചരിച്ചിട്ട് വേണം നമുക്ക് കാണുവാന്‍ ; എന്നുവച്ചാല്‍ അവയില്‍ മിക്ക നക്ഷത്രങ്ങളും ഇപ്പോള്‍ നിലവില്‍ അവിടെ ഇല്ല. നിലവിലുള്ളതും പ്രായം കുറഞ്ഞ അകലേയുള്ളതുമായ നക്ഷത്രങ്ങളെ കാണാൻ - അവയിലെ പ്രകാശം ഭൂമിയിലെത്താൻ ഇനിയും നൂറ്റാണ്ടുകൾ കഴിയേണ്ടതായും വരും. അതായത് എത്ര ദൂരേയ്ക്ക് കാണാൻ കഴിയുന്നോ അത്രയും പഴയ കാലം ആണ് നാം കാണുന്നതെന്ന് ചുരുക്കം.

പ്രപഞ്ചവിജ്ഞാനീയത്തിൽ ഏറ്റവും രസകരമായി തോന്നുന്ന ഒരു കാര്യവും ഇതുതന്നെ ; പ്രപഞ്ചം പണ്ടുകാലത്ത് എങ്ങനെയായിരുന്നുവെന്നും പിന്നീടത് എങ്ങനെ മാറിയെന്നും പുറകലേക്ക് പൂറകിലേക്ക് നിരീക്ഷിച്ചു നമുക്ക് സ്വയം ബോധ്യപ്പെടാം. നമ്മൾ 100 കോടി പ്രകാശവർഷം അകലെയുള്ള ഒരു ഗാലക്സിയെ നിരീക്ഷിക്കുമ്പോൾ കാണുന്നത് 100 കോടി വർഷംമുമ്പ് അത് എങ്ങനെ ആയിരുന്നു എന്നതാണ്. അഞ്ഞൂറോ ആയിരമോ കോടി പ്രകാശവർഷം അകലെയുള്ള ഗ്യാലക്സികളെയൊക്കെ നിരീക്ഷിക്കാനും അവയുടെ ചിത്രമെടുക്കാനുമൊക്കെ ഇന്നു കഴിയും. അത്തരം ചിത്രങ്ങൾ കാണിക്കുന്നത് കാലം കടന്നുപോകുന്നതനുസരിച്ച് ഗാലക്സികൾ എങ്ങനെ മാറുന്നുവെന്നതാണ്. പ്രപഞ്ചം പരിണമിച്ചുകൊണ്ടിരിക്കുന്നു എന്നതിന് വ്യക്തമായ തെളിവുകൾ കൂടിയാണിവ.

നിലവിലുള്ള കണക്കുകൾ പ്രകാരം പ്രപഞ്ചത്തിന്റെ ഉദ്ദേശപ്രായം 13.8 ബില്യൺ വർഷങ്ങൾ ആണ്. അത്രയും വർഷം പുറകിലേക്ക് നമുക്ക് കാണാനാവുമോ!? എന്നാൽ അതും സാധ്യമാണ്. 13. 5 ബില്യൺ വർഷം പുറകിലേക്ക് വരെ കാണാൻ കഴിയുന്ന ഒരു ഉപകരണം ഇതിനകം നാസ വികസിപ്പിച്ചു വിക്ഷേപിച്ചു കഴിഞ്ഞിട്ടുണ്ട്. ടൈം മെഷീൻ എന്ന ഓമനപ്പേരോട്കൂടിയ ജെയിംസ് വെബ് എന്ന ബഹിരാകാശ ദൂരദർശിനി. ചരിത്രത്തിലെ ഏറ്റവും വലിയ ബഹിരാകാശ ദൂരദർശിനിയാണിത്. 2021 ഡിസംബർ 25 ന് ഫ്രഞ്ച് ഗയാനയിലെ യൂറോപ്പിന്റെ ബഹിരാകാശ പോർട്ടിൽ നിന്നാണ് ഈ ദൂരദർശിനി വിക്ഷേപിച്ചത്.

പ്രപഞ്ചത്തിന്റെ13. 5 ബില്യൺ വർഷങ്ങൾ വരെ പുറകിലേക്ക് കാണാനാവുന്ന ജെയിസ് വെബ് ടെലിസ്കോപ്പിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ താഴെ ലിംങ്കിൽ കൊടുത്ത മലയാളത്തിലുള്ള വീഡിയോയിൽ ഉണ്ട്…

[embed]https://youtu.be/y1e5uN5L8Qg[/embed]

21K Like Comment Share