മുന്നൂറിലേറെ വർഷങ്ങൾ പിന്നിൽ ജീവിക്കുന്ന ജനവിഭാഗം, അജ്ഞത കൊണ്ടല്ല, മനപ്പൂർവം !

അമേരിക്കയിലെ ‘ആമിഷ്‌ ‘ അറിവ് തേടുന്ന പാവം പ്രവാസി അമേരിക്കയിലെ അദ്‌ഭുതമാണ്‌ ‘ആമിഷ്‌ ’ എന്നറിയപ്പെടുന്ന ജനവിഭാഗം. അമേരിക്ക എന്നു കേൾക്കുമ്പോൾ മനസ്സിൽ ആദ്യമായി ഓടിയെത്തുന്നത്‌ ആകാശത്തെ തൊട്ടുനിൽക്കുന്ന വമ്പൻ കെട്ടിടങ്ങളും , വേഗത്തിൽ പായുന്ന വില കൂടിയ കാറുകളും , ഗ്ളാമർവേഷമണിഞ്ഞ സുന്ദരികളും സുന്ദരന്മാരുമൊക്കെയാണല്ലോ . എന്നാൽ ഇവയിൽനിന്നൊക്കെ വ്യത്യസ്മമായൊരു അമേരിക്കൻ ജീവിതത്തെ തൊട്ടറിയാൻ പെൻസിൽവാനിയയിലെയും ഇൻഡ്യാനയിലെയും ചില ചെറു ഗ്രാമങ്ങളിലേക്ക്‌ പോകണം. അവിടെയാണ്‌ ‘ആമിഷ്‌’ ജനത വസിക്കുന്നത്‌. കുതിരവണ്ടികളിൽമാത്രം യാത്ര ചെയ്ത്‌ വൈദ്യുതി ഉപയോഗിക്കാതെ മുന്നൂറിലേറെ വർഷം പഴക്കമുള്ള ജീവിതക്രമങ്ങൾ ഇന്നും അനുവർത്തിക്കുന്ന ഒരു കൂട്ടം മനുഷ്യർ ആദിവാസികളാണെന്നോ, വിദ്യാഭ്യാസമില്ലാത്തവരാണെന്നോ തെറ്റിദ്ധരിക്കേണ്ട, സുഖ ലോലുപതയുടെ കളിത്തൊട്ടിലായ അമേരിക്കയിൽ, മുഖ്യധാരയിൽ നിന്ന്‌ അകന്നുമാറി, ലൗകിക സുഖങ്ങളെ തിരസ്കരിച്ച്‌ ജീവിക്കുന്ന ഒരു സമൂഹമാണ്‌ ആമിഷുകൾ. സ്വന്തം ചിത്രങ്ങളെടുക്കുന്നതിനോട് അങ്ങേയറ്റം വിമുഖത കാട്ടാറുണ്ട്‌ ആമിഷുകൾ. https://youtu.be/lsZI58MO3kE ഷിക്കാഗോ നഗരത്തിൽനിന്ന്‌ 250 കിലോമീറ്റർ യാത്ര ചെയ്താൽ ആമിഷ്‌ ഗ്രാമങ്ങളുടെ വരവറിയിക്കുന്ന കറുത്ത കുതിരവണ്ടികൾ കാണാം.പഴയ വിശ്വാസങ്ങളെ മുറുകെ പ്പിടിക്കുന്ന ആമിഷ്‌ ജനതയ്ക്ക്‌ പുറം ലോകത്തോട്‌ അത്ര താത്‌പര്യമില്ല. ചെറുപ്പം മുതൽതന്നെ ഇംഗ്ളീഷും , പെൻസിൽവാനിയൻ ഡച്ചും (ജർമൻഭാഷയുടെ ഒരു വകഭേദം) സംസാരിക്കുന്നവരാണ്‌ ആമിഷുകൾ. അമേരിക്കയിലെ മറ്റു ജനങ്ങളെ ‘ഇംഗ്ളീഷ്‌’ എന്നാണ്‌ ആമിഷുകൾ വിളിക്കുക.