ജീവാശ്മം Augustus Morris ( 1 ) ഫോസിലായി തീരുകയെന്നുള്ളത് എളുപ്പമുള്ള കാര്യമല്ല . ദ്രവിച്ച് , ഒന്നും ബാക്കി വയ്ക്കാതെ മണ്ണടിഞ്ഞുപോവുകയെന്നതാണ് ഏതാണ്ടെല്ലാ ജീവജാലങ്ങളുടെയും – 99.9 % ലേറെ ജീവജാലങ്ങളുടെയും – വിധി . ജീവന്റെ നാളം അണയുന്നതോടെ നിങ്ങളുടെ ശരീരത്തിലെ ഓരോ തന്മാത്രയും അടർത്തിയെടുക്കപ്പെട്ട് മറ്റേതെങ്കിലും സംവിധാനത്തിന്റെ ഭാഗമായി മാറും . ഇനി ദ്രവിച്ചുതീരാത്ത 0.1 % ജീവജാലങ്ങളെയെടുത്താലും , അതും ഫോസിലായി തീരാനുള്ള സാധ്യത നന്നേ കുറവാണ് . ( 2 ) മരിച്ചുകഴിഞ്ഞ് നിങ്ങളൊരു ഫോസിലായി മാറണമെങ്കിൽ പല കാര്യങ്ങൾ ഒത്തുവരണം . ഒന്നാമതായി മരിച്ചുവീഴുന്നത് അതിനു പറ്റിയ സ്ഥലത്തായിരിക്കണം . ഭൂമിയിലെ പാറകളിൽ 15 % നു മാത്രമേ ഫോസിലുകൾ സംരക്ഷിക്കാനുള്ള കഴിവുള്ളൂ . ഭാവിയിൽ കരിങ്കൽ ശിലയായി മാറാൻപോകുന്ന സ്ഥലത്ത് വീണുകിടന്നിട്ട് കാര്യമില്ല എന്നർത്ഥം . ( 3 ) ഫോസിലായി മാറണമെങ്കിൽ മൃതദേഹം വീഴുന്നത് ’’ അവസാദ ’’ മെന്ന് വിളിക്കുന്ന ഊറൽ മണ്ണിലായിരിയ്ക്കണം . ചളിയിൽ വീണ ഇലയെപ്പോലെ മൃതദേഹത്തിന് മണ്ണിൽ അടയാളം വീഴ്ത്താൻ കഴിയണം . എന്നിട്ട് ഓക്സിജനുമായി സമ്പർക്കത്തിലേർപ്പെടാതെ ദ്രവിയ്ക്കണം . എല്ലിലെയും , കാഠിന്യമുള്ള മറ്റു ശരീരഭാഗങ്ങളിലെയും ( അപൂർവ്വമായി മൃദു ഭാഗങ്ങളിലെയും ) തന്മാത്രകളുടെ സ്ഥാനത്ത് പുറമെ നിന്നുള്ള ധാതുക്കൾ കയറിപ്പറ്റണം . അങ്ങനെ മൃതദേഹത്തിന്റെ പാറ പോലുറച്ച പകർപ്പ് രൂപപ്പെടണം . ഈ ഊറൽ മണ്ണ് , ഭൗമപ്രക്രിയകൾക്കിടെ സമ്മർദ്ദങ്ങൾക്കും പലവിധ മാറിമറിയലുകൾക്കും വിധേയമാകുമ്പോഴും , ഉള്ളിലുള്ള ഫോസിലിന് ഏറെക്കുറെ തിരിച്ചറിയാൻ പറ്റുന്ന രൂപം നിലനിർത്താനാകണം . എല്ലാറ്റിനുമുപരി , കോടിക്കണക്കിനു വർഷം ഇങ്ങനെ മറഞ്ഞുകിടന്ന ഫോസിലിനെ ആരെങ്കിലും കണ്ടെത്തുകയും , സൂക്ഷിച്ച് വയ്‌ക്കേണ്ട ഒന്നാണെന്ന് മനസ്സിലാക്കുകയും വേണം … ( 4 ) നൂറുകോടി അസ്ഥികൾ മണ്ണിൽ വീഴുമ്പോൾ , അതിൽ ഒന്ന് എന്ന തോതിലാണ് ഫോസിലുകൾ രൂപപ്പെടുന്നത് എന്നാണ് കണക്ക് . അതായത് 206 എല്ലുകൾ വീതമുള്ള 27 കോടി അമേരിക്കക്കാരെ എടുത്താൽ , അതിൽ കഷ്ടിച്ച് ’’ 50 ’’ എല്ലുകളേ ഫോസിലായി തീരുകയുള്ളൂ . ഒരസ്ഥികൂടത്തിന്റെ കാൽഭാഗമേ ( 50 / 206 ) വരൂ അത് . ഇതങ്ങനെ ഫോസിലായി മാറിയാൽത്തന്നെ ഭാവിയിലാരെങ്കിലും കണ്ടെത്തുമെന്ന കാര്യത്തിലും ഒരുറപ്പുമില്ല . 