Basheer Pengattiri ഐ എസ് എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ, അഥവാ അന്താരാഷ്ട്ര ബഹിരാകാശ നിലയം, ഭൂമിക്ക് 420 കിലോമീറ്റർ മുകളിലൂടെ അത് ഭൂമിയെ ചുറ്റി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഭൂമിയെ 32 സെന്റിമീറ്റർ വ്യാസമുള്ള ഒരു ഫൂട്ട്ബോളായി സങ്കൽപ്പിച്ചാൽ അതിന് മുകളിലൂടെ ഒരു സെന്റിമീറ്റർ അകലത്തിലായി പറന്നുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞു ബാക്ടീരിയയെ പോലെ.. ഒരു ജെറ്റ് വിമാനത്തിന്റെ 28 മടങ്ങോളം വേഗതയിൽ ആണ് ഈ സഞ്ചാരം. എന്നുവെച്ചാൽ സെക്കന്റിൽ 7.66 km. ചന്ദ്രനിൽ പോയി വരാനുള്ള അത്രയും ദൂരം ഈ നിലയം ഓരോ ദിവസവും ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്നുണ്ട്. ഒന്നര മണിക്കൂർമതി ഇതിന് ഭൂമിയെ ഒരുവട്ടം ചുറ്റാൻ. ഇത്രയും വേഗതയിൽ സഞ്ചരിക്കുന്ന സ്പേസ് സ്റ്റേഷനിൽ അതിലെ താമസക്കാരായ ബഹിരാകാശയാത്രികർക്ക് ഓരോ 24 മണിക്കൂറിലും 16 സൂര്യോദയങ്ങളും അത്രതന്നെ അസ്തമയങ്ങളും കാണാനാവും. 2000 ഒക്ടോബര്‍ 31 നായിരുന്നു ഐ എസ് എസിലേക്കുള്ള ആദ്യ ഗവേഷണ സംഘം പുറപ്പെട്ടത്. രണ്ടു ദിവസത്തിനു ശേഷം, നവംബര്‍ രണ്ടിനു ഇവർ നിലയത്തിലെത്തി.അത് ബഹിരാകാശ പര്യവേഷണത്തിന്റെ മറ്റൊരു യുഗപിറവിതന്നെയായിരുന്നു. ഭൂമിയിൽ ജീവിക്കുന്ന മനുഷ്യൻ അവൻ തന്നെ നിർമിച്ച മറ്റൊരു ആവാസ വ്യവസ്ഥയിൽ ജീവിക്കുന്ന കാലം. 136 ദിവസം അവിടെ താമസിച്ചതിനുശേഷം അവർ ഭൂമിയിലേക്ക് തന്നെ മടങ്ങി. തുടര്‍ന്ന് പല സംഘങ്ങളും ഇവിടെയെത്തി. പിന്നിട് ഒരിക്കല്‍ പോലും ആളില്ലാത്ത ഒരവസ്ഥ ഐഎസ്എസിൽ ഉണ്ടായിട്ടേയില്ല. 1998മുതൽ നാസയുടെ നേതൃത്വത്തിൽ 15 രാജ്യങ്ങളിൽ നിന്നുള്ള അഞ്ച് ബഹിരാകാശ ഏജൻസികൾ സഹകരിച്ചാണ് ഐ എസ് എസ്സിന്റെ നിർമ്മാണം ആരംഭിച്ചത്. നടുക്കടലിൽ വെച്ച് ഒരു കപ്പൽ നിർമ്മിക്കുന്നത് പോലെ ബഹിരാകാശത്ത് ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെത്തന്നെ നിലയത്തിന്റെ ഓരോ ഭാഗങ്ങളും കൂട്ടിച്ചേർത്ത് നിര്‍മ്മാണം പൂർത്തീകരിക്കുകയായിരുന്നു. നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 16 മൊഡ്യൂളുകളാണ് ഉള്ളത്. റഷ്യയുടെ പ്രോട്ടോൺ, സോയുസ് റോക്കറ്റുകളും അമേരിക്കയുടെ സ്പേസ് ഷട്ടിലുകളും ചേർന്നാണ് ഇതിന്റെ ഭാഗങ്ങൾ ബഹിരാകാശത്ത് എത്തിച്ചത്. 