വിമാനങ്ങളുടെ പാസഞ്ചർ കാബിൻ ഹാളിൽ നമുക്ക് ശ്വസിക്കാൻ കിട്ടുന്നവായു എവിടെ നിന്നാണ് വരുന്നത് ? എന്താണ് ബ്ലീഡ് എയർ ?

വിമാനങ്ങളുടെ പാസഞ്ചർ കാബിൻ ഹാളിൽ നമുക്ക് ശ്വസിക്കാൻ കിട്ടുന്നവായു എവിടെ നിന്നാണ് വരുന്നത് ? എന്താണ് ബ്ലീഡ് എയർ ? അറിവ് തേടുന്ന പാവം പ്രവാസി ഇക്കാലത്തെ മിക്കവാറും എല്ലാ വിമാനങ്ങൾക്കുമുള്ളിലേക്ക് വായു സപ്ലൈ ചെയ്യുന്നത് വിമാനത്തിന്റെ എൻജിനുകൾ തന്നെയാണ്. ബ്ലീഡ് എയർ (Bleed Air)എന്നാണ് എൻജിൻ സമ്പാദിച്ചുതരുന്ന ഈ വായുവിനെ വിളിക്കുക. ബ്ലീഡ് എയർ ഉപയോഗിക്കാത്ത വിമാനങ്ങളുമുണ്ട് .ടർബോജെറ്റ് എൻജിനുകൾ അന്തരീക്ഷവായു വലിച്ചെടുത്ത് ഉന്നതമർദ്ദത്തിലും , ചൂടിലും ഇന്ധനവുമായി ചേർത്ത് കത്തിച്ച് വൻ വേഗത്തിൽ പിന്നിലേക്ക് തള്ളുന്ന ജെറ്റ് എന്ന എക്‌സോസ്റ്റ് വായുപ്രവാഹമാണ് വിമാനത്തെ ഉന്നതവേഗത്തിൽ മുന്നോട്ട് പായിക്കുന്നത് . ഇങ്ങിനെ കത്തിക്കാൻ എൻജിനുകൾ വലിച്ചെടുക്കുന്ന വായുവിനെക്കൊണ്ട് മറ്റ് ചില ഉപയോഗങ്ങളുമുണ്ട് വിമാനത്തിന്. എൻജിൻ കമ്പ്രസറിനുള്ളിൽ നല്ല മർദ്ദത്തിലും ചൂടിലുമായ അന്തരീക്ഷവായുവിന്റെ ഒരംശം ഇന്ധനവുമായി ചേരുന്നതിനു തൊട്ടുമുമ്പ് പൈപ്പുകൾ വഴി പുറത്തേക്കെടുക്കും. വിമാനത്തിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ഹൈഡ്രോളിക് സംവിധാനം പ്രവർത്തിക്കുന്നതിനും, വിമാനത്തിനുള്ളിലെ ടാപ്പുകളിലൊക്കെ എത്താൻ വെള്ളം പമ്പുചെയ്യുന്നതിനും എട്ടും പത്തും കിലോ മീറ്റർ ഉയരത്തിൽ പറക്കുമ്പോൾ പുറത്തെ അതിശൈത്യത്തിൽ ചിറകുകളിലും മറ്റും ഉറയുന്ന മഞ്ഞ് ഉരുക്കാനും എല്ലാം ഊർജം കൊടുക്കുന്നത് ഈ ചൂടൻ അതിമർദ്ദ വായുവാണ്.വിമാനയാത്രക്കാർക്ക് ശ്വസിക്കാനുള്ള, ചൂടും , മർദ്ദവും പരുവപ്പെടുത്തിയ കണ്ടീഷൻഡ് എയർ ആകുന്നതും ഈ ബ്ലീഡ് എയറിന്റെ ഒരു പങ്കു തന്നെ. ബ്ലീഡ് എയറിന്റെ നല്ലൊരു പങ്ക് നേരത്തേ പറഞ്ഞ മറ്റാവശ്യങ്ങൾ ക്ക് വിട്ടുകൊടുത്ത് മിച്ചം വരുന്ന ഭാഗം നേരെ പോകുന്നത് പായ്ക്ക് എന്ന വ്യോമയാനഭാഷയിൽ വിളിക്കുന്ന (ന്യൂമാറ്റിക് എയർകണ്ടീഷനിങ് കിറ്റ് എന്നതിന്റെ ചുരുക്കപ്പേരാണ്) എയർകഷണ്ടീഷനിങ് യൂണിറ്റിലേക്കാണ്. ചൂട് കുറയ്ക്കുകയും