അമേരിക്കയിലാണ്‌ ജീവിക്കുന്നതെങ്കിലും പുത്തൻ സാങ്കേതികവിദ്യകളോട്‌ ആമിഷുകൾക്ക്‌ തീരെ താത്‌പര്യമില്ല. ഇവ തങ്ങളെ മുഖ്യധാരയിലേക്ക്‌ അടുപ്പിക്കും എന്ന ഭയം കൊണ്ടാണിത്‌. വിദ്യുച്ഛക്തി ഉപയോഗിക്കാത്തതും ടെലിവിഷൻ, കമ്പ്യൂട്ടർ, ഫ്രിഡ്‌ജ്‌, ഇന്റർനെറ്റ്‌, മൊബൈൽ ഫോൺ എന്നിവയ്ക്ക്‌ അയിത്തം കല്പിച്ചതുമൊക്കെ ഇതേ കാരണം കൊണ്ടാണ്‌. അപൂർവമായി ഫോൺ ഉപയോഗിക്കുന്നവർ അത്‌ വീടിനു പുറത്താണ്‌ സൂക്ഷിക്കുക. വീടിനുപുറത്ത്‌ അയലിൽ വിരിച്ചിരിക്കുന്ന വസ്ത്രങ്ങൾ അമേരിക്കയിൽ ഒരസാധാരണ മായ കാഴ്ചയാണ്‌. ആമിഷുകൾ വാഷിങ്‌ മെഷീനും , ഡ്രയറും ഉപയോഗിക്കാറില്ല. കുടുംബ ബന്ധങ്ങൾക്ക്‌ വലിയ വില കല്പിക്കുന്ന ആമിഷുകൾ ഒരുമിച്ചിരുന്നേ ഭക്ഷണം കഴിക്കാറുള്ളൂ. തീൻമേശയിൽ പാത്രങ്ങൾ നിരത്തി ചിലപ്പോൾ ഗൃഹനാഥന്റെ വരവുകാത്തിരിക്കും.പുഴുങ്ങിയ ഉരുളക്കിഴങ്ങും, പൊരിച്ച മീനും ,സാലഡും ആണ്‌ പ്രധാന ഭക്ഷണം. ഒപ്പം സ്‌ട്രോബറി കേക്കും ലെമൺ പൈച്ചുമുണ്ട്‌. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, യാക്കോബ്‌ അമ്മാൻ എന്ന സ്വിസ്‌ പാതിരിയുടെ നേതൃത്വത്തിൽ ആനബാപ്റ്റിസ്‌ വിഭാഗത്തിൽ നിന്ന്‌ വേർപിരിഞ്ഞ ഒരു ക്രൈസ്തവ സമൂഹമാണ്‌ ആമിഷ്‌ എന്നറിയപ്പെടുന്നത്‌. അമ്മാനിൽ നിന്നാണ്‌ ആമിഷ്‌ എന്ന പേരിന്റെ ഉത്‌ഭവം. അമേരിക്കയിലേക്ക്‌ ഇവർ കുടിേയറിപ്പാർത്തത്‌ പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യത്തിലാണ്‌. ഇപ്പോൾ രണ്ടരലക്ഷത്തോളം ആമിഷുകൾ അമേരിക്കയിലുണ്ട്‌. ഇൻഡ്യാന, ഒഹായോ, പെൻസിൽവാനിയ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഇവർ മുഖ്യമായും താമസിക്കുന്നത്‌. പൊതുവെ ശാന്തശീലരാണ്‌ ആമിഷുകൾ. പുരുഷന്മാർ വിവാഹിതരാവുന്നതോടെ താടി നീട്ടി വളർത്തിത്തുടങ്ങും. പക്ഷെ, മീശ എന്നത്‌ മിലിട്ടറി, പോലീസ്‌ തുടങ്ങിയവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇവർ മീശയില്ലാതെ താടി മാത്രമാണ്‌ വളർത്താറ്‌. സ്ത്രീകൾ ഒറ്റ നിറത്തിലുള്ള നീളൻ വസ്ത്രങ്ങളാണ്‌ ധരിക്കാറ്‌. കണങ്കാൽ വരെ നീളുന്ന വസ്ത്രങ്ങൾക്ക്‌ നീളൻ കൈകളുമുണ്ടാകും. ഇവർ മുടി മുറിക്കാറില്ല. ചുരുട്ടികെട്ടിവെക്കുന്ന മുടിക്കുമേൽ ധരിക്കുന്ന തുണിക്കെട്ടിന്‌ ‘കാപ്പ’ എന്നാണ് പേര്. വിവാഹിതരാവുന്ന സ്ത്രീകൾ സ്വയം തയ്‌ച്ചെടുക്കുന്ന വേഷമാണ്‌ ധരിക്കാറ്. പിന്നീട്‌ ഇതേ വസ്ത്രം തന്നെ ഇവർ ഞായറാഴ്ചകളിലെ പ്രാർഥനകൾക്കും ഉപയോഗിക്കും. മരണ ശേഷമുള്ള അന്ത്യയാത്രയും ഈ വസ്ത്രത്തിൽ തന്നെ. കൃഷിയിലും അനുബന്ധ തൊഴിലുകളിലുമാണ്‌ ആമിഷുകളുടെ ശ്രദ്ധ. നിലമുഴാൻ ട്രാക്ടറിനു പകരം കുതിരയെയും കഴുതയെയുമാണ്‌ ഉപയോഗിക്കാറ്. കഠിനാധ്വാനം ചെയ്യുന്ന ആമിഷുകളുടെ കാർഷികോത്‌പന്നങ്ങൾ അമേരിക്കയിൽ പ്രസിദ്ധമാണ്‌. വെനീറും , പ്ലൈവുഡും ഉപയോഗിക്കാതെ ഈടുറപ്പോടെ നിർമിക്കുന്ന ആമിഷ്‌ ഫർണിച്ചറിനും അമേരിക്കയിൽ ആവശ്യക്കാർ അനവധി. ആമിഷ്‌ കുട്ടികൾ പഠനം നടത്തുന്നത്‌ വീട്ടിൽത്തന്നെയുള്ള ‘സെൽഫ്‌ സ്റ്റഡി’ സമ്പ്രദായത്തിൽ. അല്ലെങ്കിൽ ആമിഷ്‌ സമൂഹം നടത്തുന്ന ഏകാധ്യാപക വിദ്യാലയത്തിൽ. അടിസ്ഥാന വിദ്യാഭ്യാസം കുട്ടികളെ ആമിഷ്‌ ജീവിതത്തിന്‌ സജ്ജരാക്കും എന്നാണിവരുടെ അഭിപ്രായം. എട്ടാം ക്ളാസ്സിനുശേഷം ആൺകുട്ടികൾ എന്തെങ്കിലും തൊഴിൽ അഭ്യസിക്കും. പെൺ കുഞ്ഞുങ്ങളാവട്ടെ കുടുംബത്തിന്റെ പരിപാലനത്തിലേക്ക്‌ ശ്രദ്ധതിരിക്കും. ആമിഷ്‌ ജീവിതരീതിയിലെ ഒരു പ്രത്യേകത യാണ്‌ ‘റംസ്‌പ്രിങ്ങ’ എന്നു വിളിക്കുന്ന കാല ഘട്ടം. (ഓടി നടക്കൽ എന്ന് മലയാളം). പ്രായ പൂർത്തിയെത്താത്ത കുട്ടികൾക്ക് പുറം ലോകവുമായി സംസർഗത്തിനുള്ള അവസരമാണീ കാലം. അച്ഛനമ്മമാരുടെ കടുത്ത ശിക്ഷണത്തിൽനിന്നുള്ള ഈ ഇളവുകാലം ആമിഷ് ജിവിതം തുടരണോ എന്ന തീരുമാനം എടുക്കുന്നതിനുള്ള സമയമാണ്. ആമിഷായി ജീവിക്കാൻ ആഗ്രഹിക്കുന്നവർ പ്രായപൂർത്തി എത്തിയശേഷം