Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ ഈ ‘ഒരുപാടൊരുപാടിനെ’ അളക്കാൻ ശ്രമിക്കുമ്പോഴാണ് കയ്യിൽ കരുതിവെച്ച അളവുകോലുകളൊന്നും നമുക്ക് മതിയാകാതെ വരുന്നത്. നമ്മുടെയൊക്കെ ഭാവനാശേഷിയെ മറികടക്കുന്നതാണ് പ്രപഞ്ചത്തിന്റെ അളവെടുക്കുക എന്ന കാര്യം. നമുക്ക് പരിചിതമായ ഈ ഭൂമി തന്നെ എത്ര വലുതാണെന്ന് നോകൂ.. ഏകദേശം 13,000 കിലോമീറ്റർ വ്യാസവും 40,000 കിലോമീറ്റർ ചുറ്റളവുമുണ്ടിതിന്. പാസഞ്ചർ വിമാനങ്ങളുടെ ശരാശരി വേഗത മണിക്കൂറിൽ 800 കി.മീ ആണ്. ഇത്തരം ഒരു വിമാനത്തിൽ എവിടെയും ലാൻഡ് ചെയ്യാതെ ഈ നീല ഗോളത്തെ ഒരു വട്ടം ചുറ്റിവരാൻ രണ്ട് ദിവസവും രണ്ട് മണിക്കൂറും സമയമെടുക്കും. ഇനി ഈ യാത്ര കാറിലാണെങ്കിലോ, മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് നമ്മുടെ സഞ്ചാരമെങ്കിൽ 17 ദിവസം നിർത്താതെ യാത്ര ചെയ്യേണ്ടതായിവരും ഭൂമിയെ ഒരു വട്ടം ചുറ്റാൻ. ഇത്രയും വിശാലമായ നമ്മുടെ ഭൂമിയെ സൂര്യനുമായി താരതമ്യം ചെയ്യുമ്പോഴാണ് നമുക്ക് ഉയിരും ഊർജ്ജവും തന്ന സൂര്യഗോളത്തിന്റെ ആകാരം ബോധ്യമാവുക; ഒപ്പം ഭൂമിയുടെ നിസ്സാരാവസ്ഥയും. സൂര്യന്റെ വ്യാപ്തത്തിനകത്ത് കുറഞ്ഞത് നമ്മുടെ ഭൂമിയെ പോലത്തെ 13ലക്ഷം ഭൂമികളെ എങ്കിലും ഉൾക്കൊള്ളിക്കാനാവും. നേരത്തെ ഭൂമിക് ചുറ്റും സഞ്ചരിച്ച അതേ വിമാനത്തിൽ ഇത്തവണ സൂര്യനെ ചുറ്റുകയാണെന്ന് സങ്കൽപ്പിച്ചാൽ ആ യാത്രക്ക് 5458 മണിക്കൂർ അല്ലെങ്കിൽ ഏകദേശം 228 ദിവസത്തെ ദൈർഘ്യമുണ്ടാവും. അതൊരു നീണ്ട യാത്രതന്നെയായിരിക്കുമല്ലേ..! സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട് ചേർന്ന് കിടക്കുന്ന എട്ട് ഗ്രഹങ്ങളും, ആ ഗ്രഹങ്ങളുടെ 200 ലധികം വരുന്ന ഉപഗ്രഹങ്ങളും, കുള്ളൻ ഗ്രഹങ്ങളും മറ്റു നിരവതി ജ്യോതിർ വസ്തുക്കളും ഇതിനു പുറമേ ഉൽക്കകളും, വാൽ നക്ഷത്രങ്ങളും, ഗ്രഹാന്തരീയ പടലങ്ങളുമെല്ലാം ചേർന്ന വലിയൊരു കുടുംബമാണല്ലോ സൗരയൂഥം. ഇങ്ങനെയുള്ള സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സൂര്യന്റേത് മാത്രമാണെന്ന് പറഞ്ഞാൽ ഊഹിക്കാമല്ലോ സൗരയൂഥത്തറവാട്ടിലെ സൂര്യന്റെ സ്ഥാനം! സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ശരാശരി ദൂരം 15 കോടി കിലോമീറ്റർ ആണ്. ഈ ദൂരത്തെയാണ് ഒരു