പിന്നെ തണുപ്പിക്കുകയും ജലാംശം നീക്കുകയും അങ്ങിനെ കുറേ സങ്കീർണമായ പണികളൊക്കെ അവിടെ നടക്കുന്നുണ്ട്. അവിടെ നമുക്ക് താല്പര്യമുള്ള ഒരു കാര്യമേയുള്ളു- ഈ വായു വിധേയമായ ഉന്നതർദ്ദവും ചൂടും. പുറത്തുനിന്നെടുത്ത ഈ അന്തരീക്ഷ വായുവിലുള്ള അണുക്കൾക്കൊന്നിനും ഈ മർദ്ദവും ചൂടും അതിജീവിക്കാനാവില്ല. പിന്നെയുള്ളത് അഴുക്കും പൊടിയുമാണ്. അതിനാണ് എച്ച്ഇപിഎ അഥവാ ഹൈ എഫിഷ്യൻസി പാർട്ടിക്കുലേറ്റ് എയർ അരിപ്പകൾ. നമ്മൾ സാധാരണജീവിതത്തിൽ കാണുന്ന എയർകണ്ടീഷണറുകളിലൊന്നും ഇത്രയും കർക്കശരായ അരിപ്പകൾ സ്ഥാപിക്കാറില്ല-ആശുപത്രികളിലെ ഐസിയുകളിലും മറ്റ് അണുനിയന്ത്രിത മേഖലകളിലും ഒഴികെ. 0.3 മൈക്രോണിനു മീതേ വലിപ്പമുള്ള എല്ലാറ്റിനെയും തടഞ്ഞു നിർത്തുന്ന ഈ ഫിൽറ്ററുകൾ. 99.97 ശതമാനം അണുവിമുക്തിയാണ് വാഗ്ദാനം ചെയ്യുന്നത്.അങ്ങിനെ തണുപ്പിച്ച് (ഏകദേശം 19 ഡിഗ്രി ചൂട്) അഴുക്കും , പൊടിയും അണുക്കളുമെല്ലാം കളഞ്ഞ കണ്ടീഷൻഡ് എയർ പിന്നെ പോകുന്നതെവിടേക്കാണ് എന്നു നോക്കുക- നേരത്തേ പറഞ്ഞ മാതിരിയുള്ള രണ്ടു പായ്ക്ക് യൂണിറ്റുകളാണ് ഒരു വിമാനത്തിനുണ്ടാവുക. ഇടതുവശത്തെ എൻജിനിൽ നിന്ന് (എൻജിനുകളിൽ നിന്ന്) വരുന്ന ബ്ലീഡ് എയറിനെ കണ്ടീഷൻ ചെയ്യാൻ വിമാനത്തിന്റെ അടിഭാഗത്ത് ഇടതുവശത്തുള്ള പായ്ക്കും , വലത്തുനിന്നുള്ള ബ്ലീഡ് എയറിനായി വലത്തൊരു പായ്ക്കും. ഇടത്തെ പായ്ക്ക്, കണ്ടീഷൻ ചെയ്ത് അരിച്ചെടുത്ത ശുദ്ധ വായുവിൽ ഒരു ഭാഗം നേരെ ഫ്ലെറ്റ് ഡക്കിലേക്ക് അഥവാ കോക്പിറ്റിലേക്ക് പോകും. മിച്ചമുള്ളത് പോകുന്നത് രണ്ടു പായ്ക്കിനുമിടയിലുള്ള മിക്‌സ് മാനിഫോൾഡ് എന്ന മിശ്രണ യൂണിറ്റിലേക്കാണ്. അവിടെ വലത്തേ എൻജിനിൽ നിന്ന് വലത്തെ പായ്ക്കിലെത്തിച്ച് കണ്ടീഷനാക്കി കൊണ്ടുവന്ന വായുവുമുണ്ടാകും. കൂടാതെ മറ്റൊരാളും-പാസഞ്ചർ കാബിനിൽ വട്ടം ചുറ്റിയശേഷം പുറന്തള്ളിയ വായുവിൽ നിന്ന് ഒരു ഭാഗം.കാബിനിലെ വായുവിലെ പാതിയോളം വരുന്ന ഈ റീസൈക്കിൾഡ് വായു വീണ്ടും അരിച്ചെടുത്ത് മിക്‌സ് മാനിഫോൾഡിൽ എത്തിക്കുകയാണ് ചെയ്യുക.