9.3 മില്യണിലേറെ ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അമേരിക്കയിലെവിടെയെങ്കിലുമായി ചിതറിക്കിടക്കുകയായിരിക്കും ആ 50 എല്ലിൻകഷണങ്ങൾ . അതുകിടക്കുന്ന ഭാഗം ആരെങ്കിലും ഉഴുതു മറിക്കാനുള്ള സാധ്യത കുറവാണ് . കുഴിച്ചെടുത്താൽ തന്നെ അത് പരിശോധിച്ച് തിരിച്ചറിയാനുള്ള സാധ്യത അതിലും കുറവാണ് . കണ്ടെത്തി പരിശോധിച്ച് തിരിച്ചറിഞ്ഞാൽ അതൊരത്ഭുതമാണെന്നർത്ഥം …. ( 5 ) അത്യപൂർവ്വമാണ് ഫോസിലുകൾ . ഭൂമിയിൽ ജീവിച്ചിരുന്നവരിൽ ബഹുഭൂരിപക്ഷവും യാതൊരു തെളിവുമവശേഷിപ്പിക്കാതെയാണ് പോയ്മറഞ്ഞത് . പതിനായിരം ജീവജാതികളിൽ ഒന്നെന്ന ( 1 / 10,000 ) തോതിലേ ഫോസിൽ തെളിവുകൾ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നാണ് കണക്ക് . അതിനിസ്സാരമാണീ അനുപാതം . ഭൂമിയിൽ ഇത്രകാലം കൊണ്ട് ’’ 30 ബില്യൺ കോടി ’’ ( ബില്യൺ = നൂറുകോടി ) സ്പീഷീസുകൾ ഉണ്ടായിട്ടുണ്ട് എന്ന കണക്ക് സ്വീകരിക്കുകയാണെങ്കിലോ ? .. ’’ സിക്സ്ത് എസ്റ്റിങ്ഷൻ ’’ എന്ന പുസ്തകത്തിൽ റിച്ചാർഡ് ലീക്കിയും , റോജർ ലെവിനും പറയുന്നതനുസരിച്ച് 2,50,000 സ്പീഷീസുകൾ മാത്രമാണ് ഫോസിൽ രേഖകളിലുള്ളത് . 1,20,000 ജീവജാതികളിൽ ഒന്നിന് എന്ന തോതിലേ ഫോസിൽ തെളിവുകളുള്ളൂ എന്നാണ് അതിനർത്ഥം . എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം . ഭൂമുഖത്ത് ജീവിച്ചു മണ്ണടിഞ്ഞവരിൽ നന്നേ ചെറിയൊരംശമേ ഇവിടെ എന്തെങ്കിലും അടയാളം ശേഷിപ്പിച്ചിട്ടുള്ളൂ … ( 6 ) ഈ രേഖ തന്നെ പക്ഷപാതപരമാണ് . കരയിലെ ജീവികളിലധികവും മരിച്ചു വീഴുന്നത് ഊറൽ മണ്ണിലല്ല . തുറസ്സായ സ്ഥലങ്ങളിൽ വീഴുന്ന അവരെ ഒന്നുകിൽ മറ്റു ജീവികൾ അകത്താക്കും ; അല്ലെങ്കിൽ അവ മണ്ണിൽ അലിഞ്ഞു തീരും . രണ്ടായാലും അടയാളമൊന്നും ശേഷിക്കില്ല . എന്നാൽ സമുദ്രജീവികളുടെ സ്ഥിതി അതല്ല . ഫോസിൽ തെളിവുകൾക്ക് അവരോടാണ് ചായ്‌വ് . നമ്മുടെ കൈവശമുള്ള ഫോസിൽ തെളിവുകളിൽ ഭൂരിപക്ഷവും സമുദ്രജീവികളുടേതാണ് . അതും ,അധികം ആഴമില്ലാത്ത ഇടത്ത് കഴിയുന്ന സമുദ്രജീവികളുടേത് ….. [ പ്രപഞ്ച മഹാകഥ - ബിൽ ബ്രൈസൺ A SHORT HISTORY OF NEARLY EVERYTHING -- BILL BRYSON ] …………………………..
ഫോസിലുകളെ കുറിച്ച് നിങ്ങളറിയാത്ത, അത്ഭുതപ്പെടുത്തുന്ന അറിവുകൾ

33K
Like
Comment
Share