ആസ്ട്രോണമിക്കൽ യൂനിറ്റായി കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ നേരത്തെ നമ്മൾ സൂര്യനെ ചുറ്റാനുപയോഗിച്ച വിമാനം ഭൂമിയിൽ നിന്ന് ഇത്രയും ദൂരം സഞ്ചരിച്ച് അവിടേക്കെത്താനെടുത്തിരിക്കുക 21 വർഷമായിരിക്കും!! സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂത്തിന്റെ അഞ്ചിരട്ടി ദൂരം വരും സൂര്യനിൽ നിന്നും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിലേക്ക്. നെപ്ട്യൂണിനെയാണ് സൗരയൂഥത്തിലെ അവസാന ഗ്രഹമായി കണക്കാക്കുന്നത്. ഇനി സൂര്യനിൽ നിന്നും നമ്മുടെ വിമാനത്തിൽ നെപ്റ്റ്യൂണിലേക്ക് യാത്രയായാൽ 630 കൊല്ലത്തെ യാത്രതന്നെ വേണ്ടി വരും ലക്ഷ്യത്തിലെത്താൻ. തലമുറകളോളം നീണ്ട യാത്ര!! സൗരയൂഥത്തിൽ ഇവയുടെ അവസ്ഥ മനസിലാക്കാൻ നമുക്ക് ഒരു ഫൂട്ബോൾ ഗ്രൗണ്ട് സങ്കൽപ്പിക്കാം . ഗ്രൗണ്ടിന് ഒത്ത നടുക്ക് വെച്ച ഒരു ഫൂട്ബോൾ ആണ് സൂര്യൻ എങ്കിൽ, ഈ ബോളിൽ നിന്നും 24 മീറ്റർ അകലത്തായി പെനാൽറ്റി ബോക്സിനടുത്ത് ഒരു കുഞ്ഞു കുരുമുളകുമണിയോളം വലിപ്പത്തിലായിരിക്കും നമ്മുടെ ഭൂമിയുള്ളത്. ഈ കുരുമുളകുമണിയോളം പോന്ന ഭൂമിയിൽ നിന്നും ഏകദേശം 700 മീറ്റർ എങ്കിലും സ്റ്റേഡിയത്തിന് പുറത്തേക്ക് നടന്നാലേ നെപ്ട്യൂണിലേക്ക് എത്തിച്ചേരാൻ കഴിയൂ. സൗരയൂഥം നെപ്റ്റ്യൂണിനുമപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്നു. സൗരയൂഥത്തിന്റെ വലിപ്പം നിർവചിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, കാരണം അതിന് വ്യക്തമായ അതിർവരമ്പില്ല എന്നതു തന്നെ. നമ്മുടെ സൗരയൂഥത്തിനെ പല മേഖലകളുണ്ട്. ഭൗമഗ്രഹങ്ങള്‍ ( Terrestrial planets ) എന്നറിയപ്പെടുന്ന ഭൂസമാനഗ്രഹങ്ങളുടെ മേഖലയാണ് ആദ്യത്തേത്. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ എന്നിവ ഈ മേഖലയില്‍ വരുന്നു. വ്യാഴം, ശനി, യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങളുള്‍പ്പെടുന്ന വാതകഭീമന്‍മാരുടെ ( Gas giants ) മേഖലയാണ് രണ്ടാമത്തേത്. കിയ്പ്പര്‍ ബെല്‍റ്റ് എന്ന പേരില്‍ നെപ്റ്റിയൂണിനപ്പുറമുള്ള അതിശൈത്യമേഖലയാണ് സൗരയൂഥത്തിന്റെ മൂന്നാം മേഖല ( Third Zone ). പ്ലൂട്ടോയും ഏരിസുമടക്കമുള്ള കുള്ളന്‍ ഗ്രഹങ്ങളുടേയും വാല്‍നക്ഷത്രങ്ങളുടേയും മറ്റനവധി മഞ്ഞുഗോളങ്ങളുടെയും വ്യവഹാരമേഖലയാണത്. നമ്മുടെ സാങ്കല്പിക ഫൂട്ബോൾ ഗ്രൗണ്ടിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ അകലെയായിരിക്കും കിയ്പ്പര്‍ ബെല്‍റ്റ്. അതിനുമപ്പുറമാണ് ഊർട്ട് മേഖല വരുന്നത്. സൂര്യനില്‍ നിന്നും 5000 മുതല്‍ ഒരു ലക്ഷം വരെ ആസ്ട്രോണമിക്കൽ യുനിറ്റ് ദൂരത്തില്‍ സൗരയൂഥത്തെയൊന്നാകെ പൊതിഞ്ഞു കിടക്കുന്ന ഹിമഗോളങ്ങളാലുള്ള ആവരണമാണ് ഊര്‍ട്ട് മേഘം.100 കി.മീ വ്യാസത്തിൽ താഴെയുള്ള ട്രില്യൺ കണക്കിന് വസ്തുക്കളെ ഉൾക്കൊള്ളുന്നതാണ് ഈ പ്രദേശം. സൗരയൂഥങ്ങളുടെ വലിപ്പം നിർണ്ണയിക്കുന്നത്, ആ സൗരയൂഥത്തിലെ നക്ഷത്രത്തിന്റെ ഗുരുത്വാകർഷണം അതിന് ചുറ്റുമുള്ള പ്രദേശത്തെ മറ്റ് വസ്തുക്കളെ എത്രത്തോളം കീഴടക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ്, ഇത് സൂര്യന്റെ കാര്യത്തിൽ ധൂമകേതു വസ്തുക്കളുടെ സംഭരണിയായ ഊർട്ട് മേഘത്തിലേക്ക് വ്യാപിക്കുന്നുണ്ട്. ഇവിടം സൗരയൂഥത്തിന്റെ അതിർത്തിയായി കണക്കാക്കിയാൽ നമ്മുടെ സൗരയൂഥത്തിന് ഏകദേശം 2 പ്രകാശവർഷത്തിന്റെ വ്യാസമുണ്ടെന്ന് പറയാം. ഊർട്ട് മേഖല സൗരയൂഥ കേന്ദ്രത്തിൽ നിന്നും എത്ര അകലെയാണെന്ന് മനസിലാക്കാൻ സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരത്തെ സെന്റീമീറ്ററിലേക്ക് ചുരുക്കിയാൽ മതിയാകും. സൂര്യനിൽ നിന്നും ഭൂമിയിലേക്കുള്ള ദൂരം ഒരു സെ.മീ ആണെന്ന് സങ്കല്‍പ്പിച്ചാൽ ഊർട്ട് മേഘം സൂര്യനിൽ നിന്നും അര കിലോമീറ്റർ അകലെയായിരിക്കും.ഊർട്ട് മേഖലയിലേക്ക് ഇന്നേ വരെ മനുഷ്യ നിര്‍മിതമായ ഒരു വസ്തുവും എത്തിയിട്ടില്ല. നിലവിൽ വോയേജർ 1ആണ് ഗ്രഹാന്തര ബഹിരാകാശ പേടകങ്ങളിൽ ഏറ്റവും വേഗതയേറിയതും ഭൂമിയില്‍നിന്നും ഏറ്റവും അകലെ കൂടി സഞ്ചരിക്കുന്നതുമായ മനുഷ്യനിർമിത വസ്തു. 45 വർഷമായി അത് ബഹിരാകാശത്ത് തുടരുന്നു, സെക്കന്റിൽ 16.9 km വേഗതയിൽ ബഹിരാകാശത്തിലൂടെ സഞ്ചരിക്കുന്ന ഈ പേടകത്തിന് ഇപ്പോഴും നമ്മുടെ സൂര്യന്റെ സ്വാധീനത്തിൽ നിന്ന് രക്ഷപ്പെടാനായിട്ടില്ല. ഊർട്ട് ക്ലൗഡിന്റെ ആരംഭ പരിതിയിലെത്താൻ ഇനിയും അതിന് 300 വർഷത്തോളം സഞ്ചരിക്കേണ്ടതുണ്ട്. ഊർട്ട് മേഖല കടന്നുപോകാനാവട്ടെ ഏകദേശം 30,000 വർഷവുമെടുക്കും. അതായത് സൗരയൂഥത്തിന്റെ വലിപ്പം പോലും നമ്മൾ കരുതുന്നതിനേക്കാൾ വളരെ വളരെ വലുതാണെന്ന് ചുരുക്കം. നമ്മുടെ സാങ്കല്പിക ഫൂട്ബോൾ സ്റ്റേഡിയത്തിൽ നിന്നും ഏകദേശം മൂന്നേമുക്കാൽ കി.