ഇടത്തേ എൻജിനിൽ (എൻജിനുകളിൽ) നിന്നെത്തി, പൈലറ്റുമാർക്ക് ശ്വസിക്കാൻ കൊണ്ടു പോയതിന്റെ മിച്ചമുള്ള കണ്ടീഷൻഡ്, അരിച്ചെടുത്ത വായു, വലത്തേ എൻജിനിൽ (എൻജിനുകളിൽ) നിന്നെടുത്ത കണ്ടീഷൻഡ് ഫിൽറ്റേഡ് വായു, പാസഞ്ചർ കാബിനിൽ നിന്ന് പുറന്തള്ളിയ വായുവിന്റെ പാതിയോളം (ഇതും അരിച്ചെടുത്ത് ശുദ്ധീകരിച്ചതു തന്നെ) ഇത്രയും കൂട്ടിക്കലർത്തുന്ന മിക്‌സ് മാനിഫോൾഡ് നമ്മൾ യാത്രക്കാർക്ക് ശ്വസിക്കാനായി പാസഞ്ചർ കാബിനിലേക്ക് അയയ്ക്കുന്നു- ഏകദേശം 19 ഡിഗ്രി ചൂടിൽ കാബിനിലേക്ക് ആനയിക്കപ്പെടുന്ന ഈ വായുവിൽ നല്ല ചൂടുള്ള ട്രിം എയർ (ഇതും ബ്ലീഡ് എയറിന്റെ ഒരു ഭാഗം തന്നെ) കൂട്ടിക്കലർത്തി ആവശ്യമുള്ള തണുപ്പിൽ എല്ലായിടത്തും എത്തിക്കുന്നത് കാബിനിന്റെ മുകളിൽ പിന്നിൽ നിന്ന് മുന്നറ്റം വരെ നീളുന്ന ഓവർഹെഡ് ഡിസ്റ്റ്രിബ്യൂഷൻ ഡക്ടുകളാണ്. ഈ പാത്തികളിൽ നി്ന്ന് ഓരോ നിര സീറ്റുകളിലേക്കും ഈ വായു പ്രത്യേകമായി തുറന്നുവിടുകയാണ് ചെയ്യുക. വിമാനത്തിന്റെ ഇരുവശത്തെ ഭിത്തികളിലുമുള്ള സൈഡ് വാൾ റെയിസേഴ്‌സ് എന്ന പൈപ്പുകളാണ് വായുവിനെ ഇവിടെ എത്തിക്കുന്നത്. ഓരോ നിര സീറ്റുകളിലുമുള്ളവർക്കും തണുക്കാനും ശ്വസിക്കാനും കൊടുത്തശേഷം ഏകദേശം 2-3 മിനിറ്റിനുള്ളിൽ വിമാനത്തിന്റെ തറനിരപ്പിൽ ഇരുവശത്തെ ഭിത്തികളിലുമുള്ള വിടവുകളിലൂുടെ ഈ വായുവിനെ താഴെ കാർഗോ ഹോൾഡിലേക്ക് വലിച്ചെടുക്കുന്നു. ഇങ്ങിനെ വലിച്ചെടുത്തതിൽ പാതിയോളം വിമാനം പുറത്ത് അന്തരീക്ഷത്തിലേക്ക് തള്ളും. ബാക്കി നേരെ വീണ്ടും അരിപ്പയിലേക്കും മിക്‌സ് മാനിഫോൾഡിലേക്കും എത്തും. എൻജിനുകളിൽ നിന്നെത്തുന്ന പുത്തൻ ബ്ലീഡ് എയറുമായി ഇടകലരാനും പാസഞ്ചർ കാബിനിലേക്ക് തിരിച്ചെത്താനും.വിമാനത്തിലെ ഒരു നിരയിൽ ഒരു യാത്രക്കാരനുണ്ട് എന്ന് കരുതുക. അയാൾ നിശ്വസിക്കുന്ന വൈറസ് കലർന്ന വായു ബാക്കിയുള്ളവർക്ക് കിട്ടുമോ എന്ന് ചിലർക്ക് എങ്കിലും സംശയം വരാം. ഓരോ നിര സീറ്റുകൾക്കും വെവ്വേറെ വായുനൽകുന്ന രീതിയുള്ളതുകൊണ്ട് മറ്റ് നിര യാത്രക്കാർക്കാർക്കും ഇത്തരത്തിലുള്ള വൈറസ് സംക്രമണ സാധ്യത ഇല്ല. അവിടെയാണ് നേരുത്തെ പറഞ്ഞ നമ്മുടെ എച്ച്ഇപിഎ ഫിൽറ്ററുകളുടെ കാര്യക്ഷമതയായ 0.3 മൈക്രോൺ അരിപ്പ . ഇതിന്റെ കണ്ണികളേക്കാൾ ചെറിയ സൂക്ഷ്മാണുക്കളേയും ഇത് തടഞ്ഞു