മാമോദീസ ചെയ്യപ്പെടും. ഇങ്ങനെ വൈകിയുള്ള മാമോദീസയും ആമിഷുകളുടെ പ്രത്യേകതയാണ്. ആമിഷായി ജീവിക്കാൻ വൈമുഖ്യം കാണിക്കുന്നവർ സമൂഹത്തിനു പുറത്താകും. വളരെക്കുറച്ച് കുട്ടികൾ മാത്രമാണ് ആമിഷ് ജീവിതരീതിയിൽ നിന്ന് പുറത്തു പോവുന്നത് എന്നതും ശ്രദ്ധേയമാണ്. കാറുവാങ്ങുക, മദ്യപിക്കുക തുടങ്ങിയ ‘കുറ്റങ്ങൾ’ ചെയ്യുന്നവർക്ക് ആമിഷ് സമൂഹത്തിൽ ശിക്ഷാവിധികളുണ്ട്. ഇവരെ സമൂഹത്തിൽ നിന്നുതന്നെ ഭ്രഷ്ട് കല്പിക്കാറാണ് പതിവ്. അമേരിക്കയിലെ മുഖ്യധാരയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനാഗ്രഹിക്കുന്ന ആമിഷുകൾ കുടുംബ ബന്ധങ്ങളിലും അവരുടെ വിശ്വാസങ്ങളിലുമാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. മിതത്വമാണ് ആമിഷ് ജീവിത രീതിയുടെ മുഖമുദ്ര. ഇത് അവരുടെ ഭക്ഷണരീതിയിലും , വസ്ത്ര ധാരണത്തിലു മൊക്കെ പ്രതിഫലിക്കുന്നുമുണ്ട്. കുതിരവണ്ടികൾമാത്രം ഉപയോഗിക്കുന്ന ഇവരുടെ സമൂഹത്തിന്റെ വ്യാപ്തി വളരെ കുറവാണ്. പരമാവധി 15 മൈൽ ദൂരം മാത്രമേ കുതിരവണ്ടിയിൽ പോയിവരാൻ കഴിയൂ. ആ ചെറിയ വൃത്തത്തിനുള്ളിൽ ഈടുറപ്പുള്ള ബന്ധങ്ങളുണ്ട് ഇവർക്ക് . അതിനാൽ ഇവർക്ക് കാറുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. കൂടുതൽ സമയം കുടുംബത്തിനും കുട്ടികൾക്കുമൊപ്പം ചെലവഴിക്കാൻ ശ്രമിക്കുന്നു. കാറുകൾ കടന്നു വന്നാൽ ആവൃത്തങ്ങൾ വലുതാവും, അതിനൊപ്പം ബന്ധങ്ങളുടെ ഇഴയടുപ്പം കുറയും എന്ന് അവർ വിശ്വസിക്കുന്നു.ആമിഷ് ജനതയിൽത്തന്നെ പല ഉപ വിഭാഗങ്ങളുണ്ട്.കുടിയേറ്റകാലത്ത് ജർമനിയുടെയും , സ്വിറ്റ്‌സർലൻഡിന്റെയും പല ഭാഗങ്ങളിൽ നിന്നുവന്നവർ. ഇന്നും ചില പ്രത്യേക വ്യത്യാസങ്ങൾ കാത്തു സൂക്ഷിക്കുന്നതിനാലാണിത്. ഉപ വിഭാഗങ്ങളുടെ ഈ വ്യത്യാസങ്ങൾ അവരുടെ വസ്ത്രധാരണത്തിലും ആചാരങ്ങളിലും എന്തിന് കുതിരവണ്ടികളുടെ നിറ വ്യത്യാസത്തിൽ നിന്നുപോലും