Basheer Pengattiri ചന്ദ്രയാൻ-3 ചന്ദ്രനിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.ആഗസ്റ്റ് 23ന് വൈകിട്ട് 5:47 നാണ് രാജ്യം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിങ്ങ്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന അതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും സങ്കീർണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യം ആയിരുന്നു 2019 ലെ ചന്ദ്രയാൻ-2. ഈ ദൗത്യത്തിൽ ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിൽ പരാജയപ്പെട്ടതിന് ശേഷം, ISRO ചന്ദ്രയാൻ-3 ഉപയോഗിച്ച് ഒരു ആവർത്തിച്ചുള്ള ദൗത്യം ഏറ്റെടുത്തിരിക്കയാണ്. ചന്ദ്രയാൻ പരമ്പരയിലെ ഈ മൂന്നാമത്തെ ദൗത്യം 2023 July 14ന് വിക്ഷേപിക്കപ്പെട്ടു. ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗിനുള്ള ഇന്ത്യയുടെ രണ്ടാമത്തെ ഈ ശ്രമം വിജയകരമായാൽ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാന്റിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായിമാറും ഇന്ത്യ. സോവിയറ്റ് യൂണിയന്‍, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമെ ഇതുവരെ അതിന് സാധിച്ചിട്ടുള്ളൂ. അന്തരീക്ഷമില്ലാത്ത ചന്ദ്രനിൽ ബഹിരാകാശ പേടകങ്ങൾ സോഫ്റ്റ് ലാന്റിംഗ് നടത്തുക എന്നത് ചാന്ദ്ര യാത്രയിലെ അതീവ വെല്ലുവിളി നിറഞ്ഞ ഘട്ടമാണ്. ചൊവ്വയിൽ പേടകം ഇറക്കുന്നതിനേക്കാൾ പ്രയാസമേറിയ കാര്യം! ചന്ദ്രനിൽ ചൊവ്വയിലുള്ള അത്രപോലും വായു ഇല്ല എന്നതാണ് ഇതിനു കാരണം. പാറകളും ഗർത്തങ്ങളും നിറഞ്ഞ ഉപരിതലം. ഗുരുത്വാകർഷണ ബലമാകട്ടെ ഭൂമിയിലേതിന്റെ ആറിൽ ഒന്ന് മാത്രം. ചന്ദ്രനിൽ ഒരു പേടകമിറക്കൽ ദുഷ്കരമാകുന്നത് ഇതൊക്കെ കൊണ്ട് തന്നെയാണ്. അന്തരീക്ഷവും വായുവും ഉണ്ടായിരുന്നെങ്കിൽ പാരച്യൂട്ടും ബലൂണും ഒക്കെ ഉപയോഗിച്ച് സുഖമായി ലാൻഡ് ചെയ്യാമായിരുന്നു. അതില്ലാത്ത സാഹചര്യത്തിൽ ഏക പോംവഴി ത്രസ്റ്ററുകൾ ഉപയോഗിച്ച് പേടകം ഇറങ്ങുന്ന വേഗത നിയന്ത്രിക്കൽ മാത്രമാണ്. ചന്ദ്രയാൻ-2 സോഫ്റ്റ് ലാന്റ് നടത്താനിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ തന്നെയാണ് ചന്ദ്രയാൻ-3 ഇറക്കുക. ദൗത്യം വിജയിച്ചാൽ ഇന്ത്യക്കിത് ചരിത്ര നേട്ടം ആയിരിക്കും. ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാന്റിംഗ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. കനത്ത ഇരുട്ടും കൊടും തണുപ്പും വലിയ ഗർത്തങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്നതാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവം. സൂര്യപ്രകാശം ഒരു തരി പോലും എത്താത്ത നിരവധി ഭാഗങ്ങൾ ചന്ദ്രനിൽ ഉണ്ട്. അതുകൊണ്ട് തന്നെ മൈനസ് 230 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടങ്ങളിലെ താപനില. കനത്ത ഇരുട്ടും കൊടും തണുപ്പുമുള്ള കാലാവസ്ഥയിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിക്കുകയെന്നത് വളരെയേറെ വെല്ലുവിളി നിറഞ്ഞതാണ്.ദക്ഷിണ ധ്രുവത്തിലാകട്ടെ ചന്ദ്രോപരിതലത്തിൽ വലിയ ഗർത്തങ്ങളും തിങ്ങിനിറഞ്ഞിരിക്കുന്നു. ഇവയിൽ ചിലത് ആയിരക്കണക്കിന് കീലോമീറ്ററുകൾ നീണ്ടുകിടക്കുന്നവയാണ്. ഭൂമിശാസ്ത്രപരമായ ഇത്തരം സങ്കീർണ്ണതകൾക്കിടയിലും, ഈ ദൗത്യങ്ങൾക് ഇവിടം തന്നെ തെരഞ്ഞെടുത്തതിനും പ്രത്യേക കാരണങ്ങളുണ്ട്. പ്രധാനമായും ഇവിടുത്തെ ജലസാന്നിധ്യം തന്നെ! ഇവിടം മനുഷ്യവാസത്തിന് അനുയോജ്യമായിരിക്കും എന്നാണ് പ്രതീക്ഷ. ജലത്തെ വിഘടിപ്പിച്ച് - ഹൈഡ്രജൻ റോക്കറ്റ് ഇന്ധനമായും, ഓക്സിജൻ ശ്വസിക്കാനായും ഉപയോഗിക്കാം എന്ന സാധ്യതയുമുണ്ട്. കൂടാതെ, ദക്ഷിണധ്രുവത്തിലെ അതിശൈത്യമായ താപനിലയും സൂചിപ്പിക്കുന്നത് ഇവിടെയുള്ള എല്ലാത്തിനും കുറഞ്ഞത് ദശലക്ഷക്കണത്തിന് വർഷം പഴക്കമുണ്ടെന്നതാണ്. അതുകൊണ്ട് തന്നെ സൗരയുഥത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ ശാസ്ത്ര ലോകത്തെ ഇത് സഹായിക്കുമെന്നും കരുതപ്പെടുന്നു. നേരത്തെ ചന്ദ്രയാൻ 2 ന്റെ പ്രാഥമിക ലക്ഷ്യങ്ങളായി ഉദ്ദേശിച്ചിരുന്നതു തന്നെ സോഫ്റ്റ് ലാൻഡിങ്ങിനുള്ള കഴിവ് പ്രകടിപ്പിക്കുകയും ചന്ദ്രോപരിതലത്തിൽ ഒരു റോബോട്ടിക് റോവർ പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു. ദൗത്യത്തിന്റെ അവസാന ഘട്ടമാണ് സോഫ്റ്റ് ലാൻഡിങ്. എന്നാൽ ചന്ദ്രോപരിതലത്തില്‍നിന്നു 2.1 കിലോമീറ്റര്‍ അകലെ വച്ച് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായ തിനെത്തുടർന്ന് നിർദിഷ്ട ലക്ഷ്യത്തിൽനിന്ന് 500 മീറ്റർ അകലെ ലാന്‍ഡർ ഇടിച്ചിറങ്ങി അത് തകരുകയാണ് ഉണ്ടായത്.