നിർത്താറുണ്ട് എന്നതാണ് പ്രായോഗിക തലത്തിൽ കണ്ടു വരുന്നത്. കാരണം ഉപയോഗം കൂടുന്തോറും അഴുക്കടിഞ്ഞ് കണ്ണികൾ ചെറുതാകുന്നതും 99.97 സൂക്ഷ്മാണുവിമുക്തമാണ് ഈ ഫിൽറ്ററിൽ നിന്ന് പുറത്തെത്തുന്ന വായു. നമ്മൾ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. വിമാനത്തിന്റെ മുൻഭാഗത്തു നിന്നുള്ള വായുവാണ് ഇങ്ങിനെ റീസൈക്കിൾ ചെയ്യാനായി എടുക്കുക. ഈ റീസൈക്കിൾ പരിപാടി വേണ്ടെന്നു വയ്ക്കാം. പക്ഷേ കുറേ കാശു പോകും. നേരത്തേ പറഞ്ഞ ബ്ലീഡ് എയറിന്റെ കാര്യം ഓർക്കുക. പുറത്തു നിന്നെടുക്കുന്ന വായുവിന് എൻജിനുള്ളിൽ ഉന്നതമർദ്ദവും ചൂടും കിട്ടുന്നത് വെറുതെയല്ല. വിമാന ഇന്ധനം കത്തിച്ചുകിട്ടുന്ന ഊർജമാണ് ചെലവായിപ്പോകുന്നത്. പാസഞ്ചർ കാബിനിലേക്ക് ഓരോതവണയും പുർണമായും പുത്തൻ വായു തന്നെ കൊടുക്കുകയെന്നാൽ കൂടുതൽ ബ്ലീഡ് എയർ വലിക്കുക എന്നാണർഥം . കാശുതന്നെ പ്രശ്‌നം. ഉപയോഗിച്ച വായു വീണ്ടും ഉപയോഗിച്ചാൽ ഈർപ്പം അഥവാ ഹുമിഡിറ്റി കുറേയൊക്കെ ഉയർന്നതോതിൽ നിലനിർത്താനാകും എന്നൊരു തൊടുന്യായം പറയാറുണ്ട് വിമാന ക്കമ്പനികൾ. അതിൽ കഴമ്പേറെയൊന്നുമില്ല. ബോയിങ്ങിന്റെ ഏറ്റവു പുതിയ ശ്രേണിവിമാനങ്ങളിലൊന്നായ ബോയിങ് 787 എന്ന ഡ്രീംലൈനർ വിമാനത്തിൽ ബ്ലീഡ് എയർ എടുക്കുന്നതേയില്ല . അന്തരീക്ഷവായു നേരിട്ടെടുത്താണ് എയർകണ്ടീഷനിങ്ങ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്.എന്നാൽ പിന്നെ ആ വിമാനത്തിൽ റീസൈക്കിൾ പരിപാടി വേണ്ടെന്നു വച്ചുകൂടേ . അവിടെയും മറ്റൊരു തരത്തിൽ ഇന്ധനച്ചെലവ് കടന്നുവരുന്നുണ്ട് എന്നതാണ് കാര്യം. പുറത്തുനിന്നെടുക്കുന്ന വായുവിന് ഉന്നത മർദ്ദവും , ചൂടും നൽകാൻ അവിടെയും ഉപയോഗിക്കുന്നത് എൻജിന്റെ ശക്തി തന്നെയാണ്. ബ്ലീഡ് എയറിന്റെ കാര്യത്തിലെന്ന പോലെ, എയർ കണ്ടീഷൻചെയ്യാൻ ചൂടു വായുവിനെ തണുപ്പിക്കുന്ന അധികപ്പണിയും തുടർന്നുള്ള ഊർജ ദുരുപയോഗവും ഇല്ലെന്നേയുള്ളു. പൈലറ്റുമാർക്ക് നേരിട്ട് ഇടതു പായ്ക്കിൽ നിന്ന് കലർപ്പി്ല്ലാത്ത വായുവാണ് നൽകുന്നത് . ഇതിൽ പരാതിപ്പെട്ടിട്ടു കാര്യമില്ല. അവരുടെ സുരക്ഷയാണ്, ആരോഗ്യമാണ് വിമാനത്തിന്റെ സുരക്ഷ, നമ്മുടെയും.

14K Like Comment Share