മനസ്സിലാക്കാം. പരുന്തിനു മീതെ പറക്കുന്നത് പണം മാത്രമാണെന്ന് വിശ്വസിക്കുന്ന അമേരിക്കൻ ജീവിതത്തിരക്കുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ആമിഷ് ഗ്രാമങ്ങളിലെ ജീവിതം അമേരിക്കയിലുള്ള അമിഷുകൾ സംസാരിക്കുന്നത് പെൻസിൽവാനിയ ജർമ്മൻ അല്ലെങ്കിൽ പെൻസിൽവാനിയ ഡച്ച് ഭാഷ ആണ്. ഉൽഭവം ജർമനിയിൽ ആണെങ്കിലും ഇതിന് ജർമ്മൻ ഭാഷയിൽ നിന്നും വളരെ വ്യത്യാസമുണ്ട്. ‍‍‍‍ അമിഷുകളുടെ വളരെ കർക്കശമായ, ജീവിതത്തെ തന്നെ നിയന്ത്രിക്കുന്ന നിയമാവലിയുടെ പേരാണ് ഓർഡനങ് (ordnung). ബൈബിളാണ് അവരുടെ മതപരമായ ചട്ടക്കൂട് എങ്കിലും ഓർഡനങ് ആണ് അവരുടെ എഴുതപ്പെടാത്ത നിയമാവലി. ‍‍‍‍ഇതൊരു സ്ഥാപിതമായ നിയമാവലി അല്ലാത്തതിനാൽ ഓരോ പ്രദേശത്തും ഇത് വ്യത്യസ്തമായിരിക്കും. പ്രദേശത്തെ സമൂഹത്തിനനുസരിച്ച് ഇത് കർക്കശമാ വുകയോ ഉദാരമാവുകയോ ചെയ്യും. എന്തായാലും അടക്കവും ഒതുക്കവും വിനയവും സഹിഷ്ണുതയുമാണ് ഈ നിയമാവലിയുടെ പ്രത്യേകത സമാധാനപൂർണ്ണമായ ജീവിതമാണ് അമിഷുകളുടെ ജീവിതത്തിന്റെ പ്രധാനമായ മൂല്യം. അതിനു വേണ്ടി, സമൂഹത്തിൽ സമാധാനം ഉണ്ടാവാൻ വേണ്ടി അവർ ഏതറ്റം വരെ പോകാനും തയ്യാറാണ്. മതപരമായ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടി നിർബന്ധിത സൈനികസേവനത്തിൽ നിന്ന് വരെ ഇവർ ഒഴിഞ്ഞു മാറും.അവരുടെ മത വിശാസങ്ങൾക്കെതിരായി ആരെങ്കിലും തെറ്റു ചെയ്‌താൽ ശിക്ഷിക്കുന്ന രീതിയാണ് “Meidung” എന്ന പേരിൽ അവർ വിശേഷിപ്പിക്കുന്ന ഭ്രഷ്ട് കൽപ്പിക്കൽ. ‍‍‍‍ ‍‍ ഇത് ചെയ്ത തെറ്റിന്റെ കാഠിന്യമനുസരിച്ച് താൽക്കാലികമോ , ശാശ്വതമായതോ ആകാം. മിക്ക സന്ദർഭങ്ങളിലും അവർ ചെയ്‌ത തെറ്റിനെക്കുറിച്ച് പശ്ചാത്തപിച്ച് മാപ്പു പറഞ്ഞാൽ അവർക്ക് തിരികെ സമൂഹത്തോട് ചേരാനുള്ള വ്യവസ്ഥിതിയുമുണ്ട്. ‍‍‍‍ ‍‍അമിഷ് സമൂഹത്തിലുള്ള ആരും ഒരിക്കലും ഫോട്ടോകൾക്ക് വേണ്ടി പോസ് ചെയ്യാറില്ല. എന്നാൽ അവർ അവരുടെ ജോലിയിൽ മുഴുകിയിരിക്കുമ്പോൾ അവർ അറിയാതെ ഫോട്ടോ എടുക്കുന്നതിനെ അവർ എതിർക്കാറുമില്ല. അവരുടെ വിശ്വാസമനുസരിച്ച് മുഖത്തിന്റെ ഫോട്ടോ എടുക്കുന്നതും അതിന് പോസ് ചെയ്യുന്നതും പത്തു കല്പനകളുടെ ലംഘനമാണ്. ‍‍‍‍ 💢 വാൽ കഷ്ണം 💢 അനാബാപ്റ്റിസം ( Anabaptist ) : പ്രായപൂർത്തി ആയതിനു ശേഷം, യേശുവിലുള്ള വിശ്വാസം സ്വയം ഏറ്റു പറഞ്ഞ്, മാമ്മോദീസ സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്നവർക്ക് മാത്രം സ്വീകരിക്കുന്നതാണ് യഥാർത്ഥ മാമ്മോദീസാ എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികളുടെ കൂട്ടായ്മയാണ് അനാബാപ്റ്റിസം. കുട്ടികളായിരിക്കുമ്പോൾ മാമ്മോദീസാ സ്വീകരിക്കുന്നവർ പൂർണ്ണ അറിവോടെയും സമ്മതത്തോടെയുമല്ല മാമ്മോദീസാ സ്വീകരിക്കുന്നതെന്നും അതിനാൽ അതിനെ അംഗീകരിക്കാനാവില്ല എന്നുമാണ് ഇവർ വിശ്വസിക്കുന്നത്. ‍‍‍‍കുട്ടികൾക്ക് തിരിച്ചറിവോടെ മാമ്മോദീസാ സ്വീകരിക്കാൻ കഴിവില്ലാത്തതു കൊണ്ടും, അതെന്താണെന്ന് മനസ്സിലാക്കുവാൻ കഴിയാത്തത് കൊണ്ടും “വിശ്വസിക്കുന്നവരുടെ മാമ്മോദീസാ” എന്നറിയപ്പെടുന്ന ഇവരുടെ മാമ്മോദീസാ സ്വീകരിക്കാൻ പ്രായപൂർത്തി ആവുന്നത് വരെ കാത്തിരിക്കേണ്ടി വരും. ‍‍‍‍ സാധാരണ ഗതിയിൽ 18-നും 23-നും ഇടയിലുള്ള പ്രായത്തിലാണ് അമിഷുകൾ മാമ്മോദീസാ സ്വീകരിക്കുന്നത്. ‍‍‍‍ ‍‍ മാമ്മോദീസാ സ്വീകരിക്കുന്നവർ വിനയഭാവം കാണിക്കാൻ, അവരെത്തന്നെ സഭയ്ക്ക് വേണ്ടി സമർപ്പിക്കുന്നതിനെ സൂചിപ്പിക്കാൻ ഒരു കൈ മുഖത്തിന് മേൽ വച്ച് ഇരിക്കും. ഈ സമയത്ത് അവരോട് മൂന്ന് ചോദ്യങ്ങൾ ചോദിക്കും ‍‍‍‍ ‍‍ ⚡ 1. സാത്താനെ തള്ളിപ്പറയുന്നുവോ? ⚡2. ക്രിസ്തുവിനും സഭയ്ക്കും സ്വയം സമർപ്പിക്കുന്നുവോ? ⚡ 3. അച്ചടക്കത്തോടെയും അനുസരണയോടെയും സഭാനിയമങ്ങൾ അനുസരിച്ച് ജീവിക്കുമോ? ‍‍‍‍ ‍‍

10K Like Comment Share