ഇത്തവണ കൂടുതല്‍ പരിഷ്‌കാരങ്ങളോടെയുള്ള, കരുത്തുറ്റ ലാന്‍ഡറാണ് ചന്ദ്രയാന്‍-3 ല്‍ നിര്‍മിച്ചിട്ടുള്ളത്. ചന്ദ്രയാൻ 2 നേക്കാള്‍ ശക്തമായ കാലുകള്‍ ആണ് ചന്ദ്രയാന്‍-3 ന്റെ വിക്രം ലാന്‍ഡറിന് നല്‍കിയിരിക്കുന്നത്. കൂടാതെ ലാന്‍ഡറിന്റെ ലാന്‍ഡിംഗ് വേഗത സെക്കന്റില്‍ രണ്ട് മീറ്റര്‍ എന്നാക്കിയിട്ടുമുണ്ട്. ചന്ദ്രയാന്‍-2 ല്‍ ഇത് സെക്കന്റില്‍ മൂന്ന് മീറ്റര്‍ ആയിരുന്നു.ചന്ദ്രയാന്‍-2 ന്റെ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിച്ചപ്പോള്‍ അതിന്റെ വേഗത കുറയ്ക്കാന്‍ രൂപകല്‍പ്പന ചെയ്ത എഞ്ചിനുകള്‍ക്ക് പിഴവ് സംഭവിച്ചിരുന്നു. ഇത്തവണ ലാന്‍ഡിംഗ് വിസ്തീര്‍ണ്ണം 500 മീറ്ററില്‍ നിന്ന് നാല് കിലോമീറ്ററായി വര്‍ധിപ്പിച്ചിട്ടുണ്ട്. എങ്ങനെ ഇറങ്ങിയാലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് അധിക സോളാര്‍ പാനലുകള്‍ വിക്രം ലാന്‍ഡറിന് ഉണ്ട്. മറ്റൊരു വ്യത്യാസം ലാന്ററിൽ കൂടുതല്‍ ഇന്ധനം ഉണ്ടായിരിക്കും എന്നുള്ളതാണ്.ഇതിനോടൊപ്പം ലാന്‍ഡറിന് ഒരു പുതിയ സെന്‍സറും ചേര്‍ത്തിട്ടുണ്ട്. ലേസര്‍ ഡോപ്ലര്‍ വെലോസിറ്റി മീറ്റര്‍ എന്ന് വിളിക്കുന്ന പുതിയ സെന്‍സര്‍ ചന്ദ്ര ഭൂപ്രദേശത്തെ നിരീക്ഷിക്കും. ഇത് ചന്ദ്രയാന്‍-2 ല്‍ ഉണ്ടായിരുന്നില്ല. ചന്ദ്രയാന്‍-2 ദൗത്യത്തില്‍ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നീ ഘടകങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍-3 ല്‍ ലാന്‍ഡറും റോവറും ഉണ്ടെങ്കിലും ഓര്‍ബിറ്റർ ഇല്ല. ചന്ദ്രയാന്‍-3 അതിന്റെ ആശയവിനിമയങ്ങള്‍ക്കും ഭൂപ്രദേശ മാപ്പിംഗ് ആവശ്യങ്ങള്‍ക്കുമായി ചന്ദ്രയാന്‍-2 ഉപയോഗിച്ച് വിക്ഷേപിച്ച ഓര്‍ബിറ്ററിനെ തന്നെ ആയിരിക്കും ഉപയോഗിക്കുക.
ആഗസ്റ്റ് 23നാണ് ദൗത്യത്തിന്റെ ഭാവി നിർണയിക്കുന്ന ലാൻഡറിന്റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് ലാൻഡർ ഇറങ്ങാൻ പോകുന്നത്. ലാൻഡിങ്ങ് കഴിഞ്ഞാൽ റോവർ പുറത്തേക്ക് വരും. ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങും.ചന്ദ്രയാൻ-2 ലെ ലാൻഡിംഗ് ശ്രമത്തിന്റെ ആവർത്തനമായതിനാൽ, ചന്ദ്രയാൻ-3 ദൗത്യം പരമാവധി ഒരു ചാന്ദ്ര ദിനം, അതായത് 14 ഭൗമദിനങ്ങൾ വരെ നീണ്ടുനിൽക്കും. ആ പതിനാല് ദിവസം കൊണ്ട് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം. ത്രസ്റ്ററുകൾ ഉപയോഗിച്ചുള്ള ആകാശ ക്രൈൻ സംവിധാനം ചൊവ്വയിൽ പേടകം ഇറക്കുന്നത് കാണൂ.. 7 സംഭ്രമ നിമിഷങ്ങൾ- (Video duration 8:40 minutes) https://openinyoutu.be/aApwRSz7N38?si=EXmNqmgDn_0_ucEP
എന്തുകൊണ്ടാണ് ചന്ദ്രനിൽ പേടകം ഇറക്കുന്നത് ചൊവ്വയിൽ ഇറക്കുന്നതിനേക്കാൾ ദുഷ്കരം ആകുന്നത് ?

43K
Like
Comment
Share