11വർഷവും 42 ദൗത്യങ്ങളുമാണ് നിർമാണം പൂർത്തീകരിക്കാൻ വേണ്ടിവന്നത്. ഒരു ഫൂട്ട്ബോൾ ഫീൽഡിനോളം വിസ്താരം ഉള്ള ഐ എസ് എസ് ഇന്ന് ഭൂമിയുടെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന ഏറ്റവും വലുപ്പം കൂടിയ മനുഷ്യനിർമിത വസ്തുവാണ്. ഇതിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. റഷ്യൻ ഓർബിറ്റർ സെഗ്മെന്റ്(ROS), US ഓർബിറ്റർ സെഗ്മെന്റ്(USOS). ദീർഘകാലത്തെ ബഹിരാകാശനിലയ നിർമ്മാണത്തിന്റെ അനുഭവങ്ങളുടെ ഉത്തമ ദൃഷ്ടാന്തമാണ് റഷ്യൻ ഭാഗം. മോഡുലർ ആയി നിർമ്മിച്ച ഇതിന്റെ ഏതുഭാഗവും അഴിക്കാനും കൂട്ടിച്ചേർക്കാനുമൊക്കെ സാധിക്കുന്ന തരത്തിലാണ്. ഒരേസമയം അഞ്ച് ബഹിരാകാശവാഹനങ്ങൾക്ക് ഡോക്ക് ചെയ്യാൻ തരത്തിൽ അഞ്ച് ഡോക്കുകൾ , യൂറോപ്യൻ സ്പേസ് ഏജന്‍സി(ESA) യുടെ ലിയണാർദോ എന്ന ചരക്ക് കേന്ദ്രം,ക്വസ്റ്റ് (Quest), ട്രാൻക്വിലിറ്റി(Tranquility)എന്നീ രണ്ട് നാസയുടെ സംവിധാനങ്ങൾ എന്നിവയൊക്കെ ഈ ഭാഗത്താണ്. നാസയുടെ ഡസ്റ്റിനി, യൂറോപ്പിന്റെ കൊളംബസ് , ജപ്പാന്റെ കിബോ എന്നീ ലബോറട്ടറികൾ അമേരിക്കൻ ഭാഗത്താണ്. [caption id=“attachment_435679” align=“aligncenter” width=“708”] ISS[/caption] കൂടാതെ സ്പേസ് ഷട്ടിലുകൾക്ക് ഡോക്ക് ചെയ്യാൻ വേണ്ട ഒരു ഡോക്കും, ജപ്പാന്റെ HTV, അമേരിക്കൻ പ്രൈവറ്റ് കമ്പനികളുടെ സിഗ്നസ്സ് , ഡ്രാഗൺ എന്നീ ബഹിരാകാശ വാഹനങ്ങളെ ഘടിപ്പിച്ച് നിർത്താനുള്ള രണ്ടു ഡോക്കുകളും ഇവിടെ ഉണ്ട്. ഏഴു മനുഷ്യരെക്കൂടാതെ , റോബോനോട്ട്-2 എന്ന റോബോട്ട് നിലയത്തിനകത്തും, ഡക്സ്റ്റർ എന്ന റോബോട്ട് നിലയത്തിന് പുറത്തും ജോലിചെയ്യാനുമുണ്ട്. ബഹിരാകാശ നിലയവുമായിസ്വയം ബന്ധിക്കാൻ കഴിവില്ലാത്ത ബഹിരാകാശവാഹനങ്ങളെ പിടിച്ച് ബർത്തിൽ ഘടിപ്പിക്കുന്നതൊക്കെ കനേഡിയൻ ആം 2 എന്ന കയ്യിന്റെ രൂപത്തിലുള്ള വലിയ റോബോട്ട് ആണ്. ഏകദേശം 80 കിലോവാട്ട് ഊർജം ആവശ്യമുണ്ട് ബഹിരാകാശ നിലയത്തിന്റെ ദൈനംദിന ആവശ്യത്തിന്. 240 കിലോവാട്ട് വരെ ഊർജം നൽകാൻ കഴിവുള്ളവയാണ് എട്ടു ജോഡി വലിയ സോളാർ പാനലുകൾ. നിലയത്തിനകത്ത് ഏഴു ബെഡ് റൂമിനു തുല്യമായ സ്ഥലം താമസയോഗ്യമാണ്. കൂടാതെ ജിംനേഷ്യം, ബാത്ത്റൂം അടുക്കള തുടങ്ങിയവയും ഇതിനകത്തുണ്ട്. ജീവശാസ്ത്രം, ഭൗതികശാസ്ത്രം, മെഡിസിന്‍, കംമ്യൂനിക്കേഷന്‍, ബഹിരാകാശ ശാസ്ത്രം തുടങ്ങി ഒട്ടേറെ മേഖലകളിലായി 3000 ലേറെ ശാസ്ത്ര ഗവേഷണങ്ങളാണ് നിലയത്തിലുള്ള ആറു മൈക്രോഗ്രാവിറ്റി ലബോറട്ടറികളിലായി നടന്നിട്ടുള്ളത്. നിലയത്തിനകത്തെ അന്തരീക്ഷത്തിൽ തുടർച്ചയായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു വായു ചംക്രമണവ്യൂഹം ഉണ്ട്. സ്റ്റേഷന്റെ പരിസ്ഥിതി നിയന്ത്രണ, ലൈഫ് സപ്പോർട്ട് സിസ്റ്റത്തിന്റെ(ECLSS) ഭാഗമാണത്. ജലത്തെ വൈദ്യുതവിശ്ലേഷണം (electrolysis) ചെയ്താണ് ഇതിനകത്ത് ഓക്സിജൻ ഉല്പാദിപ്പിക്കുന്നത്. https://youtu.be/SGP6Y0Pnhe4 കൂടാതെ, അടിയന്തിരാവശ്യങ്ങൾക്കായി മറ്റൊരു രീതി കൂടിയുണ്ട്-വിക (Vika). കത്തിച്ചാൽ ഒരാൾക്ക് 24 മണിക്കൂർ നേരത്തേക്ക് വേണ്ട ഓക്സിജൻ നൽകാൻ പര്യാപ്തമായ Oxygen Candles സവിദാനമാണിത്. ഇതുവരെ 21 രാജ്യങ്ങളിൽ നിന്നുള്ള 269 വ്യക്തികൾ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ചിട്ടുണ്ട്. 2001 ൽ പിസ്സ ഹട്ട് ( Pizza Hut) ഐ എസ് എസ്സിലേക്ക് ഡെലിവറി നടത്തി ബഹിരാകാശത്തേക്ക് ഡെലിവറി നടത്തുന്ന ആദ്യത്തെ കമ്പനിയായി. റഷ്യൻ റോക്കറ്റിലയച്ച, സ്പേസിലേക്കുള്ള ഈ പിസ്സയുടെ ഡെലിവറിക്കുള്ള ചെലവ് ഒരു മില്ല്യണ്‍ ഡോളർ ആയിരുന്നു. ഷോട്ട് ഫിലിമുകളും ഡോക്കുമെന്റികളും സിനിമകളുമായി നിരവധി ചിത്രീകരണങ്ങൾക്കും ഈ നിലയം വേദിയായിട്ടുണ്ട്. 2012 ൽ പുറത്തിറങ്ങിയ Apogee of Fear എന്ന ഹോളിവുഡ് സയൻസ് ഫിക്ഷൻ ചിത്രത്തിൻറെ പല ഭാഗങ്ങളും ചിത്രീകരിച്ചത് ഐ എസ് എസ്സിലായിരുന്നു. ബഹിരാകാശത്ത് ചിത്രീകരിച്ച ആദ്യത്തെ ഫീച്ചർ ഫിലിമായ “ദി ചലഞ്ച്” ചിത്രീകരിച്ചതും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വെച്ചാണ്. അഭിനേതാക്കളെയും സംവിധായകനെയും ചിത്രീകരണത്തിനായി ബഹിരാകാശത്തേക്ക് പറത്തിയ ആദ്യത്തെ സിനിമയാണിത്. ഏകദേശം രണ്ടാഴ്ചയോളം ഭ്രമണപഥത്തിലെ ചിത്രീകരണം നടന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം അതിന്റെ കാലാവധിയോടടുക്കുകയാണ്. ഇനി എട്ട് വർഷം കൂടിയേ അതിന് ആയുസ്സുള്ളൂ. 2031 ൽ ഇതിനെ സമുദ്രത്തിലേക്ക് ഇടിച്ചിറക്കുമെന്നാണ് നാസ പറയുന്നത്. ഉപഗ്രഹങ്ങളുടെ ശവപ്പറമ്പ് എന്നു വിളിക്കുന്ന പസഫിക് സമുദ്രത്തിലെ പോയിന്റ് നെമോഎന്ന പ്രദേശത്താണ് ഐ.എസ്.എസിനെ വീഴ്ത്തുക. 100 കോടി ഡോളർ ആണ് ഇതിനു വേണ്ടിവരുന്ന ചെലവ്. ബഹിരാകാശ നിലയം താഴെക്ക് വീഴ്തുന്നതിന് മുമ്പ് ചില മൊഡ്യൂളുകൾ വിഭജിച്ച് മറ്റ് പരിക്രമണ ഔട്ട്പോസ്റ്റുകളുടെ ഭാഗമാക്കാനും നാസക്ക് പദ്ധതിയുണ്ട്.
ബഹിരാകാശയാത്രികർക്ക് ഓരോ 24 മണിക്കൂറിലും 16 സൂര്യോദയങ്ങളും അത്രതന്നെ അസ്തമയങ്ങളും കാണാനാവും

44K
Like
Comment
Share