മീ അകലെയാണ് വോയേജർ 1 ന്റെ ഇപ്പോഴത്തെ സ്ഥാനം എന്നു കണക്കാക്കാം. അങ്ങനെയെങ്കിൽ നമ്മുടെ ഭൃമിയിൽ നിന്നും മറ്റൊരു നക്ഷത്രത്തിലേക്കുള്ള ദൂരം എത്രയാണെന്ന് ഊഹിക്കാമോ.? നമ്മെ സംബന്ധിച്ച് സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയുടെ തൊട്ടടുത്തുള്ള നക്ഷത്രമാണ് പ്രോക്‌സിമ സെന്റോറി. ഇവിടേക്ക് 272,061 AU ദൂരം വരും. അതായത് ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ദൂരത്തിന്റെ രണ്ടേമുക്കാൽ ലക്ഷത്തേളം മടങ്ങ് ദൂരം [ 4,00,00,00,00,00,000 km ] മനുഷ്യൻ ഇന്നുവരെ സഞ്ചരിച്ചിട്ടുള്ളതിൽ ഏറ്റവും കൂടിയ വേഗത അപ്പോളോ 10 ചാന്ദ്ര ദൗത്യത്തിൽ ആയിരുന്നു. അതിന്റെ വേഗത 39,897km/h ആയിരുന്നു. ആ വേഗതയിൽ പോലും പ്രോക്സിമാ സെന്റോറിയിലേക്ക് നാം സഞ്ചരിച്ചെത്താൻ ഒന്നേക്കാൽ ലക്ഷം വർഷമെടുകും! നിലവിലുള്ള നമ്മുടെ ബഹിരാകാശ വാഹനങ്ങളുടെ വേഗത കണക്കാക്കിയാൽ പോലും അവിടെയെത്താന്‍ 76,000 വർഷം യാത്ര ചെയ്യണം . നേരത്തെ പറഞ്ഞ ഫൂട്ബോൾ ഗ്രൗണ്ടിന്റെ മദ്ധ്യത്തിൽ നിന്നും 6340 കിലോമീറ്റർ അകലെയുള്ള മറ്റൊരു ഗ്രൗണ്ടിലെ ഫൂട്ബോൾ ആയിരിക്കും അപ്പോൾ പ്രോക്സിമാ സെന്റോറി എന്ന നക്ഷത്രം. പ്രകാശ വർഷം: ജ്യോതിശ്ശാസ്‌ത്രജ്ഞർ പ്രപഞ്ചത്തിന്റെ അളവെടുപ്പിനായി എപ്പോഴും ഉപയോഗിക്കുന്ന അളവുകോൽ പ്രകാശം ആണ്. കാരണം ഇപ്പോഴത്തെ അവസ്ഥയിൽ പ്രകാശമല്ലാതെ പ്രപഞ്ചത്തിന്റെ അളവ് രേഖപ്പെടുത്താൻ വേറൊരു മീഡിയം ഇല്ല- അല്ലെങ്കിൽ കണ്ടുപിടിച്ചിട്ടില്ല എന്നതുതന്നെ. മണിക്കൂറിൽ 800 കി.മീ വേഗതയിൽ പറക്കുന്ന ഒരു വിമാനത്തിന് ഭൂമിയെ ഒരുവട്ടം ചുറ്റാൻ രണ്ട് ദിവസവും രണ്ട് മണിക്കൂറും വേണ്ടിവരുന്നതെങ്കിൽ ഈ ദൂരം സഞ്ചരിക്കാൻ പ്രകാശത്തിന് ഒരു സെക്കന്റിന്റെ എഴിലൊന്ന് സമയം പോലും വേണ്ടിവരുന്നില്ല (0.13 സെക്കന്റ്) എന്നതാണ് വസ്തുത. ഇത്രയും വേഗതയുള്ള പ്രകാശം ഒരു വർഷം കൊണ്ട് എത്ര ദൂരം സഞ്ചരിക്കുമോ അത്രയും ദൂരമാണ് ഒരു പ്രകാശവർഷം. വിമാനം 21 വർഷമെടുത്ത് സഞ്ചരിച്ച ദൂരം സഞ്ചരിക്കാൻ പ്രകാശത്തിന് 8 മിനിറ്റ് 30 സെക്കന്റ് സമയം മതി. സൂര്യപ്രകാശം ഭൂമിയിലെത്താൻ ഇത്രയും സമയം എടുക്കുന്നുണ്ട്. സൂര്യനിൽ നിന്നും പുറപ്പെട്ട പ്രകാശം നാല് മണിക്കൂർ എടുത്താണ് സൗരയൂഥത്തിലെ അവസാന ഗ്രഹമായ നെപ്ട്യൂണിലേക്കെത്തുന്നത്. സൂര്യനിൽ നിന്നും 4.2 പ്രകാശ വർഷം അകലെയുള്ള പ്രോക്സിമാ സെന്റൗറി (Proxima centauri) എന്ന നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തിൽ നിന്നും ഒരാൾ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈൽ ഫോണിൽ വിളിക്കുന്നു എന്നു സങ്കൽപ്പിയ്ക്കുക. പ്രകാശവേഗത്തിൽ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താൻ നാലു കൊല്ലവും രണ്ടു മാസവും എടുക്കും.‘ഹലോ ’ എന്ന് വിളിച്ചാൽ തിരിച്ചുള്ള മറുപടി ‘ഹലോ’ കേൾക്കാൻ അയാൾ എട്ടര കൊല്ലം കാത്തിരിക്കേണ്ടി വരും! സൂര്യന്റെ ഏറ്റവും അടുത്ത നക്ഷത്രത്തിന്റെ സ്ഥിതിയാണ് ഇത്. അങ്ങനെയെങ്കിൽ നൂറും ആയിരവുമൊക്കെ പ്രകാശ വർഷം അകലെയുള്ള നക്ഷത്രങ്ങളുടെ കാര്യമൊന്ന് ആലോചിച്ചുനോക്കൂ. സൗരയൂഥ വ്യവസ്ഥ പ്രാപഞ്ചിക നിലവാരത്തിൽ അതീവ നിസ്സാരമാണെന്നതാണ് യഥാര്‍ത്ഥ്യം. സൂര്യന്റെ ഏറ്റവും അടുത്തുള്ള മറ്റൊരു നക്ഷത്രമാണ് ആൽഫാസെന്റോറി. അവിടെ പോകാൻ കഴീഞ്ഞാൽ, തിരിച്ച് ഭൂമിയിലേക്ക് നോക്കിയാൽ എങ്ങനെയിരിക്കും നമ്മുടെ സൗരയൂഥം!? നാം ഇവിടെ നിന്ന് ആ നക്ഷത്രത്തെ എത്ര നിസ്സാരമായ മങ്ങിയ ബിന്ദുവായാണോ കാണുന്നത് അതിലും നിസ്സാരമായിരിക്കും മുഴുവൻ സൗരയൂഥവും. ഇങ്ങനെ എത്രയെത്ര നക്ഷത്രയൂഥങ്ങളാണ് ഈ വിഹായസിലുള്ളത്. അവയിൽ കാണുന്നതും കാണാൻ കഴിയാത്തതുമായ കോടാനുകോടി നക്ഷത്രങ്ങളിൽ ഒരു ശരാശരി നക്ഷത്രം മാത്രമാണ് സൗരയൂഥത്തിന്റെ അഥിപനായ സൂര്യൻ. അതിന്റെ മഹാതനിമയും പ്രൗഢിയും വലുപ്പവും മറ്റ് ആകാര രൂപ- ഘടകാദികളുമെല്ലാം പരിഗണിച്ച് തന്നെ പറയട്ടെ, ഈ മഹാ പ്രപഞ്ചത്തിൽ ഒരു ധൂളിയുടെ സ്ഥനം പോലും ഇല്ലാത്ത ഒരു നിസ്സാര നക്ഷത്രം മാത്രമത്രേ നമ്മുടെ സൂര്യൻ. അങ്ങനെയെങ്കിൽ ആകാശത്തേക്കു നോക്കുമ്പോള്‍ തിളങ്ങിക്കാണുന്ന എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ!! https://youtu.be/hJj5s9NClDQ https://youtu.be/4uASULu_p6Y
എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

41K
Like
Comment
Share